നിറ്റാ ജലാറ്റിന്‍: കാതിക്കുടത്ത് ആത്മഹത്യാശ്രമം

neeta jalatin suicide attemptചാലക്കുടി: നിറ്റാ ജലാറ്റിന്റെ തകര്‍ന്ന മാലിന്യപൈപ്പ് കലക്ടറുടെ പിന്തുണയോടെ പൊലീസ് സംരക്ഷണത്തില്‍ നന്നാക്കാനുള്ള ശ്രമത്തിനെതിരെ കാതിക്കുടത്ത് പ്രതിഷേധം. പ്രതിഷേധത്തിനിടയില്‍ ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകന്‍ ആത്മഹത്യാശ്രമം നടത്തി. തുടര്‍ന്ന് പ്രദേശത്ത് മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷാവസ്ഥയുണ്ടായി. പൊലീസ് സംരക്ഷണത്തില്‍ പൈപ്പ് നന്നാക്കാനത്തെിയവര്‍ക്കും നിറ്റാ ജലാറ്റിന്‍ കമ്പനി ഉദ്യോഗസ്ഥര്‍ക്കും പ്രദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് വാഹനത്തില്‍നിന്ന് ഇറങ്ങാനായില്ല.

തകര്‍ന്ന മാലിന്യപൈപ്പ് നന്നാക്കാന്‍ കമ്പനിയെ അനുവദിക്കേണ്ടെന്ന് കാടുകുറ്റി ഗ്രാമപഞ്ചായത്ത് തീരുമാനിച്ചിരുന്നു. പഞ്ചായത്തിന്റെ അനുമതിയോടെ മാത്രമേ പണി നടത്താവൂവെന്ന് ഹൈകോടതി വിധിയുമുണ്ട്. ഇതുരണ്ടും അവഗണിച്ച് കലക്ടര്‍ പൊലീസ് സംരക്ഷണത്തോടെ പൈപ്പ് മാറ്റാന്‍ കമ്പനിക്ക് അനുമതി കൊടുത്തതാണ് പ്രശ്നമായത്.

കലക്ടറുടെ ഉത്തരവിനെ തുടര്‍ന്ന് രാവിലെ 11ഓടെ പൊട്ടിയ പൈപ്പ് നന്നാക്കാനുള്ളവര്‍ വന്‍ പൊലീസ് അകമ്പടിയില്‍ കാതിക്കുടത്തെ തീരദേശറോഡിലെ കാരിക്കാത്തോടിന് സമീപമത്തെിയപ്പോഴേക്കും ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകരും കാടുകുറ്റി പഞ്ചായത്ത് അംഗങ്ങളും പ്രദേശവാസികളും തടിച്ചുകൂടിയിരുന്നു. പൈപ്പ് മാറ്റാന്‍ അനുവദിക്കില്ലന്ന് മുദ്രാവാക്യം വിളിച്ച് ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകര്‍ തോടിനുള്ളില്‍ കരിങ്കൊടി കുത്തി. ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകന്‍ ജോജി തേലക്കാട് മരത്തില്‍ കയറി കഴുത്തില്‍ കയര്‍ കെട്ടി മറുതല മരത്തില്‍ ബന്ധിച്ച് ആത്മഹത്യാഭീഷണി ഉയര്‍ത്തി. പൈപ്പ് നന്നാക്കാന്‍ തോട്ടിലിറങ്ങിയാല്‍ താന്‍ ചാടുമെന്ന് അയാള്‍ വിളിച്ചു പറഞ്ഞു. പൈപ്പ് നന്നാക്കാനത്തെിയവരെ വാഹനത്തില്‍നിന്ന് ഇറങ്ങാന്‍ നാട്ടുകര്‍ അനുവദിച്ചില്ല.

ഇതേതുടര്‍ന്ന് പൊലീസ് പ്രതിഷേധക്കാരുമായി ചര്‍ച്ചയാരംഭിച്ചു. പൈപ്പ് പഞ്ചായത്തിന്റെ അനുമതിയില്ലാതെ നന്നാക്കുന്നത് ഹൈകോടതി വിധിയുടെ ലംഘനമാണെന്ന് പഞ്ചായത്ത് അധികൃതര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് അരമണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ കലക്ടറുടെ നേതൃത്വത്തില്‍ മോണിറ്ററിങ് കമ്മിറ്റി കൂടിയശേഷം മാത്രമേ പൈപ്പ് മാറ്റാനോ അറ്റകുറ്റപ്പണി നടത്താനോ നടപടിയുണ്ടാകൂവെന്ന് ഡിവൈ.എസ്.പി ഉറപ്പു നല്‍കി. അതോടെ പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment