തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പാപ്പാന്‍ ഷിബുവിന്റെ മരണത്തില്‍ ദേവസ്വത്തിലെയും പൊലീസിലെയും ചിലര്‍ക്ക് ബന്ധമെന്ന് അമ്മ

aanaതൃശൂര്‍: തെച്ചിക്കോട്ടുകാവ് ദേവസ്വത്തിന്റെ ആന രാമചന്ദ്രന്റെ പാപ്പാന്‍ ഷിബുവിന്റെ മരണത്തില്‍ തെച്ചിക്കോട്ടുകാവ് ദേവസ്വത്തിലെയും പേരാമംഗലം പൊലീസിലെയും ചിലര്‍ക്ക് ബന്ധമുണ്ടെന്ന് അമ്മ അമ്മിണി കൃഷ്ണന്‍ ആരോപിച്ചു.

ആനയുടെ ആഹാരത്തില്‍ ബ്ലേഡ് കഷണങ്ങള്‍ കണ്ടത്തെിയ കേസിന്റെ അന്വേഷണത്തിനിടെയാണ് ഷിബു മരിച്ചത്. യഥാര്‍ഥ മരണകാരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, പ്രതിപക്ഷനേതാവ് എന്നിവര്‍ക്ക് അവര്‍ പരാതി നല്‍കി. മകന്‍ ആത്മഹത്യ ചെയ്തതല്ലന്നും മകന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ചിലരുടെ സമ്മര്‍ദത്തിന് വഴങ്ങി പേരാമംഗലം എസ്.ഐ വര്‍ഗീസ് നല്‍കുന്നില്ലന്നും അവര്‍ പറഞ്ഞു.

രണ്ട് വര്‍ഷത്തെ കരാറില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പാപ്പാനാകുമ്പോള്‍ത്തന്നെ ഷിബുവിന് ഭീഷണിയുണ്ടായിരുന്നു. അപകടകാരിയായ ആനയുടെ പാപ്പാനാകാന്‍ അഞ്ച് ലക്ഷം രൂപ വേണമെന്ന വ്യവസ്ഥയിലാണ് കരാറൊപ്പിട്ടത്. കരാര്‍ കാലാവധി തീരുന്നതിന് തൊട്ടുമുമ്പ്, ആഗസ്റ്റ് 14നാണ് ആനയുടെ ആഹാരത്തില്‍ ബ്ലേഡ് കണ്ടത്. പിന്നാലെ ഷിബു മരിച്ചു. വിഷം കഴിച്ചാണ് മരണമെന്നാണ് പറയുന്നത്. മൃതദേഹം ദഹിപ്പിക്കണമെന്ന് പേരാമംഗലത്തുനിന്ന് എത്തിയ ചിലര്‍ നിര്‍ബന്ധിച്ചു. താന്‍ വഴങ്ങിയില്ല. കേസിന് പോകരുതെന്നും ഇക്കൂട്ടര്‍ ആവശ്യപ്പെട്ടു. അടിമാലിയില്‍ താമസിക്കുന്ന ഷിബുവിന്റെ ഭാര്യയെ ഇവര്‍ നേരില്‍ കണ്ട് കേസിന് പോകാതിരിക്കാന്‍ പണം വാഗ്ദാനം ചെയ്തു. ഭാര്യ പരാതി നല്‍കിയിട്ടില്ല.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് രണ്ടുതവണ പേരാമംഗലം സ്റ്റേഷനില്‍ ചെന്നു. തെച്ചിക്കോട്ടുകാവ് ദേവസ്വം ഭാരവാഹിയുമായി സംസാരിച്ച ശേഷമാണ് എസ്.ഐ റിപ്പോര്‍ട്ട് തരാന്‍ വിസമ്മതിച്ചത്. മേലാല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി അവര്‍ പറഞ്ഞു.

Print Friendly, PDF & Email

Related News

Leave a Comment