ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക: ശിവന്‍ മുഹമ്മ പ്രസിഡന്‍റ്; ജോര്‍ജ് കാക്കനാട്ട് സെക്രട്ടറി; ജോസ് കാടാപുറം ട്രഷറര്‍

ipcna committeeചിക്കാഗോ: മാധ്യമ സൗഹൃദത്തിന്‍റെ പൂമുഖ വാതിലായ ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പുതിയ പ്രസിഡന്‍റായി ശിവന്‍ മുഹമ്മ ചുമതലയേറ്റു. കൈരളി ടി. വിയുടെ പ്രതിധിനിധിയായ ശിവന്‍ ചിക്കാഗോ ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്.

ഹൂസ്റ്റണില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ആഴ്ചവട്ടം പത്രത്തിന്‍റെ മാനേജിംഗ് ഡയറക്ടറും എഡിറ്ററുമായ ജോര്‍ജ് കാക്കനാട്ടാണ് ജനറല്‍ സെക്രട്ടറി. കൈരളി ടി.വിയെ പ്രതിനിധീകരിക്കുന്ന ജോസ് കാടാപുറം ട്രഷററായിരിക്കും.

രാജു പളളത്ത് (ഏഷ്യാനെറ്റ്) വൈസ് പ്രസിഡന്‍റ്, പി.പി ചെറിയാന്‍ (ഫ്രീലാന്‍സര്‍, ഡാളസ്) ജോയിന്‍റ് സെക്രട്ടറി, സുനില്‍ തൈമറ്റം (കേരള കൗമുദി, ഫ്ളോറിഡ) ജോയിന്റ് ട്രഷറര്‍ എന്നിവരാണ് മറ്റ് ഭാരവാഹികള്‍. ജീമോന്‍ ജോര്‍ജ് (ഫിലഡല്‍ഫിയ), ജയിംസ് വര്‍ഗീസ് (കാലിഫോര്‍ണിയ) എന്നിവരാണ് ഓഡിറ്റര്‍മാര്‍. മധു കൊട്ടാരക്കരായാണ് പ്രസിഡന്‍റ് ഇലക്ട്.

national ipcnaofficialsസ്ഥാനമൊഴിയുന്ന പ്രസിഡന്‍റ് ടാജ് മാത്യുവാണ് ഇന്ത്യ പ്രസ് ക്ലബ്ബ് അഡ്വൈസറി ബോര്‍ഡിന്‍റെ പുതിയ ചെയര്‍മാന്‍. മുന്‍ ജനറല്‍ സെക്രട്ടറി വിന്‍സന്‍റ് ഇമ്മാനുവേല്‍ അഡ്വൈസറി ബോര്‍ഡ് വൈസ് ചെയര്‍മാനായിരിക്കും.

മുന്‍ ഭാരവാഹികളായ ജോര്‍ജ് ജോസഫ്, ജോസ് കണിയാലി, ടാജ് മാത്യു, വിന്‍സന്‍റ് ഇമ്മാനുവേല്‍, റെജി ജോര്‍ജ്, മാത്യു വര്‍ഗീസ്, മധു കൊട്ടാരക്കര എന്നിവരും നിലവിലുളള പ്രസിഡന്‍റ് ശിവന്‍ മുഹമ്മ, ജനറല്‍ സെക്രട്ടറി ജോര്‍ജ് കാക്കനാട്ട് എന്നിവരുമുള്‍പ്പെട്ടതാണ് അഡ്വൈസറി ബോര്‍ഡ്.

അമേരിക്കന്‍ മലയാളികള്‍ക്ക് അറിയാവുന്ന ഒരു മുഖമാണ് പുതിയ പ്രസിഡന്‍റ് ശിവന്‍ മുഹമ്മയുടേത്. പ്രവാസി ജീവിതത്തിന്‍റെ ഹൃദയത്തുടിപ്പുകള്‍ കൈരളി ടിവി പതിറ്റാണ്ടിനു മുമ്പ് സംപ്രേഷണം ചെയ്തു തുടങ്ങിയപ്പോള്‍ ആ വാര്‍ത്തകള്‍ വായിച്ചിരുന്നത് ശിവനായിരുന്നു. അമേരിക്കന്‍ മലയാളികളെ നാട്ടിലേയും ഇവിടുത്തേയും സ്വീകരണ മുറികളിലെത്തിച്ച തുടക്കക്കാരിലൊരാള്‍ എന്ന വിശേഷണം യോജിക്കുന്ന ശിവന്‍ നല്ലൊരു ന്യൂസ് റീഡറുമാണ്.

വാര്‍ത്താവിതരണത്തിന് സാങ്കേതികമുന്നേറ്റം നല്‍കിയെന്നതിലും ശിവന്‍ മുഹമ്മയ്ക്ക് അഭിമാനിക്കാം. ആദ്യകാലത്ത് അമേരിക്കന്‍ മലയാളികളുടെ വാര്‍ത്താദൃശ്യങ്ങള്‍ വീഡിയോ കാസറ്റിലാക്കി നാട്ടിലേക്ക് കൊടുത്തയയ്ക്കുകയായിരുന്നു പതിവ്. എയര്‍പോര്‍ട്ടുകളില്‍ ചെന്ന് അതിനു പറ്റിയ യാത്രക്കാരെ കണ്ടെത്തുക ഇത്തിരി വിഷമംപിടിച്ച പണിയായിരുന്നു. ഈ രീതിക്ക് മാറ്റം വരുത്തി ഓണ്‍ലൈന്‍ ഡെലിവറിയായി വാര്‍ത്തകള്‍ അയച്ച് സംപ്രേഷണം വേഗത്തിലാക്കാന്‍ ശിവന്‍ പരിശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തു. ഇന്ന് ലൈവായി അമേരിക്കയില്‍ നടക്കുന്ന പല കാര്യങ്ങളും കൈരളി ടിവി പ്രക്ഷേപണം ചെയ്യുന്നതിന് അടിസ്ഥാനമിട്ടത് ശിവനായിരുന്നു. ബരാക് ഒബാമ രണ്ടു വട്ടവും പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുന്ന തത്സമയ വിവരങ്ങള്‍ പ്രക്ഷേപണം ചെയ്യാന്‍ കൈരളി ടിവിയ്ക്ക് കഴിഞ്ഞതില്‍വരെ ഈ വിജയ നേര്‍രേഖ നീളുന്നു.

കൈരളി ടിവി യു.എസ്.എയുടെ ഡയറക്ടര്‍മാരില്‍ ഒരാളായിരുന്ന ശിവന്‍ 2004ല്‍ കൈരളി ടിവി വീക്ക്‌ലി ന്യൂസ് റൗണ്ടപ്പ് തുടങ്ങിയപ്പോള്‍ അതിന്‍റെ ചുമതലക്കാരനായിരുന്നു. ഇപ്പോള്‍ കൈരളി ടിവി പ്രതിനിധിയായി എല്ലാ പരിപാടികളുടേയും മേല്‍നോട്ടം വഹിക്കുന്നു.

പ്രോഗ്രാം അനലിസ്റ്റായി ജോലി നോക്കിയിരുന്ന ശിവന്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സൈബര്‍ സെക്യൂരിറ്റി കണ്‍സള്‍ട്ടന്റാണ്. നിയമ വിദ്യാര്‍ത്ഥിയുമാണ്. ഇന്ത്യാ പ്രസ് ക്ലബ്ബിന്റെ നാഷണല്‍ ജനറല്‍ സെക്രട്ടറിയായി 2009 മുതല്‍ 2011 വരെ പ്രവര്‍ത്തിച്ചു. ചിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്‍റുമായിരുന്നു. കഴിഞ്ഞ അഞ്ചു കോണ്‍ഫറന്‍സുകള്‍ക്കും സ്പോണ്‍സര്‍ ഷിപ്പ് നല്‍കിയ ഇന്ത്യ പ്രസ്ക്ലബ് അംഗം എന്ന ബഹുമതിയും ശിവന് മാത്രം അവകാശപ്പെട്ടതാണ്.

അപൂര്‍വമായ ബയോഡേറ്റക്ക് ഉടമയാണ് ജനറല്‍ സെക്രട്ടറി ജോര്‍ജ് കാക്കനാട്ട്. യു. എസ് എയര്‍ഫോഴ്സില്‍ ക്യാപ്റ്റന്‍ തുടങ്ങി ആ ബയോഡേറ്റ നീളുന്നു. ഹൂസ്റ്റണില്‍ സൈക്കോ തെറപ്പിസ്റ്റായി പ്രാക്ടീസ് ചെയ്യുന്ന കാക്കനാട്ട് അമേരിക്കയിലെ സാമൂഹ്യ, രാഷ്ട്രീയ രംഗങ്ങളില്‍ ദീര്‍ഘനാളായി സജീവമാണ്. വേള്‍ഡ് മലയാളി കൗണ്‍സിലിന്‍റെ സ്ഥാപകാംഗങ്ങളില്‍ ഒരാളായ ജോര്‍ജ് കാക്കനാട്ട് ഷുഗര്‍ലാന്‍ഡ് സിറ്റി കൗണ്‍സിലിലേക്ക് മത്സരിച്ചിരുന്നു. ഗ്ലെന്‍ലോറല്‍ ഹോം ഓണേഴ്സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്‍റാണ്. ഗവണ്‍മെന്‍റ് ഏജന്‍സിയായ ബേര്‍ണി റോഡ് മുന്‍സിപ്പല്‍ ഡിസ്‌ട്രിക്റ്റ് വൈസ് പ്രസിഡന്‍റുമാണ്.

ആധ്യാത്മിക രംഗത്തും സജീവമായ ജോര്‍ജ് കാക്കനാട്ട് മലങ്കര മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭയില്‍ നിരവധി പദവികള്‍ വഹിക്കുന്നു. മലങ്കര സഭയില്‍ ഇന്ത്യക്കു പുറത്തുളള വിശ്വാസികളെ പ്രതിനിധീകരിക്കുന്ന സിനഡ് മെമ്പറും അമേരിക്കയിലെ മലങ്കര രൂപതയുടെ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗവുമാണ്. ഇംഗ്ലീഷ് സാഹിത്യത്തിലും സോഷ്യല്‍ വര്‍ക്കിലും ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുളള ജോര്‍ജ് കാക്കനാട്ട് വിവിധ മേഖലകളില്‍ നിരവധി അവാര്‍ഡുകളും നേടി.

അമേരിക്കയിലെ മലയാള ടെലിവിഷന്‍ രംഗത്ത് സ്വന്തം കൈയൊപ്പ് ചാര്‍ത്തിയ വ്യക്തിയാണ് ട്രഷറര്‍ ജോസ് കാടാപുറം. കൈരളി ടി.വിയുടെ ചുമതല വഹിക്കുന്ന അദ്ദേഹം വാര്‍ത്താധിഷ്ഠിത പരിപാടികളിലൂടെ ശ്രദ്ധ നേടിയിട്ടുണ്ട്. സാമൂഹിക പ്രശ്നങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള പല ചര്‍ച്ചകള്‍ക്കും അമേരിക്കന്‍ മലയാളികള്‍ക്ക് വേദിയൊരുക്കിയ ജോസ് കാടാപുറം കഴിഞ്ഞ ഭരണകാലത്ത് ദേശീയ വൈസ് പ്രസിഡന്‍റായിരുന്നു. പ്രസ് ക്ലബ്ബിന്റെ എല്ലാ കാര്യങ്ങളും സൂക്ഷ്മതയോടെ അപഗ്രഥിച്ചിരുന്ന കാടാപുറം വൈസ് പ്രസിഡന്‍റ് പദവിയെ ഏറെ സജീവമാക്കുകയും ചെയ്തു. ന്യൂയോര്‍ക്ക് ചാപ്റ്ററിന്‍റെ പ്രസിഡന്‍റ് പദവും അലങ്കരിച്ചിട്ടുണ്ട്.

ഇന്ത്യ പ്രസ് ക്ലബ്ബിന്റെ സ്ഥാപക നേതാക്കളിലൊരാളായ ജോസ് കാടാപുറം അമേരിക്കന്‍ മലയാളികള്‍ നെഞ്ചിലേറ്റിയ അക്കരക്കാഴ്ചകള്‍ എന്ന കോമഡി സീരിയലിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്നു. ഈ മലയാളിയുടെ മാനേജിംഗ് എഡിറ്ററാണ്.

ഏഷ്യാനെറ്റ് യു.എസ്.എയുടെ റീജിയണല്‍ ഡയറക്ടറായി മാധ്യമ രംഗത്ത് പ്രശോഭിക്കുന്ന വ്യക്തിയാണ് വൈസ് പ്രസിഡന്റ് രാജു പള്ളത്ത്. ഡല്‍ഹിയില്‍ നിന്നും എന്‍ജിനിയറിംഗില്‍ ഡിപ്ലോമ നേടിയ രാജു പളളത്ത് നാഷണല്‍ പാനാസോണിക്കില്‍ സിംഗപ്പൂരിലും മിഡില്‍ ഈസ്റ്റിലും പ്രവര്‍ത്തിച്ചു.

കഴിഞ്ഞ മുപ്പതു വര്‍ഷമായി അമേരിക്കയിലുളള രാജു പളളത്താണ് ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ ശ്രദ്ധേയമായ അമേരിക്കന്‍ കാഴ്ചകളുടെ ഡയറക്ടര്‍. ഡിഷ് നെറ്റ്വര്‍ക്ക് നാഷണല്‍ റിട്ടെയ്‌ലറായ രാജു പളളത്ത് ലിന്‍ഡന്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് മെമ്പറാണ്. കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിയിലും അംഗത്വമുണ്ട്.

തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശിയാണ് ജോയിന്‍റ് സെക്രട്ടറി പി.പി ചെറിയാന്‍. അമേരിക്കയിലെ മലയാള മാധ്യമ മേഖലയില്‍ ഏറെ ശ്രദ്ധ നേടിയ ഫ്രീലാന്‍സറാണ് അദ്ദേഹം. പി.പി ചെറിയാന്‍റെ റിപ്പോര്‍ട്ടുകളില്ലാത്ത ഒരു ദിവസം പോലും ഉണ്ടായിട്ടില്ല.

സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളില്‍ പി.പി ചെറിയാന്‍ സജീവമായിരുന്നു. തൃശൂര്‍ സെന്റ് തോമസ് കോളജ്, കേരളവര്‍മ്മ കോളജ് യൂണിയന്‍ ഭാരവാഹിയായിരുന്നു.

അലിഗര്‍ മുസ്ലിം യൂണിവേഴ്സിറ്റിയിലെ ജവഹര്‍ലാല്‍ നെഹ്റു മെഡിക്കല്‍ കോളജില്‍ നിന്നും റേഡിയോളജി പ്രോഗ്രാമില്‍ ഡിപ്പോമ നേടി. തൃശൂരിലെ അമല കാന്‍സര്‍ ഹോസ്പിറ്റല്‍, തൃശൂര്‍ കോഓപ്പറേറ്റീവ് ആശുപത്രി എന്നിവിടങ്ങളില്‍ റേഡിയോഗ്രഫറായിരുന്നു. അമേരിക്കയില്‍ 1995 ലാണ് എത്തിയത്. ഡാളസിലെ കിന്‍ഡ്രഡ് ഹോസ്പിറ്റലില്‍ രജിസ്റ്റേര്‍ഡ് റേഡിയോളജി ടെക്നിഷ്യനാണ്.

കേരളത്തില്‍ വച്ച് കേരള കൗമുദിയില്‍ പ്രവര്‍ത്തിച്ച ജോയിന്റ് ട്രഷറര്‍ സുനില്‍ തൈമറ്റം 2013, 2015 കാലങ്ങളില്‍ ഇന്ത്യ പ്രസ് ക്ലബ്ബ് ദേശീയ ട്രഷററായിരുന്നു. കണക്കുകളിലെ കണിശക്കാരനാണ് സുനിലെന്ന് അക്കാലത്ത് പ്രസിഡന്‍റായിരുന്ന മാത്യു വര്‍ഗീസും സെക്രട്ടറി മധു കൊട്ടാരക്കരയും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

സാന്‍ഫ്രാന്‍സിസ്കോ എയര്‍പോര്‍ട്ടില്‍ യുണൈറ്റഡ് എയര്‍ലൈന്‍സില്‍ മെയിന്‍റനന്‍സ് സൂപ്പര്‍വൈസറാണ് ഓഡിറ്ററായ ജയിംസ് വര്‍ഗീസ്. പത്രപ്രവര്‍ത്തനം ഹോബിയായി തുടങ്ങിയ ജയിംസ് വര്‍ഗീസ് അമേരിക്കയിലെ ആദ്യ വെബ്സൈറ്റുകളിലൊന്നായ കേരള്‍ ഡോട്ട് കോമിന്റെ സാരഥിയാണ്. മനോരമ ഓണ്‍ലൈനിനായി റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്നു.

മാധ്യമ രംഗത്തും സാമൂഹിക, ആധ്യാത്മിക രംഗത്തും ഒരുപോലെ സജീവമാണ് ഓഡിറ്ററായ ജീമോന്‍ ജോര്‍ജ്. ഫ്രീലാന്‍സറായ ജീമോന്‍റെ റിപ്പോര്‍ട്ടുകള്‍ അമേരിക്കയിലെ അച്ചടി മാധ്യമങ്ങളിലും നാട്ടിലെയും ഇവിടുത്തെയും വെബ്സൈറ്റുകളില്‍ നിരന്തരം പ്രത്യക്ഷപ്പെടുന്നു. ഫിലഡല്‍ഫിയയിലെ സാമൂഹ്യ മേഖലയില്‍ സജീവമായ ജീമോന്‍ അമേരിക്കന്‍ റെഡ്ക്രോസില്‍ ജോലി ചെയ്യുന്നു. കോട്ടയം സ്വദേശിയാണ്.

 

Print Friendly, PDF & Email

Leave a Comment