2012ല്‍ സേനാവ്യൂഹം ഭരണം അട്ടിമറിക്കാന്‍ നീങ്ങിയെന്ന വാര്‍ത്ത സത്യമെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി

manish-tiwari-v-k-singh-380-afpന്യൂഡല്‍ഹി: 2012 ലെ സൈനിക അട്ടിമറി നീക്കം ശരിയായിരുന്നുവെന്ന് അന്നത്തെ വാര്‍ത്താവിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രിയായിരുന്ന മനീഷ് തിവാരി. ഡല്‍ഹി സര്‍ക്കാരിനെ അറിയിക്കാതെ സൈന്യം ഡല്‍ഹിയിലേക്ക് നീങ്ങിയതായിരുന്നു സംഭവം. ദൗര്‍ഭാഗ്യകരമെങ്കിലും സത്യമെന്നാണ് തിവാരി 2012 ഏപ്രില്‍ നാലിന് ഇന്ത്യന്‍ എക്‌സ്‌പ്രസ്സില്‍ വന്ന റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിച്ചത്.
കരസേനാ മേധാവിയും ഇപ്പോള്‍ കേന്ദ്ര മന്ത്രിയുമായ വി കെ സിംഗിനെ രക്ഷിക്കാന്‍ സൈനിക അട്ടിമറി നടത്തിയെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ട്.

2012-2014 കാലയളവില്‍ രണ്ടാം യുപിഎ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന തനിക്ക് ഇത്തരത്തിലൊരു സംഭവം നടന്നതായി അറിയാമെന്നും പ്രതിരോധ വകുപ്പ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗമായിരുന്ന തിവാരി വെളിപ്പെടുത്തുന്നു. ശനിയാഴ്ച ഡല്‍ഹിയില്‍ നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങിലായിരുന്നു തിവാരിയുടെ വെളിപ്പെടുത്തല്‍. അതേസമയം, മുന്‍ കേന്ദ്രമന്ത്രിയും കരസേനാ മേധാവിയുമായിരുന്ന വി കെ സിംഗ് തിവാരിയുടെ പരാമര്‍ശങ്ങള്‍ അസംബന്ധമാണെന്ന് ആരോപിച്ച് തള്ളിക്കളഞ്ഞു. തിവാരിയ്ക്ക് വേറെ പണിയില്ലെന്ന് പറഞ്ഞ് പരഹസിച്ച സിംഗ് തന്റ പുസ്തകം വായിക്കാനും നിര്‍ദ്ദേശിച്ചു. എന്നാല്‍ പിന്നീട് ലഫ്. ജനറല്‍ എ കെ ചൗധരി ഇത് സ്ഥിരീകരിക്കുകയും അര്‍ദ്ധരാത്രിയിലെ സൈനിക നീക്കങ്ങള്‍ ശരിവെയ്ക്കുകയും ചെയ്തിരുന്നു.

2012 ജനുവരി 16ന് രാത്രി (അന്നത്തെ കരസേനാ മേധാവിയായ ജനറല്‍ വികെ സിങ് ജനന തീയതി വിവാദത്തില്‍ സുപ്രീംകോടതിയില്‍ ഹാജരാകുന്ന ദിവസം) ഹിസാറിലെ മെക്കാനൈസ്ഡ് ഇന്‍ഫാന്‍ട്രിയില്‍ നിന്നും പ്രധാന സൈനിക യൂണിറ്റ് ഡല്‍ഹി ലക്ഷ്യമാക്കി അപ്രതീക്ഷിതമായി നീങ്ങുന്നുവെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നായിരുന്നു എക്‌സ്‌പ്രസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ നിര്‍ദേശമില്ലാതെ ആഗ്രയില്‍ നിന്നും 50 പാരാ ബ്രിഗേഡിന്റെ വലിയ ഘടകം അതേസമയം തന്നെ വിമാനമാര്‍ഗവും ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങി. തുടര്‍ന്ന് അന്നത്തെ പ്രതിരോധ സെക്രട്ടറിയായിരുന്ന ശശികാന്ത് ശര്‍മയോട് മലേഷ്യന്‍ സന്ദര്‍ശനം റദ്ദാക്കി ഇന്ത്യയിലേക്ക് അടിയന്തരമായി മടങ്ങാന്‍ നിര്‍ദേശം ലഭിച്ചു.

ജനുവരി 16ന് രാത്രി 11 മണിക്ക് ഓഫീസിലെത്തിയ അദ്ദേഹം മിലിട്ടറി ഓപ്പറേഷന്‍ ഡയറക്ടര്‍ ജനറല്‍ ലഫ്. ജനറല്‍ എകെ ചൗധരിയോട് എന്താണ് നടക്കുന്നതെന്ന വിശദീകരണം തേടി. സൈനിക നീക്കത്തെ കുറിച്ചുള്ള മുഴുവന്‍ വസ്തുതകളും ഉള്‍പ്പെടുത്തി വിശദീകരണം നല്‍കുവാന്‍ ഡയറക്ടര്‍ ജനറലിനോട് ആവശ്യപ്പെട്ടു. ഡല്‍ഹി ലക്ഷ്യമാക്കി പുറപ്പെട്ട രണ്ട് യൂണിറ്റ് സൈന്യത്തെയും ഉടന്‍ തന്നെ പിന്‍വലിക്കാനും നിര്‍ദേശിച്ചു. മണിക്കൂറുകള്‍ക്കകം സൈന്യത്തെ തിരിച്ചയച്ചുവെന്നുമായിരുന്നു ‘ജനുവരിയിലെ രാത്രിയില്‍ റൈസിനാ ഹില്‍ പരിഭ്രാന്ത്രിയിലായപ്പോള്‍: സര്‍ക്കാരിനെ അറിയിക്കാതെ സൈനിക യൂണിറ്റുകള്‍ ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങി’ തലക്കെട്ടില്‍ പുറത്തിറങ്ങിയ റിപ്പോര്‍ട്ട്.

എന്നാല്‍ വാര്‍ത്തയെ അന്ന് പ്രതിരോധ മന്ത്രാലയം അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് തള്ളുകയായിരുന്നു. ജനറല്‍ വികെ സിങും വാര്‍ത്ത നിഷേധിച്ചിരുന്നു. എന്നാല്‍ പിന്നീട് ലഫ്. ജനറല്‍ എകെ ചൗധരി ഇത് സ്ഥിരീകരിക്കുകയും അര്‍ദ്ധരാത്രിയിലെ നീക്കങ്ങള്‍ ശരിവെക്കുകയും ചെയ്തിരുന്നു. 2012 ജനുവരി 16ന് അപ്രതീക്ഷിതമായി ഡല്‍ഹി സര്‍ക്കാരിനെ അറിയിക്കാതെയും മെക്കനൈസ്ഡ് ഇന്‍ഫെന്ററി യൂണിറ്റും ആഗ്രയിലെ പാരച്ചൂട്ട് റജിമെന്റിലെ 50ാം ബ്രിഗേഡും രാത്രി ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങിയത് സൈനിക അട്ടിമറിയായിരുന്നുവെന്നാണ് വാര്‍ത്ത. എന്നാല്‍ തിവാരിയുടെ പരാമര്‍ശം കോണ്‍ഗ്രസും ബിജെപിയും തള്ളിക്കളഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment