Flash News

ദുബൈയില്‍ നവവധുവിന്‍െറ തിരോധാനം: സി.ബി.ഐ അന്വേഷണത്തിനെതിരെ ഭര്‍ത്താവിന്‍െറ ഹരജി

January 11, 2016 , സ്വന്തം ലേഖകന്‍

antony and smithaദുബൈയില്‍ ഭര്‍ത്താവിനടുത്തെത്തി മൂന്നാം ദിവസം കാണാതായ നവവധു, ഇടപ്പള്ളി സ്വദേശി സ്മിതയുടെ തിരോധാനം സി.ബി.ഐ അന്വേഷിക്കണമെന്ന ഹൈകോടതി ഉത്തരവിനെതിരെ ഭര്‍ത്താവിന്‍െറ ഹരജി. തന്‍െറ നിലപാട് തേടാതെയാണ് സി.ബി.ഐ അന്വേഷണത്തിന് സിംഗ്ള്‍ ബെഞ്ച് ഉത്തരവിട്ടത്. കോടതിയെ ഏല്‍പിച്ച പാസ്പോര്‍ട്ട് ജനുവരി 20നകം വിട്ടുകിട്ടാത്ത പക്ഷം അമേരിക്കയിലെ ജോലി നഷ്ടപ്പെടുമെന്നും, കേസിലെ പ്രതിയായ സ്മിതയുടെ ഭര്‍ത്താവ് സാബുവെന്ന വി.പി. ആന്‍റണി ഹരജിയില്‍ ചൂണ്ടിക്കാട്ടി.

ക്രൈം ബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലെന്നും ഫലപ്രദ അന്വേഷണത്തിന് സി.ബി.ഐയെ കേസ് ഏല്‍പിക്കണമെന്നും ആവശ്യപ്പെട്ട് സ്മിതയുടെ പിതാവ് ഇടപ്പള്ളി അലശക്കോടത്ത് ജോര്‍ജ് നല്‍കിയ ഹരജിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാല്‍, തന്‍െറ വിശദീകരണം തേടാതെ പുറപ്പെടുവിച്ച വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഭര്‍ത്താവിന്‍െറ അപ്പീല്‍. കോടതിയെ ഏല്‍പിച്ച പാസ്പോര്‍ട്ട് തിരികെ നല്‍കണമെന്നും ആവശ്യപ്പെടുന്നു.

2005 സെപ്റ്റംബര്‍ ഒന്നിന് ദുബൈയില്‍ ആന്‍റണിക്കടുത്തെത്തിയ സ്‌മിതയെ മൂന്നാം തീയതിയാണ് കാണാതായത്. വിസിറ്റിംഗ് വിസയിലാണ് സ്‌മിത ദുബൈയിലെത്തിയത്. ആന്‍റണിയുടെ നിര്‍ദേശപ്രകാരം വിവാഹ സമ്മാനമായി കിട്ടിയ 38 പവന്‍െറ ആഭരണങ്ങളും സ്‌മിത അണിഞ്ഞിരുന്നു. മൂന്നാം തീയതി വൈകുന്നേരം ആന്‍റണി സ്‌മിതയുടെ അമ്മാവനെ ഫോണില്‍ വിളിച്ച് സ്മിതയെ വീട്ടില്‍ കാണുന്നില്ലെന്ന് അറിയിക്കുകയായിരുന്നു.

ആന്‍റണിയും കൂടെ താമസിച്ചിരുന്ന മിനിയെന്ന ദേവയാനിയും ചേര്‍ന്ന് കൊല്ലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്നശേഷം വിജനമായ പ്രദേശത്ത് തള്ളിയതാകാമെന്ന് വിശ്വസിക്കുന്നതായി ചൂണ്ടിക്കാട്ടിയുള്ള പരാതിയാണ് നിലവിലുള്ളത്. സ്‌മിതയുടെ ദുരൂഹമായ തിരോധാനവുമായി ബന്ധപ്പെട്ട് വ്യാജ രേഖ ചമച്ചുവെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് സംഭവത്തിന്‍െറ പത്താം വര്‍ഷം ഭര്‍ത്താവ് കസ്റ്റഡിയിലായത്. പിന്നീട് ജാമ്യം അനുവദിച്ചു.

ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ. എം. ഷഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് പിന്നീട് പരിഗണിക്കാന്‍ മാറ്റി. പാസ്പോര്‍ട്ട് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സാബു നേരത്തെ നല്‍കിയ ഹരജി കോടതി തള്ളിയിരുന്നു.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top