Flash News

പത്താന്‍കോട്ട് ഭീകരാക്രമണം: പഞ്ചാബ് എസ്.പി സല്‍വീന്ദര്‍ സിംഗിനെ അറസ്റ്റുചെയ്യാന്‍ നീക്കം

January 12, 2016 , സ്വന്തം ലേഖകന്‍

SPന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പഞ്ചാബ് എസ്.പി സല്‍വീന്ദര്‍ സിംഗിനെ എന്‍.ഐ.എ അറസ്റ്റു ചെയ്യും. എസ്.പിയുടെ മയക്കുമരുന്ന് ലോബിയുമായുള്ള ബന്ധമാണ് ഭീകരര്‍ക്ക് സഹായമായതെന്നതിന് തെളിവ് ലഭിച്ചിട്ടുണ്ട്.

എസ്.പി നല്‍കിയ മൊഴിയിലെ വൈരുധ്യത്തെതുടര്‍ന്ന്, കാര്‍ റാഞ്ചലിനു മുമ്പ് പ്രാര്‍ത്ഥിക്കാന്‍ കയറിയെന്നു പറയുന്ന ക്ഷേത്രത്തിന്‍െറ കെയര്‍ ടേക്കറെയും എന്‍.ഐ.എ ചോദ്യം ചെയ്യും. ഭീകരര്‍ നുഴഞ്ഞുകയറിയത് ബമിയാല്‍ ഗ്രാമത്തിലേക്കാണെന്നാണ് നിഗമനം. ഈ ഗ്രാമത്തിലെ പഞ്ച് പീര്‍ ദര്‍ഗയുടെ കെയര്‍ ടേക്കര്‍ സോം രാജിനെയാണ് ചോദ്യം ചെയ്യാന്‍ വിളിച്ചത്. പാചകക്കാരന്‍ മദന്‍ ഗോപാലിനു പുറമെ, സല്‍വീന്ദറിനെ ബുധനാഴ്ചയും ചോദ്യം ചെയ്യും.

സല്‍വീന്ദര്‍ സിംഗിനേയും ഒപ്പമുണ്ടായിരുന്ന രണ്ടു പേരെയും വഴിയില്‍ തള്ളി കൈക്കലാക്കിയ ഒൗദ്യോഗിക വാഹനത്തിലാണ് ഭീകരര്‍ പത്താന്‍കോട്ട് എത്തിയത്. തങ്ങളെ ഭീഷണിപ്പെടുത്തി വണ്ടി റാഞ്ചുകയായിരുന്നുവെന്നാണ് സല്‍വീന്ദര്‍ പറയുന്നത്. സല്‍വീന്ദറിനെ പോളിഗ്രാഫ് പരിശോധനക്ക് വിധേയനാക്കും.

ജമ്മു-കശ്മീരിലെ സാംബ, കത്തുവ മേഖലകളില്‍ എന്‍.ഐ.എ സംഘം നേരിട്ടെത്തി അന്വേഷണം നടത്തി. പത്താന്‍കോട്ടെ ഭീകരാക്രമണവും ഇവിടത്തെ ഭീകരാക്രമണങ്ങളും തമ്മില്‍ സമാനത കണ്ടതിനെ തുടര്‍ന്നാണിതെന്ന് ഏജന്‍സി വൃത്തങ്ങള്‍ പറയുന്നു.

കഴിഞ്ഞ ദിവസം പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തില്‍ നിന്ന് കണ്ടുകിട്ടിയ മൊബൈല്‍ ഫോണ്‍ ചണ്ഡിഗഢിലെ കേന്ദ്ര ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് അയച്ചിട്ടുണ്ട്. പൊലീസ് ഓഫിസര്‍ക്കൊപ്പമുണ്ടായിരുന്ന ജ്വല്ലറിക്കാരന്‍ രാജേഷ് വര്‍മയുടെയും പാചകക്കാരന്‍ മദന്‍ ഗോപാലിന്‍െറയും മൊഴികളില്‍ വൈരുധ്യമുണ്ടെന്നതിനു പുറമെ, സാഹചര്യങ്ങളും സല്‍വീന്ദറിന് എതിരാണ്. വര്‍മക്ക് പരിക്കേറ്റപ്പോള്‍ സല്‍വീന്ദര്‍ സിങ്ങിനോ ഗോപാലിനോ പരിക്കില്ല. ഇന്നോവ കാറിന്‍െറ ഡ്രൈവര്‍ ഇകാഗര്‍ സിംഗിനെ ഭീകരര്‍ കൊല്ലുകയും ചെയ്തു.

പ്രാര്‍ഥന കഴിഞ്ഞ് ക്ഷേത്രത്തില്‍നിന്ന് രാത്രി ഒമ്പതരയോടെ പോയ സിംഗിനെ അര്‍ധരാത്രി 12.30നു ശേഷമാണ് ഭീകരര്‍ വിട്ടതെന്നാണ് പറയുന്നത്. ഈ മണിക്കൂറുകളില്‍ ഭീകരര്‍ എന്തു ചെയ്തുവെന്ന കാര്യം വ്യക്തമല്ല. എസ്.പിയുടെ കൈവശം നാലു മൊബൈല്‍ നമ്പറുകള്‍ ഉണ്ടായിരുന്നു. ഇതിന്‍െറ ആവശ്യമെന്താണെന്നും പരിശോധിക്കുന്നു. ആദ്യ കോള്‍ വിളിക്കാന്‍ മൂന്നു മണിക്കൂര്‍ വൈകിയതിന്‍െറ കാരണവും പരിശോധിക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top