സി.പി.എം പഠനകോണ്‍ഗ്രസ് യു.ഡി.എഫ് വികസനനയങ്ങള്‍ക്കുള്ള അംഗീകാരം -മുഖ്യമന്ത്രി

ummanതിരുവനന്തപുരം: സി.പി.എമ്മിന്റെ കേരള പഠന കോണ്‍ഗ്രസ് റിപ്പോര്‍ട്ട് യു.ഡി.എഫിന്റെ വികസനനയങ്ങള്‍ക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, സ്മാര്‍ട്ട് സിറ്റി, വിഴിഞ്ഞം തുറമുഖം, ലൈറ്റ് മെട്രോ പദ്ധതികള്‍ പുരോഗതിയിലാണ്. ആറു മാസം പൂര്‍ത്തിയാക്കില്ലന്ന് പറഞ്ഞ സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുകയാണെന്നും തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരു രാഷ്ട്രീയപ്രതിസന്ധിയും ഇല്ലാതെയാണ് നാലരവര്‍ഷം കടന്നുപോയത്. ഇതിനെക്കാള്‍ വലിയ അംഗീകാരമാണ് സി.പി.എം പഠന കോണ്‍ഗ്രസ് വികസന അജണ്ട സ്വീകരിച്ചത്. യു.ഡി.എഫ് അഞ്ചുവര്‍ഷം നടത്തിയ വികസനനയം അംഗീകരിച്ചതിലൂടെ വികസന രാഷ്ട്രീയത്തെ എതിര്‍ക്കാന്‍ പറ്റില്ലന്ന് അവര്‍ക്കും ബോധ്യപ്പെട്ടു. ആദ്യം ട്രാക്ടറിനെ എതിര്‍ത്ത ഇടതുപക്ഷം ഇപ്പോള്‍ കൃഷിയില്‍ യന്ത്രവത്കരണം പോരെന്നുപറയുന്നു. കമ്പ്യൂട്ടറിനെ എതിര്‍ത്തവരുടെ വീടുകളിലും ഓഫിസിലുമെല്ലാം കമ്പ്യൂട്ടര്‍ ഇല്ലാതെ പറ്റില്ലന്നായി. ഓരോഘട്ടത്തിലും അവര്‍ സ്വീകരിച്ച നിലപാടുകള്‍ കേരളത്തെ 25 വര്‍ഷം പിന്നോട്ടടിച്ചു. വിഴിഞ്ഞം തുറമുഖപദ്ധതിയില്‍ 6000 കോടിരൂപയുടെ അഴിമതി ആരോപിച്ചവര്‍ ഇപ്പോള്‍ പദ്ധതി അംഗീകരിച്ചതില്‍ സന്തോഷമുണ്ട്.

തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികള്‍ക്കായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനുമായി ഈ മാസം 20ന് ധാരണാപത്രം ഒപ്പിടും. ദേശീയ ജലപാതയുടെ ആദ്യ ഘട്ടമായ കൊല്ലം-കോട്ടപ്പുറം ഭാഗം കമീഷനിങ്ങിന് തയാറായി. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ സമയം ലഭ്യമായാല്‍ ഉദ്ഘാടനം നിശ്ചയിക്കും.

കൊച്ചി മെട്രോയുടെ ആധുനിക കോച്ചുകള്‍ എത്തി. തറയില്‍കൂടിയുള്ള പരീക്ഷണ ഓട്ടം 23ന് നടത്തും. മേല്‍പ്പാതയിലൂടെയുള്ള ഓട്ടം ഇതിനുശേഷം തീരുമാനിക്കും.1905 ദിവസമാണ് പൂര്‍ത്തിയാകാന്‍ നിശ്ചയിച്ചിരുന്നത്. അത് പൂര്‍ത്തിയായിട്ടില്ല. ചരിത്രത്തില്‍ വേഗം പൂര്‍ത്തിയാകുന്ന മെട്രോ ആയിരിക്കും ഇത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനുള്ള അനുമതികിട്ടാന്‍ വൈകിയെങ്കിലും പ്രശ്നങ്ങള്‍ പരിഹരിച്ചു. സ്മാട്ട്സിറ്റി രണ്ടാംഘട്ടം പദ്ധതി ചര്‍ച്ചചെയ്യാന്‍ ദുബൈയില്‍ ആറിന് ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരും. അതില്‍ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം തീരുമാനിക്കും. നേരത്തേ ഡിസംബറിലാണ് ഇത് തീരുമാനിച്ചിരുന്നത്. വിഴിഞ്ഞം തുറമുഖ പദ്ധതി വേഗത്തില്‍ നീങ്ങുന്നുണ്ട്. സബര്‍ബന്‍ റെയില്‍ പദ്ധതിയുള്‍പ്പെടെ റെയില്‍വേ വികസന പദ്ധതികള്‍ക്കായി റെയില്‍വേയുമായി 19ന് ഡല്‍ഹിയില്‍ ധാരണാപത്രം ഒപ്പിടും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment