Flash News

അലിഗഢ് മുസ്ലീം സര്‍‌വ്വകലാശാലയുടെ ന്യൂനപക്ഷ പദവി എടുത്തുകളയണെമെന്ന് കേന്ദ്ര സര്‍ക്കാര്‍; നരേന്ദ്ര മോദി അധികാരത്തില്‍ വന്നതുകൊണ്ടാണോ എന്ന് സുപ്രീം കോടതി

January 15, 2016 , സ്വന്തം ലേഖകന്‍

slide1ന്യൂഡല്‍ഹി: അലീഗഢ് മുസ്ലീം സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി എടുത്തുകളയണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. അലിഗഢ് മുസ്ലീം സര്‍വ്വകലാശാലയെ ന്യൂനപക്ഷ സ്ഥാപനമായി അംഗീകരിക്കാന് കഴിയില്ലെന്നും സര്‍വ്വകലാശാലയ്ക്ക് ന്യൂനപക്ഷ പദവി നല്‍കുന്നതിനോട് സര്‍ക്കാരിന് എതിര്‍പ്പാണെന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗി സുപ്രീംകോടതിയെ അറിയിച്ചു. എന്നാല്‍ കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുകൊണ്ടാണോ ഈ നിലപാട് മാറ്റമെന്ന് കോടതി ആരാഞ്ഞു. ജസ്റ്റിസുമാരായ ജെ.എസ്.ഖേഹര്‍, എം.വൈ ഇക്ബാല്‍,സി.നാഗപ്പന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് അലീഗഢ് സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത്.

രാജ്യത്തിന്റെ എക്‌സിക്യൂട്ടീവ് എന്ന നിലയില്‍ മതേതര രാജ്യത്ത് ന്യൂനപക്ഷ സ്ഥാപനമുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയില്ലെന്നാണ് മുകുള്‍ റോഹ്ത്തഗി വാദിച്ചത്. കൂടാതെ മെഡിക്കല്‍, പി.ജി പ്രവേശനത്തില്‍ മുസ്ലീം സംവരണം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ പിന്‍വലിക്കുകയാണെന്നും അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി.

1967ലെ അസീസ് ബാഷ കേസിലെ വിധിയാണ് ഇപ്പോള്‍ പ്രാവര്‍ത്തികമാക്കേണ്ടതെന്നും അലീഗഢിനെ ന്യൂനപക്ഷ സ്ഥാപനമായി പരിഗണിക്കാനാവില്ലെന്നും അറ്റോര്‍ണി ജനറല്‍ വാദിച്ചു. എന്നാല്‍ ഈ അവസരത്തില്‍ ഇടപെട്ട ജസ്റ്റിസ് എം.വൈ ഇഖ്ബാല്‍ ഈ നിലപാട് മാറ്റം കേന്ദ്രത്തില്‍ സര്‍ക്കാര്‍ മാറിയത് കൊണ്ടാണോന്ന് എടുത്തുചോദിച്ചു. ഇതിന് മറുപടിയായി മുന്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് തെറ്റായിരുന്നെന്ന് മുകുള്‍ റോഹ്ത്തഗി പറഞ്ഞു. എന്നാല്‍ അലീഗഢ് സര്‍വകലാശാല ന്യൂനപക്ഷ സ്ഥാപനമായി തന്നെ തുടരുമെന്ന് അലിഗഢിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അഡ്വ. പി.പി റാവു കോടതിയില്‍ വ്യക്തമാക്കി.

1967ലെ ബാഷ കേസിലെ വിധി വലിയ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടണമെന്നും അഡ്വ. പി.പി റാവു ആവശ്യപ്പെട്ടു. സര്‍ സയിദ് അഹമ്മദ് ഖാന്‍ സ്ഥാപിച്ച മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ കോളേജാണ് 1920ല്‍ നിയമനിര്‍മാണത്തിലൂടെ അലീഗഢ് മുസ്ലീം സര്‍വകലാശാലയായി മാറിയത്. പിന്നീട് 1951ല്‍ പാര്‍ലമെന്റില്‍ നിയമഭേദഗതി കൊണ്ടുവരികയും തുടര്‍ന്ന് നിര്‍ബന്ധ മതപഠനം ഇല്ലാതാക്കുകയും ചെയ്തു. 1966ല്‍ പാര്‍ലമെന്റ് വീണ്ടും ഭേദഗതി പാസാക്കുകയും, സമൂല മാറ്റങ്ങള്‍ കൊണ്ടുവരികയും ചെയ്തു. ഇതിനെതിരെ എസ്. അസീസ് ബാഷ ഹര്‍ജി സമര്‍പ്പിച്ചെങ്കിലും സുപ്രീംകോടതി തള്ളുകയും, അലീഗഢ് മുസ്ലീംകള്‍ സ്ഥാപിച്ചതല്ലെന്നും പാര്‍ലമെന്റിന്റെ നിയമനിര്‍മാണത്തിലൂടെ രൂപീകരിക്കപ്പെട്ടതാണെന്നും വ്യക്തമാക്കി.

പിന്നീട് 1972ലെ ഭേദഗതിയില്‍ അക്കാദമിക്, എക്‌സിക്യൂട്ടീവ് ഘടനകളും കേന്ദ്രസര്‍ക്കാര്‍ പരിഷ്‌കരിച്ചു. 1981ലാകട്ടെ ഇന്ത്യന്‍ മുസ്ലീംകളുടെ വിദ്യാഭ്യാസ, സാംസ്‌കാരിക പുരോഗതിക്കായുളള പ്രവര്‍ത്തനങ്ങളും അലീഗഢ് നിയമത്തില്‍ ഉള്‍പ്പെടുത്തി. തുടര്‍ന്ന് 2004ല്‍ മുസ്ലീം വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍ പിജി പ്രവേശനത്തിനായി 50 ശതമാനം സീറ്റുകള്‍ സംവരണം ചെയ്തതോടെയാണ് പുതിയ കേസുകള്‍ ആരംഭിക്കുന്നത്.

1967ലെ ബാഷ കേസിന്റെ അടിസ്ഥാനത്തില്‍ അലഹബാദ് ഹൈക്കോടതി മുസ്ലീംകള്‍ക്കായുളള സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് വിധിച്ചു. ഈ വിധി ചോദ്യം ചെയ്ത് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് മോദി സര്‍ക്കാര്‍ പുതിയ നിലപാടുകള്‍ കൈക്കൊണ്ടത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top