ലാവലിന്‍ കേസില്‍ സി.ബി.ഐക്ക് തണുപ്പന്‍ നിലപാടെന്ന് സുധീരന്‍

sudheranമലപ്പുറം: ലാവലിന്‍ കേസില്‍ സി.ബി.ഐക്ക് തണുപ്പന്‍ നിലപാടാണെന്നും അതിനാലാണ് കേസ് ഉടന്‍ തീര്‍പ്പാക്കാന്‍ പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചതെന്നും കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍. സി.പി.എമ്മിന്റെ ഉത്തരവാദപ്പെട്ടവര്‍ സി.ബി.ഐയുടെ നിരീക്ഷണത്തിലാണ്. സി.ബി.ഐ ഒരുക്കുന്ന കുരുക്കില്‍നിന്ന് രക്ഷപ്പെടാനുള്ള നീക്കമാണ് നടത്തുന്നത്. ആര്‍.എസ്.എസ് നേതാവ് ചര്‍ച്ചക്ക് വിളിച്ചപ്പോള്‍ സ്വീകരിച്ചത് ഇതിന്റെ ഭാഗമായി കാണണമെന്നും സുധീരന്‍ പറഞ്ഞു. കെ.എം. മാണി മന്ത്രിസഭയില്‍ തിരിച്ചുവരുന്നത് സംബന്ധിച്ച കാര്യം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് തീരുമാനിക്കേണ്ടത്.

മുസ്ലിംലീഗുമായി തദ്ദേശ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ മലപ്പുറത്ത് ചില അസ്വാരസ്യങ്ങളുണ്ടായിരുന്നത് പരിഹരിച്ചു. ജനരക്ഷായാത്രയില്‍ ലീഗ് അണികള്‍ സജീവമായി പങ്കാളികളാവുന്നുണ്ട്. യു.ഡി.എഫ് വിട്ട ഇതര കക്ഷികള്‍ക്ക് തിരിച്ചുവരാന്‍ അവസരമുണ്ട്. നിലപാട് തെറ്റായിരുന്നെന്ന് ഏറ്റുപറഞ്ഞ് അതിന്റെ പേരില്‍ നേടിയ സ്ഥാനങ്ങള്‍ രാജിവെച്ച് വരണം. വിമതരായി മത്സരിച്ച് വിജയിച്ചവരുടെ സഹായം യു.ഡി.എഫിന് വേണ്ട. അത്തരത്തില്‍ നിലപാടെടുത്തിരുന്നെങ്കില്‍ യു.ഡി.എഫിന് കുറേ പഞ്ചായത്തുകള്‍ ലഭിക്കുമായിരുന്നു. യു.ഡി.എഫിന് ഇപ്പോള്‍ അംഗീകാരമുണ്ട്. ഭരണത്തിന് തുടര്‍ച്ച ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്.

ബാര്‍ നയം തിരുത്താന്‍ ഉദ്ദേശ്യമില്ലന്നും ആരുവിചാരിച്ചാലും അതില്‍ മാറ്റം വരില്ലന്നും വി.എം. സുധീരന്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിതപ്രദേശം പിണറായി വിജയന്‍ സന്ദര്‍ശിച്ചത് രാഷ്ട്രീയപ്രേരിതമാണ്. പാര്‍ട്ടി സെക്രട്ടറിയായിരുന്ന ഘട്ടത്തില്‍ തിരിഞ്ഞു നോക്കാത്തയാളാണദ്ദേഹം. വി.എസാണിതില്‍ ഇടപെട്ടത്. ദുരിതബാധിതര്‍ക്ക് ആവശ്യമായ സഹായങ്ങളുമായി ഉമ്മന്‍ചാണ്ടി സര്‍ക്കാറുമുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment