Flash News

കണ്ഠരര് മോഹനരരെ താന്ത്രിക കര്‍മങ്ങളില്‍ നിന്ന് വിലക്കിയ നടപടിയില്‍ ഹൈകോടതി ഇടപെട്ടില്ല

January 15, 2016 , സ്വന്തം ലേഖകന്‍

khcകൊച്ചി: ശബരിമല ക്ഷേത്രത്തില്‍ താന്ത്രിക കര്‍മങ്ങള്‍ ചെയ്യുന്നതില്‍നിന്ന് ദേവസ്വം ബോര്‍ഡ് ഒഴിവാക്കിയ നടപടി ചോദ്യംചെയ്യുന്ന കണ്ഠരര് മോഹനരരുടെ ഹരജിയില്‍ ഹൈകോടതി ഇടപെട്ടില്ല. എറണാകുളം വളഞ്ഞമ്പലത്ത് കണ്ഠരര് മോഹനരര് ഉള്‍പ്പെട്ട തന്ത്രികേസ് എന്നറിയപ്പെടുന്ന കേസിലെ കോടതി നടപടി അവസാനിച്ചശേഷം വസ്തുതകളുടെ അടിസ്ഥാനത്തില്‍ മോഹനരരെകൂടി കേട്ട ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് നിര്‍ദേശിച്ച കോടതി കേസ് തീര്‍പ്പാക്കി. കാരണം കാണിക്കാതെയാണ് തന്നെ തന്ത്രിയുടെ ചുമതലയില്‍നിന്ന് ഒഴിവാക്കിയതെന്നും ചുമതല തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ട് കണ്ഠരര് മോഹനരര് നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.

തിരിച്ചെടുക്കണമെന്ന മോഹനരരുടെ അപേക്ഷ തള്ളി, തന്ത്രിയായി തുടരാനാകില്ലന്ന് 2015 ജൂലൈ 31ന് ദേവസ്വം ബോര്‍ഡ് അറിയിച്ചിരുന്നു. ഇതേ അറിയിപ്പില്‍ താന്ത്രിക കര്‍മങ്ങള്‍ ചെയ്യാന്‍ ചുമതലപ്പെടുത്താനായി മകന്‍ മഹേഷ് മോഹനരരുടെ സമ്മതം അറിയിക്കാനും ആവശ്യപ്പെട്ടിരുന്നു. മേഹനരരെ തന്ത്രിയാക്കേണ്ടതില്ലന്ന 2012 ഏപ്രിലിലെയും 2013 മേയിലെയും ദേവസ്വം ബോര്‍ഡിന്റെ തീരുമാനവും ഇതോടൊപ്പം ഉദ്ധരിച്ചിരുന്നു. ദേവസ്വം ബോര്‍ഡിന്റെ ഈ നടപടി ചോദ്യം ചെയ്താണ് തന്ത്രി മഹേശ്വരരുടെ മകനായ മോഹനരര് ഹരജി നല്‍കിയത്.

എന്നാല്‍, തന്ത്രികേസിനെത്തുടര്‍ന്നാണ് കണ്ഠരര് മോഹനരരെ ചുമതലയില്‍നിന്ന് മാറ്റിയതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിശദീകരിച്ചു. സാധാരണ നടപടിക്ക് വിധേയരാകുന്നവരെ തീരുമാനവും അതിന്റെ കാരണവും അറിയിക്കാനുള്ള ബാധ്യത അഡ്മിനിസ്ട്രേറ്റിവ് തീരുമാനത്തിന്റെ നടപടിക്രമത്തിന്റെ ഭാഗമാണെന്ന് ഹരജി പരിഗണിച്ച കോടതി ചൂണ്ടിക്കാട്ടി. അതേസമയം, ഹരജിക്കാരനുമായി ബന്ധപ്പെട്ട കാര്യം വിശ്വാസപരവും മതപരവുമാണ്. ഉന്നതമൂല്യങ്ങള്‍ പുലരേണ്ട മേഖലയാണത്. ഹരജിക്കാരനെ താന്ത്രിക കര്‍മങ്ങള്‍ക്ക് നിയോഗിക്കേണ്ടതില്ലന്ന് തീരുമാനമെടുത്തത് തന്ത്രികേസിന്റെ പേരിലാണെന്ന് പൊതുജനത്തിനുള്‍പ്പെടെ അറിയാവുന്നതാണ്. അതിനാല്‍ പ്രത്യേകമായി കാരണം കാണിച്ച് തീരുമാനം അറിയിക്കേണ്ട ആവശ്യമില്ലന്ന് കോടതി വ്യക്തമാക്കി.

തന്ത്രികേസില്‍ പ്രതിയായ ശോഭ ജോണ്‍ നല്‍കിയ റിവിഷന്‍ ഹരജി കോടതിയുടെ പരിഗണനയിലുണ്ട്. അതിനാല്‍ കേസിന്റെ മര്‍മം സംബന്ധിച്ചോ ഹരജിക്കാരന്റെ പെരുമാറ്റത്തെക്കുറിച്ചോ ഒന്നും പറയുന്നില്ല. കേസ് ഡയറി പരിശോധിച്ചശേഷം ഭക്തരുടെ വികാരംകൂടി കണക്കിലെടുത്ത് വിവാദങ്ങള്‍ അവസാനിക്കുന്നതുവരെ കണ്ഠരര് മോഹനരരെ തന്ത്രി സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തുന്നതാണ് ഉചിതമെന്ന് 2007ല്‍ ഹൈകോടതി തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. ക്രിമിനല്‍ കേസില്‍ ഹരജിക്കാരന്‍ ഇരയായാലും പ്രതിയായാലും കേസിന് വഴിതെളിച്ച പെരുമാറ്റം കണക്കിലെടുത്താണ് നടപടി. ഇരയാണെങ്കില്‍ പോലും ഹരജിക്കാരന്റെ സ്വഭാവം പരിഗണിക്കേണ്ട വിഷയമാണ്. കേസിലെ എല്ലാ കോടതി നടപടികളും അവസാനിച്ചശേഷം ഹരജിക്കാരന്റെ സ്വഭാവം കൂടി വിലയിരുത്തി അപേക്ഷ ദേവസ്വം ബോര്‍ഡ് വീണ്ടും പരിഗണിച്ച് തീരുമാനമെടുക്കാന്‍ തുടര്‍ന്ന് കോടതി ഉത്തരവിട്ടു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top