എറണാകുളത്തെ ബസുകളുടെ മത്സരയോട്ടം: ഹൈകോടതി സര്‍ക്കാറിന്റെ നിലപാട് തേടി

BUS_1602747fകൊച്ചി: എറണാകുളം നഗരത്തിലെ ബസുകളുടെ മത്സരയോട്ടം തടയാനുള്ള മാര്‍ഗങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ സമിതി രൂപവത്കരിക്കുന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളില്‍ ഹൈകോടതി സര്‍ക്കാറിന്റെ നിലപാട് തേടി. ഹൈകോടതി നിയമിച്ച അമിക്കസ്ക്യൂറി മുന്നോട്ടുവെച്ച നിര്‍ദേശങ്ങളിന്മേല്‍ വിശദീകരണം നല്‍കാന്‍ കൂടുതല്‍ സമയം നല്‍കണമെന്ന സര്‍ക്കാര്‍ ആവശ്യം അനുവദിച്ച ഡിവിഷന്‍ ബെഞ്ച് ഹരജി ജനുവരി 25ലേക്ക് മാറ്റി.

സമിതി രൂപവത്കരണവും മറ്റ് നിര്‍ദേശങ്ങളും സംബന്ധിച്ച നിലപാട് ഈ കാലയളവിനകം സത്യവാങ്മൂലമായി സമര്‍പ്പിക്കണം. നഗരത്തിലെ ബസുകളുടെ മത്സരയോട്ട പരാതിയില്‍ ഹൈകോടതി സ്വമേധയാ എടുത്ത കേസിലാണ് നിര്‍ദേശം. മത്സരയോട്ടം കര്‍ശനമായി തടയാനും നിയമലംഘകര്‍ക്കെതിരെ നടപടി ഉറപ്പുവരുത്താനും കലക്ടര്‍ ചെയര്‍മാനായി കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി, അസി. പൊലീസ് കമീഷണര്‍, റീജനല്‍ ആര്‍.ടി.ഒ എന്നിവരടങ്ങുന്ന സ്ഥിരം അവലോകന – നടത്തിപ്പ് സമിതിക്ക് രൂപംനല്‍കണമെന്നാണ് അമിക്കസ്ക്യൂറി അഡ്വ. കാളീശ്വരം രാജ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടത്. ആറുമാസത്തിലൊരിക്കല്‍ നടപടികള്‍ സംബന്ധിച്ച് ഹൈകോടതിക്ക് റിപ്പോര്‍ട്ട് നല്‍കണമെന്ന ആവശ്യവുമുണ്ട്.

സമയക്രമം സമിതി പുനഃപരിശോധിക്കല്‍, കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസ് എന്നിവക്ക് പ്രത്യേക സമയം നിശ്ചയിക്കല്‍, അമിതവേഗത്തിന് പിഴയും ലൈസന്‍സ് -പെര്‍മിറ്റ് റദ്ദാക്കല്‍ നടപടികളും സ്വീകരിക്കല്‍, ബസ് ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലന പരിപാടി, പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഗതാഗത നിയമ ബോധവത്കരണം തുടങ്ങിയ നിര്‍ദേശങ്ങളും അമിക്കസ്ക്യൂറി സമര്‍പ്പിച്ചിരുന്നു.

Print Friendly, PDF & Email

Leave a Comment