വീട്ടില്‍ കയറി മര്‍ദിച്ച എ.എസ്.ഐക്കെതിരെ നടപടിയെടുക്കണം

police lathi charge_0കൊച്ചി: പൊതുജനങ്ങള്‍ക്കുള്ള വിശ്വാസം പൊലീസ് നഷ്ടപ്പെടുത്തരുതെന്ന് സംസ്ഥാന പൊലീസ് കംപ്ലയിന്റ്സ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ. നാരായണക്കുറുപ്പ്. അയല്‍വാസിയായ വീട്ടമ്മയെയും ഭര്‍ത്താവിനെയും വീട്ടില്‍ കയറി മര്‍ദിച്ച അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറെ കുറ്റവിമുക്തനാക്കിയ പൊലീസ് നടപടി റദ്ദുചെയ്ത ശേഷമാണ് ചെയര്‍മാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ക്രിമിനല്‍ കുറ്റം ചെയ്ത ഒരു പൊലീസുകാരനെ അതില്‍നിന്ന് രക്ഷപ്പെടാന്‍ വ്യാജ തെളിവ് ചമക്കുന്നത് ഗുരുതര കുറ്റമായി കാണമെന്നും അദ്ദേഹം സിറ്റിങ്ങില്‍ പറഞ്ഞു.

അടൂര്‍ ഏനാത്ത് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ പ്രഭാകരനെതിരെ അയല്‍വാസിയായ മാവേലിക്കര ചുങ്കപ്പുര വീട്ടില്‍ ലളിതാമ്മാള്‍, റിട്ട. പി.ഡബ്ല്യു.ഡി. എന്‍ജീനീയര്‍ ഭര്‍ത്താവ് കാര്‍ത്തികേയന്‍ എന്നിവര്‍ സമര്‍പ്പിച്ച പരാതിയാണ് ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് തീര്‍പ്പാക്കിയത്. സംഭവത്തില്‍ എ.എസ്.ഐക്കെതിരെ പെരുമാറ്റദൂഷ്യത്തിന് വകുപ്പുതല നടപടിയെടുക്കണമെന്നും പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് ശരിയായ അന്വേഷണം നടത്തണമെന്നും ഡി.ജി.പിക്ക് നല്‍കിയ നിര്‍ദേശത്തില്‍ വ്യക്തമാക്കി.

മര്‍ദനമേറ്റവര്‍ക്ക് ടോക്കണ്‍ നഷ്ടപരിഹാരമെന്ന നിലയില്‍ 25,000 രൂപ നല്‍കണമെന്നും ഉത്തരവിലുണ്ട്. നീതി ലഭിക്കുമെന്ന പ്രതീക്ഷയില്‍ പൊലീസിനെ സമീപിക്കുന്നവര്‍ക്ക് അത്തരം സംവിധാനത്തില്‍ തന്നെ വിശ്വാസം നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകരുത്. പല സംഭവങ്ങളിലും പൊലീസ് ഗുണ്ടകളെ പോലെ പെരുമാറുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2012 ഒക്ടോബര്‍ 21ന് രാത്രി 7.30ന് മാവേലിക്കരയില്‍ വീട്ടമ്മ ഉള്‍പ്പെടെയുള്ളവരെ വീട്ടില്‍ അതിക്രമിച്ചു കയറി മര്‍ദിക്കുകയും സ്വര്‍ണമാലയും മൊബൈല്‍ ഫോണും കവരുകയും ചെയ്തെന്നാണ് പരാതി. അന്വേഷണം നടത്തിയ ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി, മാവേലിക്കര സി.ഐ, ചെങ്ങന്നൂര്‍ എ.എസ്.പി എന്നിവര്‍, പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ കുറ്റക്കാരനല്ലന്നാണ് കണ്ടത്തെിയത്. തുടര്‍ന്ന് പൊലീസ് കംപ്ലയിന്റ് അതോററ്റിയെ സമീപിക്കുകയായിരുന്നു.

പരാതിക്കാരുടെ മൊഴിപോലും രേഖപ്പെടുത്താതെ പ്രതിയെ സഹായിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിച്ചെന്ന് കണ്ടത്തെിയ അതോറിറ്റി ഇവരെ താക്കീതുചെയ്തു. പൊലീസ് ഇക്കാര്യത്തില്‍ സഹപ്രവര്‍ത്തകനോടുള്ള മമത പ്രകടിപ്പിക്കുകയാണ് ചെയ്തത്. അന്വേഷണം നടത്തിയ മൂന്ന് ഉദ്യോഗസ്ഥരും ആര്‍ക്കും വിശ്വസിക്കാന്‍ കഴിയാത്ത ‘ഒരു ആനയെ ഉറുമ്പ് തിന്നു’എന്ന നിലയിലുള്ള റിപ്പോര്‍ട്ടാണ് നല്‍കിയതെന്നും നീതിന്യായ വ്യവസ്ഥയുടെ നടുവൊടിക്കുന്ന വിധത്തിലാണ് പൊലീസ് അന്വേഷണം നടന്നതെന്നും ഉത്തരവിലുണ്ട്.

Print Friendly, PDF & Email

Leave a Comment