Flash News

ബാര്‍ കോഴ: എല്ലാ രേഖകളും ഹാജരാക്കണം; കേസ് ഫെബ്രുവരി 16ന് പരിഗണിക്കും

January 16, 2016 , സ്വന്തം ലേഖകന്‍

km-mani-biju-ramesh-PDzlRതിരുവനന്തപുരം: മുന്‍ മന്ത്രി കെ.എം. മാണിക്കെതിരായ ബാര്‍ കോഴക്കേസിന്‍െറ എല്ലാ രേഖകളും ഹാജരാക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. കേസ് പരിഗണിക്കുന്നത് ഫെബ്രുവരി 16ലേക്ക് മാറ്റി. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പടെയുള്ളവരുടെ അഭിഭാഷകര്‍ കോടതിയില്‍ ഹാജരായി നോട്ടീസ് കൈപ്പറ്റി.

മാണിയെ കുറ്റമുക്തനാക്കിയുള്ള രണ്ടാം റിപ്പോര്‍ട്ട് കോടതി പരിഗണിച്ചപ്പോള്‍ വി.എസ്. അച്യുതാനന്ദന്‍െറ അഭിഭാഷകന്‍ പി.എ.അഹമ്മദ് ഉള്‍പ്പെടെ മുഴുവന്‍ കക്ഷികളുടെയും അഭിഭാഷകര്‍ കോടതിയില്‍ ഹാജരായിരുന്നു. തുടര്‍ന്നാണ് വിജിലന്‍സിനോട് കേസ് സംബന്ധിച്ച മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടത്. 148 പേജുള്ള തുടരന്വേഷണ റിപ്പോര്‍ട്ടില്‍ മാണി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കോടതിയുടെ മുന്‍ നിരീക്ഷണത്തെ വിജിലന്‍സ് ഖണ്ഡിക്കുന്നു.

ബാറുടമകളുമായി പാലായിലെ വീട്ടില്‍ മാണി 2014 മാര്‍ച്ച് 22ന് കൂടിക്കാഴ്ച നടത്തിയപ്പോള്‍ കോഴ നല്‍കിയതിന് തെളിവില്ലെന്നാണ് പുതിയ കണ്ടെത്തല്‍. ആദ്യ വസ്തുതാ റിപ്പോര്‍ട്ടില്‍ സാക്ഷിമൊഴികള്‍ക്കും സാഹചര്യത്തെളിവുകള്‍ക്കും നല്‍കിയ പ്രാമുഖ്യത്തെ പൂര്‍ണമായും രണ്ടാം തുടരന്വേഷണ റിപ്പോര്‍ട്ടില്‍ വിജിലന്‍സ് നിരാകരിക്കുന്നു. മദ്യനയംമൂലം കോടികളുടെ നഷ്ടം സംഭവിച്ച ബിജു രമേശ് സര്‍ക്കാറിനെ ഭീഷണിപ്പെടുത്താനാണ് കോഴ ആരോപണം ഉന്നയിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ബാര്‍ കോഴക്കേസിലെ സാക്ഷി മൊഴികള്‍ മിക്കതും തള്ളുന്നതുകൂടിയാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍െറ കോട്ടയം യൂനിറ്റ് പിരിച്ച തുക സാജു ഡൊമിനിക് പാലായിലെ വീട്ടില്‍വെച്ച് ജോണ്‍ കല്ലാട്ടിന് കൈമാറിയെന്ന സാജുവിന്‍െറ മൊഴി വിജിലന്‍സ് അംഗീകരിക്കുന്നില്ല.

ബാറുടമകള്‍ മാണിയുടെ വീട്ടിലുള്ള സമയത്ത് സാജു ഡൊമിനിക്കിന്‍െറ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പൊന്‍കുന്നമായിരുന്നെന്നും ഇവിടെനിന്ന് മാണിയുടെ വീട്ടിലേക്ക് വരാന്‍ ഒരു മണിക്കൂറോളം സമയം ആവശ്യമാണെന്നുമാണ് കണ്ടെത്തല്‍. ഇതു സ്ഥിരീകരിക്കുന്നതിനായി വിജിലന്‍സ് ഒരു വാഹനം പൊന്‍കുന്നത്തുനിന്ന് പാലായിലേക്കും തിരികെയും ഓടിച്ച് സമയം രേഖപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മാണിയുമായുളള കൂടിക്കാഴ്ചക്കു ശേഷം കോട്ടയത്തെ ബാറുടമകള്‍ ശേഖരിച്ച പണം അവിടത്തെ ഹോട്ടലില്‍വെച്ചാണ് അസോസിയേഷന്‍ ഭാരവാഹികള്‍ രാജ്കുമാര്‍ ഉണ്ണിക്ക് കൈമാറിയതെന്നും കണ്ടെത്തിയിട്ടുണ്ട്. ബാറുടമകള്‍ രണ്ടാംവട്ടം മാണിയെ സന്ദര്‍ശിച്ച തീയതി സംബന്ധിച്ച അവ്യക്തത ഇപ്പോഴും നിലനില്‍ക്കുന്നെങ്കിലും ഈ കൂടിക്കാഴ്ചയില്‍ കോഴപ്പണം നല്‍കിയില്ലെന്ന് വിജിലന്‍സ് ഉറപ്പിക്കുന്നു. മാര്‍ച്ച് 30നോ 31നോ ആവാം സന്ദര്‍ശനമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കോഴ കൈമാറിയത് കണ്ടുവെന്ന ബിജു രമേശിന്‍െറ ഡ്രൈവര്‍ അമ്പിളിയുടെ മൊഴി രണ്ടാം അന്വേഷണത്തില്‍ കെട്ടുകഥ മാത്രമാണെന്ന് തെളിഞ്ഞതായി റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്. 35 ലക്ഷം രൂപയടങ്ങിയ പ്ളാസ്റ്റിക് ബാഗ് രാജ്കുമാര്‍ ഉണ്ണിയുടെ ബന്ധു ശ്രീവത്സന്‍െറ വീട്ടില്‍നിന്ന് അമ്പിളി വാങ്ങിയെന്ന മൊഴി വിശ്വസനീയമല്ല. ഈ ചോദ്യത്തിന് നുണപരിശോധനയില്‍ നല്‍കിയ ഉത്തരത്തിലെ അവ്യക്തത ചൂണ്ടിക്കാട്ടിയാണ് മൊഴി തള്ളുന്നത്.

വിജിലന്‍സ് റിപ്പോര്‍ട്ട് അട്ടിമറിച്ചെന്ന് ബിജു രമേശ്; മന്ത്രി ബാബുവിന്‍െറ ഓഫിസില്‍നിന്ന് നല്‍കിയ തിരക്കഥ അനുസരിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്

ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണ്ടെന്ന ഇപ്പോഴത്തെ വിജിലന്‍സ് റിപ്പോര്‍ട്ട് അട്ടിമറിക്കപ്പെട്ടതാണെന്ന് ബിജു രമേശ്. തുടരന്വേഷണ റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് എസ്.പി സുകേശനുമേല്‍ കടുത്ത സമ്മര്‍ദമുണ്ടായിരുന്നു. ഇപ്പോള്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സുകേശന്‍േറതാണെന്ന് വിശ്വസിക്കുന്നില്ല. മന്ത്രി ബാബുവിന്‍െറ ഓഫിസില്‍നിന്ന് നല്‍കിയ തിരക്കഥ അനുസരിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്ന് സംശയിക്കുന്നതായും ബിജു രമേശ് പറഞ്ഞു.

ജനുവരി അഞ്ചിന് വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയെന്നാണ് രേഖകളില്‍നിന്ന് വ്യക്തമാകുന്നത്. എന്നാല്‍, ഏഴിന് സുകേശന്‍ കിഴക്കേകോട്ടയിലെ തന്‍െറ ഹോട്ടലില്‍ അന്വേഷണത്തിന്‍െറ ഭാഗമായി എത്തിരുന്നു. ഹോട്ടല്‍ ജീവനക്കാരെയും തന്നെയും ചോദ്യം ചെയ്യുകയും രേഖകള്‍ പരിശോധിക്കുകയും ചെയ്തു. അന്ന് അദ്ദേഹം ഏറെ പരിഭ്രാന്തനായി കാണപ്പെട്ടിരുന്നു. കാര്യമന്വേഷിച്ചപ്പോള്‍ ഡിപ്പാര്‍ട്മെന്‍റില്‍നിന്നും സഹപ്രവര്‍ത്തകരില്‍നിന്നും താന്‍ ഏറെ ഒറ്റപ്പെട്ടതായും ഡി.ജി.പി റാങ്കിലെ ഒരു ഉദ്യോഗസ്ഥന്‍ ഐ.പി.എസ് വേണ്ടേയെന്ന് ചോദിച്ചെന്നും സുകേശന്‍ പറഞ്ഞതായി ബിജു രമേശ് പറഞ്ഞു.

അഞ്ചിന് കേസ് അന്വേഷണം അവസാനിപ്പിച്ച സുകേശന്‍ എന്തിന് ഏഴിന് അന്വേഷണത്തിന് വീണ്ടുമത്തെിയെന്ന് ബിജു രമേശ് ചോദിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് ഉച്ചവരെ സുകേശന്‍ ഹോട്ടലില്‍ ഉണ്ടായിരുന്നതും തന്നോട് ഇക്കാര്യങ്ങള്‍ സംസാരിച്ചതും ഹോട്ടലിലെ സി.സി.ടി.വി കാമറകളിലുണ്ടെന്നും ഇതു കോടതിയില്‍ ഹാജരാക്കുമെന്നും ബിജു രമേശ് പറഞ്ഞു. സുകേശന്‍ തയാറാക്കിയ യഥാര്‍ഥ റിപ്പോര്‍ട്ടല്ല കോടതിയില്‍ എത്തിയതെന്ന് സംശയിക്കുന്നതിന് പലകാരണങ്ങള്‍ ഉണ്ട്. സീഡിയില്‍ മാറ്റം വരുത്തിയത് ശബ്ദം കൂട്ടാനാണ്. ചിലര്‍ക്കെതിരെ ബാറുടകള്‍ നടത്തിയ സഭ്യമല്ലാത്ത പരാമര്‍ശങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. കോടതിയില്‍ സമര്‍പ്പിച്ച സീഡിയില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഇക്കാര്യങ്ങളെല്ലാം മൊഴിയില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടില്‍ ഇവയൊന്നും പരിഗണിച്ചിട്ടില്ല. ബാറുടമകള്‍ മൊത്തം 25 കോടി പിരിച്ചുനല്‍കിയിരുന്നു. ഇതില്‍ ഒരു കോടി മാത്രമാണ് മാണിക്ക് നല്‍കിയത്. ബാക്കി മന്ത്രിസഭയിലെ ചില അംഗങ്ങള്‍ക്കാണ് പോയത്. ഇത് അന്വേഷിച്ചാല്‍ മന്ത്രി ബാബു അടക്കം മന്ത്രിസഭയിലെ പല ഉന്നതരും കുടുങ്ങുമെന്നതിനാലാണ് തുടരന്വേഷണം തടയാന്‍ ശ്രമിക്കുന്നതെന്നും ബിജു രമേശ് ആരോപിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top