Flash News

A Supreme Court verdict against democracy – തിരുത്തിക്കേണ്ട ഒരു സുപ്രീം കോടതി വിധി

January 17, 2016 , അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

supreme titileഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെ ഒരു കറുത്ത ഏടായി സുപ്രിം കോടതിയുടെ വിധി മാറുകയാണ്. ജനാധിപത്യം സംബന്ധിച്ച ദേശീയ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന സങ്കല്‍പ്പത്തിനും അതു ക്രോഡീകരിച്ച ഭരണഘടനക്കുംമേല്‍ ഒരു കറുത്തപാട്. ഹരിയാന ഗവണ്മെന്റിന്റെ പഞ്ചായത്ത് നിയമഭേദഗതിക്ക് കോടതി നല്‍കിയ അംഗീകാരം.

the-original-and-laterസംസ്ഥാനത്തെ പാതിയിലേറെ വരുന്ന ജനങ്ങള്‍ക്ക് പഞ്ചായത്ത് സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതില്‍ അയോഗ്യത പ്രഖ്യാപിക്കുന്ന ഭേദഗതി നിയമം കോടി ശരിവെച്ചു. സമ്പൂര്‍ണ്ണമായി പ്രവര്‍ത്തിക്കുന്ന കക്കൂസ് സ്വന്തമായില്ലെങ്കില്‍, പുതുതായി നിശ്ചയിച്ച വിദ്യാഭ്യാസ യോഗ്യത ഇല്ലെങ്കില്‍ എന്തിനേറെ രണ്ടിലേറെ കുഞ്ഞുങ്ങളുടെ അമ്മയോ അച്ഛനോ ആണെങ്കില്‍ പഞ്ചായത്തീരാജ് സ്ഥാപനങ്ങളിലേക്ക് മത്സരിക്കാന്‍ ഹരിയാനയിലെ സമ്മതിദായകര്‍ക്ക് യോഗ്യതയില്ല. പഞ്ചായത്തുതൊട്ട് നിയമസഭയിലേക്കും പാര്‍ലമെന്റിലേക്കുംവരെ ഈ അയോഗ്യരുടെ വോട്ട് സ്ഥാനാര്‍ത്ഥികള്‍ക്ക് യോഗ്യത നല്‍കുന്നതാണെങ്കിലും.

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശം നല്‍കിക്കൂടേ എന്ന സുപ്രിം കോടതിയുടെ ചോദ്യവും ജല്ലിക്കെട്ട് തടഞ്ഞുകൊണ്ടുള്ള ഉത്തരവും മറ്റും ഏറെ ചര്‍ച്ചചെയ്യപ്പെടുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും ഭരണാധികാരം കൈവശപ്പെടുത്താനും അരയും തലയും മുറുക്കുന്ന ഭരണ-പ്രതിപക്ഷങ്ങളും എന്തും ജനാധിപത്യത്തിന്റെ അടിസ്ഥാനശിലയില്‍നിന്നു നോക്കിക്കാണുന്ന നമ്മുടെ മാധ്യമങ്ങളും സുപ്രിംകോടതി തിരുത്തേണ്ട, പാര്‍ലമെന്റ് ഇടപെടേണ്ട, ഭരണഘടനാ വിരുദ്ധമായ ഈ വിധിയെ ഗൗരവമായെടുക്കുന്നില്ല. ജനങ്ങളെ ബോധവത്ക്കരിച്ച് അതിനെതിരായ പ്രതിഷേധത്തിനും തിരുത്തല്‍ നടപടികള്‍ക്കും തയാറാക്കുന്നില്ല.

വൈദ്യുതി കുടിശിക വരുത്തുന്നവര്‍ക്കും. സഹകരണ സ്ഥാപനങ്ങളില്‍ കുടിശിക വരുത്തിയവര്‍ക്കും. പത്തുവര്‍ഷത്തേക്ക് തടവുശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കേസുകളിലെ കുറ്റപത്രത്തില്‍ പെട്ടവര്‍ക്കും ഈ നിയമം വിലക്കു കല്പിക്കുന്നു.

Constitution Drafting Committee

Constitution Drafting Committee

ഹരിയാനയിലെ 165 ലക്ഷം ജനസംഖ്യയില്‍ 57 ശതമാനം വരുന്ന 72 ലക്ഷം പേര്‍ക്ക് അവിടെ മേലില്‍ പഞ്ചായത്ത് തലങ്ങളില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ കഴിയില്ല. പട്ടികജാതിക്കാരായ സ്ത്രീകളിലെ 40 ശതമാനവും പുരുഷന്മാരിലെ 21 ശതമാനവും അയോഗ്യരാകും.

രാജ്ബാലയും ഹരിയാന ഗവണ്മെന്റും തമ്മിലുള്ള ഈ കേസില്‍ പ്രത്യേകം എഴുതിയ വിധിന്യായങ്ങളിലാണ് ജസ്റ്റിസ് ജെ. ചെലമേശ്വരും ജസ്റ്റിസ് അഭയ് മനോഹര്‍ സാപ്രയും നിയമഭേദഗതിക്ക് അംഗീകാരം നല്‍കിയത്. സുപ്രിംകോടതിയിലെ സീനിയര്‍ അഡ്വക്കറ്റ് ഇന്ദിരാ ജയ്‌സിങ് മുതല്‍ നാല് അഭിഭാഷകര്‍ ഈ കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. എന്നിട്ടും ബി.ജെ.പി ഗവണ്മെന്റ് കൊണ്ടുവന്ന ഈ ജനാധിപത്യ വിരുദ്ധ നിയമത്തിനെതിരെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രതിനിധിയും സുപ്രിം കോടതിയില്‍ കക്ഷി ചേര്‍ന്നില്ല.

ഭരണഘടനാ നിര്‍മ്മാണസഭ ഭരണഘടനയുടെ ഭാഗമാക്കിയതും പിന്നീട് ഭേദഗതികളിലൂടെ പുഷ്ടിപ്പെടുത്തിയതുമായ അവകാശങ്ങളാണ് ഒരു വിഭാഗത്തിന് നിഷേധിക്കുന്നത്. അവരാകട്ടെ സമൂഹത്തിലെ ദുര്‍ബല, പിന്നോക്ക, ദളിത് വിഭാഗങ്ങള്‍ ഉള്‍പ്പെട്ടവരാണ്, ദരിദ്രരാണ്. സാര്‍വത്രിക, സൗജന്യ നിര്‍ബന്ധിത വിദ്യാഭ്യാസം (ആര്‍.ടി.ഇ) അവരുടെ അവകാശമായി വ്യവസ്ഥ ചെയ്തിട്ടുള്ളതാണ്. അത് സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണെന്ന് 2009-ലെ 86-ാം ഭരണഘടനാ ഭേദഗതി(21(എ)വകുപ്പ് ) വ്യവസ്ഥചെയ്തതാണ്.

നേരത്തെ ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാന്‍ ഗവണ്മെന്റ് സ്വീകരിച്ച വഴിയിലൂടെ കുറേക്കൂടി ദരിദ്ര ജനവിഭാഗങ്ങളുടെ ജനാധിപത്യാവകാശം ഹരിയാനയിലെ ബി.ജെ.പി ഗവണ്മെന്റ് ഇപ്പോള്‍ കവര്‍ന്നെടുക്കുന്നു. ഇതിനിടെ സോഷ്യലിസ്റ്റ് പാരമ്പര്യമുള്ള നിതീഷ് കുമാറിന്റെ ബിഹാറിലെ ഗവണ്മെന്റും ആ വഴിക്കുനീങ്ങി. വീടുകളില്‍ സ്വന്തമായി കക്കൂസുകള്‍ ഇല്ലാത്തവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിച്ചുകൂടെന്ന് വ്യവസ്ഥ ചെയ്തു. ഈ മൂന്ന് സംസ്ഥാനങ്ങളിലേയും ജനാധിപത്യ വിരുദ്ധ നിയമങ്ങള്‍ക്ക് 1994-ല്‍ ഹരിയാന ഗവണ്മെന്റാണ് തുടക്കമിട്ടത്.

DrAmbedkar_SiddharthaC20അന്ന് ഹരിയാന സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരുന്ന കുടുംബാസൂത്രണ പരിപാടി വിജയിപ്പിക്കാനായിരുന്നു അത്. രണ്ടിലേറെ കുട്ടികളുള്ളവര്‍ക്ക് പഞ്ചായത്ത് സ്ഥാപനങ്ങളിലേക്ക് മത്സരിക്കാന്‍ അയോഗ്യത നിശ്ചയിച്ച്. ഇപ്പോള്‍ കൂടുതല്‍ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി സമഗ്രമായ ഭേദഗതിയിലൂടെ ജനാധിപത്യത്തില്‍ അധികാരം പങ്കിടാന്‍ യോഗ്യരും അയോഗ്യരുമായ രണ്ടുവര്‍ഗത്തെ ഹരിയാന നിയമംവഴി സൃഷ്ടിക്കുന്നു. സുപ്രിംകോടതി അതിന് മേലൊപ്പു വെക്കുകയും. മറ്റ് സംസ്ഥാനങ്ങളിലും ഈ വഴിയേ നീങ്ങാനുള്ള പ്രേരണ ചെലുത്തിക്കൊണ്ട്.

വോട്ടുള്ളവരും ഇല്ലാത്തവരും എന്ന രണ്ടുവര്‍ഗത്തെ സാമ്പത്തികാടിസ്ഥാനത്തില്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ ഇന്ത്യയില്‍ സൃഷ്ടിച്ചിരുന്നു. കരമടച്ചതിന്റെ രസീതി ഇല്ലാത്തവര്‍ക്ക് വോട്ടവകാശമുണ്ടായിരുന്നില്ല. ഇപ്പോള്‍ സമ്പത്തുള്ളവരും ഇല്ലാത്തവരും എന്ന നിലയിലേക്ക് ജനാധിപത്യ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റുമ്പോള്‍ സംഭവിക്കുന്നത് പഴയതുതന്നെ. സാര്‍വ്വത്രിക വിദ്യാഭ്യാസം നിര്‍ബന്ധവും സര്‍ക്കാറിന്റെ ഉത്തരവാദിത്വവുമാക്കിയ രാജ്യത്ത് നിരക്ഷരരും വിദ്യാഭ്യായ യോഗ്യതയില്ലാത്തവരും ശേഷിക്കുന്നെങ്കില്‍ അതിന്റെ അയോഗ്യത സംസ്ഥാന കേന്ദ്ര സര്‍ക്കാറുകളുടേതാണ്. അതിന്റെ ശിക്ഷ ഏറ്റുവാങ്ങേണ്ടത് പൗരന്മാരല്ല, സര്‍ക്കാറുകളാണ്.

വിദ്യാഭ്യാസ യോഗ്യതയല്ല പൗരന്റെ യോഗ്യതയുടെ മാനദണ്ഡമെന്ന് ഭരണഘടനാ നിര്‍മ്മാണസഭയില്‍ വ്യക്തമാക്കപ്പെട്ടതാണ്. മഹാരാജാ രഞ്ജിത് സിങും ശിവജിയും അക്ഷരാഭ്യാസമില്ലാഞ്ഞിട്ടും മികച്ച ഭരണാധികാരികളായിരുന്നു എന്ന് ഭരണഘടനാ നിര്‍മ്മാതാക്കള്‍ അന്ന് ചൂണ്ടിക്കാണിച്ചു. പരിമിതമായ വിദ്യാഭ്യാസമുണ്ടായിരുന്ന അക്ബര്‍ ചക്രവര്‍ത്തിപോലും മികച്ച ഭരണാധികാരിയായിരുന്നെന്നും. വസ്തുവകകളോ സ്വത്തുക്കളോ പൗരന്റെ വോട്ടുചെയ്യാനോ സ്ഥാനാര്‍ത്ഥിയാകാനോ ഉള്ള യോഗ്യതയായി നിശ്ചയിക്കുന്ന പ്രശ്‌നമില്ലെന്ന് ഡോ. ഭീം റാവു അംബേദ്കര്‍ തന്നെ വ്യക്തമാക്കി.

ജ. ചെലമേശ്വര്‍ ഈ വിധിയില്‍ നടത്തിയ പരാമര്‍ശം അമ്പരപ്പിക്കുന്നതും അസ്വസ്ഥമാക്കുന്നതുമാണ്. വിദ്യാഭ്യാസ യോഗ്യതയില്ലെങ്കില്‍ തെറ്റും ശരിയും തിരിച്ചറിയാനുള്ള ശേഷിയുണ്ടാവില്ലെന്ന്! ആ ശേഷിയില്ലാത്തവരാണല്ലോ നിയമസഭയിലേക്കും ലോകസഭയിലേക്കും വോട്ടുചെയ്ത് സാമാജികരേയും മന്ത്രിമാരേയും സൃഷ്ടിക്കുന്നത്. ഇത് ഒരു വശത്ത് ഭരണഘടന അനുവദിക്കുമ്പോള്‍ പഞ്ചായത്ത് നഗര സഭകളില്‍ ഇവരില്‍ ഒരു വിഭാഗത്തെ രണ്ടാംതരം പൗരന്മാരായി ജനാധിപത്യ പ്രക്രിയയുടെ പരിധിയില്‍നിന്ന് അകറ്റിനിര്‍ത്തുന്നു. അതിനെയാണ് സുപ്രിംകോടതി ശ്ലാഘിക്കുന്നത്. നിയമ നിര്‍മ്മാണത്തില്‍ സംഭവിച്ച തെറ്റായ തത്വങ്ങള്‍ തിരുത്തേണ്ട ബാധ്യത തങ്ങളുടേതാണെന്ന് സ്വയം എഴുതിവെച്ച സുപ്രിംകോടതി.

haryana-panchayat-election-regulationsഭരണപരമായ യോഗ്യത വിദ്യാഭ്യാസ യോഗ്യതകൊണ്ടുമാത്രം കിട്ടുമെങ്കില്‍ പ്രധാനമന്ത്രിക്കും സഭയെ നിയന്ത്രിക്കുന്ന സ്പീക്കര്‍ക്കും മന്ത്രിക്കുമൊക്കെ വിശേഷാല്‍ യോഗ്യത നിയമംവഴി വ്യവസ്ഥ ചെയ്യേണ്ടതല്ലേ. നേരത്തെ ഈ നിയമം ഉണ്ടായിരുന്നെങ്കില്‍ കാമരാജ് നാടാരെപ്പോലുള്ള പ്രഗത്ഭ ഭരണകര്‍ത്താക്കളെ രാജ്യത്തിന് നഷ്ടപ്പെടുമായിരുന്നു. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നാല് അതിരുകളില്‍നിന്നു മാത്രം നേടുന്നതല്ല വിദ്യാഭ്യാസ യോഗ്യത. അത് സമൂഹത്തില്‍നിന്നാകെ ഒരു വ്യക്തി ആര്‍ജ്ജിക്കുന്നതും തിരിച്ച് സമൂഹത്തില്‍ വികിരണം ചെയ്യുന്നതുമാണ്. രാഷ്ട്രീയക്കാര്‍ മറന്നാലും സുപ്രംകോടതി അത് മറക്കാന്‍ പാടില്ലായിരുന്നു. നിയമപരിധിക്കപ്പുറം പിറക്കുന്ന കുട്ടി ജനപ്രതിനിധിയുടേയോ മന്ത്രിയുടേയോ ഭരണപരമായ കഴിവിനെ എങ്ങനെ ബാധിക്കുമെന്നും വിശദീകരിക്കേണ്ടേ.

അയല്‍പക്കമായ പാക്കിസ്താനില്‍ പ്രസിഡന്റായിരുന്ന പര്‍വേഷ് മുഷാറഫ് കൊണ്ടുവന്ന ഭരണഘടനാ ഭേദഗതി അവിടെ സുപ്രംകോടതി കൈകാര്യം ചെയ്ത ചരിത്രം നമ്മുടെ സുപ്രിംകോടതിക്കെങ്കിലും അറിയേണ്ടതായിരുന്നു. ദേശീയ അസംബ്ലി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിരുദം അവശ്യയോഗ്യതയാക്കി മുഷാറഫ്. അതുവഴി 97 ശതമാനം പേരെയും മത്സരക്കളത്തിന്റെ പരിധിക്കു പുറത്താക്കി. ഇപ്പോള്‍ ഹരിയാന, രാജസ്ഥാന്‍, ബിഹാര്‍ ഗവണ്മെന്റുകളും സുപ്രിംകോടതിതന്നെയും ന്യായീകരിക്കുമ്പോലെ അവരും ന്യായീകരിച്ചു. രാഷ്ട്രീയ സംസ്‌ക്കാരം പരിവര്‍ത്തനപ്പെടുത്തുന്ന ഒരു കാല്‍വെയ്‌പ്പെന്നാണ് പാക് സുപ്രിംകോടതി വിധിച്ചത്.

2008-ല്‍ വിശാലമായ ഒരു ഭരണഘടനാ ബഞ്ച് മുമ്പാകെ ഈ വിധി ചോദ്യംചെയ്യപ്പെട്ടു. വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരെ വര്‍ഗീകരിക്കുന്നത് തെറ്റാണെന്നും അത് ജനാധിപത്യത്തിന്റെ അന്ത:സത്തക്ക് എതിരാണെന്നും പാക് സുപ്രിംകോടതി ഒടുവില്‍ വിധിച്ചു.

കോടതി പാവപ്പെട്ടവനേയും ധനികനേയും രണ്ടുരീതിയിലാണ് കാണുന്നത് എന്നും അവര്‍ പ്രതിനിധീകരിക്കുന്ന വര്‍ഗത്തിന്റെ താല്പര്യമാണ് വിധികളില്‍ പ്രതിഫലിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി ഇ.എം.എസ് പറഞ്ഞപ്പോള്‍ കേസായി, കോടതിയലക്ഷ്യമായി. പില്‍ക്കാലത്ത് ഭരണഘടനയോടും ജനപക്ഷത്തോടും ചേര്‍ന്നുനിന്ന് സുപ്രിംകോടതി പലവിധിന്യായങ്ങളും പുറപ്പെടുവിച്ചു. ആ സുവര്‍ണ്ണകാലം എഴുപതുകള്‍ക്കുശേഷമായിരുന്നു. ഇപ്പോള്‍ സ്ഥിതി വീണ്ടും മാറിയിരിക്കുന്നു. രാഷ്ട്രീയ സമൂഹത്തോട് ചേര്‍ന്നും ലയിച്ചും ആഗോളീകരണ നയങ്ങള്‍ക്ക് സഹായകമായും കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും വലതുപക്ഷത്തേക്ക് സുപ്രിംകോടതിപോലും നീങ്ങുകയാണ്. അതിന്റെ തുടര്‍ച്ചയാണ് ജ. ചെലമേശ്വരുടെ പരാമര്‍ശങ്ങളും ന്യായീകരണങ്ങളും ഉള്‍ക്കൊള്ളുന്ന വിധി എന്ന് അത് സ്വയം വിശദീകരിക്കുന്നു.

panchayat-kvAI--621x414@LiveMintനിയമങ്ങളോ ഗവണ്മെന്റോ കോടതികളോ അല്ല ജനാധിപത്യത്തില്‍ അതിന്റെ വഴി നിര്‍ണ്ണയിക്കുന്നത്. ശരിയും തെറ്റും തെരഞ്ഞെടുക്കുന്നത്. സമ്മതിദാനാവകാശത്തിലൂടെ ജനങ്ങളാണ് അത് നിര്‍വ്വഹിക്കുന്നത്. കറുപ്പും വെളുപ്പും തിരിച്ചറിഞ്ഞും തെറ്റും ശരിയും വിവേചനം ചെയ്തും അത് നിര്‍വ്വഹിക്കാനുള്ള പക്വത ഇന്ത്യയിലെ ജനങ്ങള്‍ പല തവണ തെളിയിച്ചതാണ്. അതവര്‍ക്ക് വിട്ടുകൊടുക്കുകയാണ് ഹരിയാന ഗവണ്മെന്റ് ചെയ്യേണ്ടത് എന്ന് സുപ്രംകോടതി ചൂണ്ടിക്കാണിക്കുകയായിരുന്നു യഥാര്‍ത്ഥത്തില്‍ വേണ്ടത്.

കേരളം, തമിഴ്‌നാട്, ബംഗാള്‍ അടക്കം രണ്ടുമാസത്തിനുശേഷം ജനവിധിയിലേക്ക് നീങ്ങുകയാണ്. വികസന പഠനകോണ്‍ഗ്രസ്സുകളുടേയും സെമിനാറുകളുടേയും പരമ്പരകള്‍ അരങ്ങേറുകയാണ്. മാനിഫെസ്റ്റോകള്‍ ജനങ്ങളുടെ ചര്‍ച്ചക്കു വിധേയമാക്കി നവീകരിക്കുകയാണ്. ഇക്കാര്യത്തില്‍ എല്ലാവരും മത്സരിക്കുമ്പോള്‍ ഇന്ത്യന്‍ ജനതയേയും ജനാധിപത്യത്തേയും ബാധിക്കുന്ന രാജ്ബാലയും ഹരിയാന സര്‍ക്കറും തമ്മിലുള്ള കേസുമായി ബന്ധപ്പെട്ട സുപ്രിംകോടതിവിധി അടിയന്തര ചര്‍ച്ച ആകേണ്ടതാണ്.

ഈ വിഷയത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസും സി.പി.എമ്മും ഉള്‍പ്പെടുന്ന മുന്നണികളും മറ്റ് പ്രാദേശിക പാര്‍ട്ടികളുമൊക്കെ എന്തു നിലപാടാണ് തങ്ങളുടേതെന്ന് വിശദീകരിക്കേണ്ടതുണ്ട്. അങ്ങനെ ഒരു രാഷ്ട്രീയ സംവാദം മാത്രമായി അവസാനിപ്പിച്ചാലും പോരാ.

പാക്കിസ്താനില്‍ പര്‍വേഷ് മുഷാറഫ് ഗവണ്മെന്റിന്റെ ഭരണഘടനാ ഭേദഗതി സുപ്രിംകോടതിയുടെ വിശാലമായ ബഞ്ച് പരിഗണിച്ച് തീരുമാനിച്ചതുപോലെ ഈ രണ്ടംഗ ജഡ്ജിമാരുടെ തീര്‍പ്പ് സുപ്രിംകോടതിയുടെ ഒരു വിശാല ബഞ്ചിന്റെ പരിഗണനയിലേക്കെത്തിക്കേണ്ടതുണ്ട്. അതുപോലെ പാര്‍ലമെന്റുതന്നെ നിയമനിര്‍മ്മാണത്തിലൂടെ ഈ തെറ്റ് തിരുത്താനും മുന്നോട്ടുവരണം. ഇക്കാര്യത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും നിലപാട് എന്താണെന്ന് മാധ്യമങ്ങളും ജനങ്ങളും ഉന്നയിക്കണം. വിശേഷിച്ചും തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍. അങ്ങനെ മാത്രമേ നീതിക്കേറ്റ ഈ തിരിച്ചടിക്ക് അടിയന്തര പരിഹാരം കാണാനാകൂ.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top