പാരിസ്ഥിതിക അനുമതിയില്ലാത്ത ഭവനപദ്ധതികള്‍ നിയമവിരുദ്ധം- സുപ്രീംകോടതി

supremeന്യൂഡല്‍ഹി: പാരിസ്ഥിതികാനുമതിയില്ലാത്ത ഭവനനിര്‍മാണ പദ്ധതികള്‍ നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി. പാരിസ്ഥിതികാനുമതിയില്ലാത്ത നിര്‍മാണങ്ങള്‍ നിര്‍ത്തിവെക്കാനുള്ള ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് മുമ്പ് സ്റ്റേ ചെയ്തത് തെറ്റായിപ്പോയെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. നൂറുകണക്കിന് ഭവന നിര്‍മാണ പദ്ധതികളെ ബാധിക്കുന്നതാണ് സുപ്രീംകോടതി നിലപാട്.

മുന്‍കൂര്‍ പാരിസ്ഥിതിക അനുമതിയില്ലാതെ നിര്‍മാണം നടത്തിയ കെട്ടിട നിര്‍മാതാക്കളെ കുറ്റമുക്തരാക്കിക്കൊണ്ടുള്ള 2012ലെ യു.പി.എ സര്‍ക്കാറിന്റെ ഉത്തരവും പിന്നീട് ഇതിനുകൊണ്ടുവന്ന ഭേദഗതിയും ദേശീയ ഹരിത ട്രൈബ്യൂണല്‍ നിയമവിരുദ്ധമാണെന്ന് കണ്ടത്തെി റദ്ദാക്കിയിരുന്നു. ഇതേതുടര്‍ന്ന് തമിഴ്നാട്ടിലെ ഏഴ് സ്വകാര്യ നിര്‍മാതാക്കള്‍ക്ക് 76.19 കോടി രൂപ പിഴ വിധിക്കുകയും ചെയ്തു. ഇവരുടെ ഹരജിയില്‍ സുപ്രീംകോടതി ഇതിന് സ്റ്റേ അനുവദിച്ചു. ഇതോടെ ഇവരുള്‍പ്പെടെ നിരവധി നിര്‍മാതാക്കള്‍ അനുമതിയില്ലാതെ നിര്‍മാണം തുടരുകയായിരുന്നു.

ഇതിനിടെ വെള്ളിയാഴ്ച ഒരു നിര്‍മാണ കമ്പനികൂടി കേസില്‍ കക്ഷിചേര്‍ന്ന് സ്റ്റേ ആനുകൂല്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചതോടെയാണ് മുമ്പ് സ്റ്റേ അനുവദിച്ചത് തെറ്റായിപ്പോയെന്ന് സുപ്രീംകോടതി പറഞ്ഞത്.

മുന്‍കൂര്‍ പാരിസ്ഥിതികാനുമതിയില്ലാതെ ഇത്തരം വന്‍കിട പദ്ധതികള്‍ക്ക് എങ്ങനെയാണ് അനുമതി കിട്ടുന്നതെന്ന് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുറും ജസ്റ്റിസ് ആര്‍. ഭാനുമതിയും ഉള്‍പ്പെട്ട ബെഞ്ച് ചോദിച്ചു. പുതിയ ഹരജിയും മറ്റ് ഹരജികള്‍ക്കൊപ്പം ചേര്‍ത്ത് സ്റ്റേ ഒഴിവാക്കുന്നത് പരിഗണിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി. പരിസ്ഥിതിയെ മലിനമാക്കുന്നതിന് പുറമേ, നിയമവിരുദ്ധമായി നിര്‍മിച്ച കെട്ടിടം വാങ്ങാന്‍ പ്രേരിപ്പിച്ച് ഉപഭോക്താക്കളെ വഞ്ചിക്കുക കൂടിയാണ് കമ്പനികള്‍ ചെയ്യുന്നത്. കേസിലെ മറ്റ് കക്ഷികള്‍ക്കും നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment