92 വയസ്സുകാരന് 50കാരനെക്കാള്‍ പ്രവര്‍ത്തനപരിചയം കൂടുമെന്ന് കാനം രാജേന്ദ്രന്‍

220px-KANAM_RAJENDRAN_DSC_0121.Aതിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയെ അനുകൂലിച്ചുള്ള പിണറായി വിജയന്റെ അഭിപ്രായം അദ്ദേഹത്തിന്റെത് മാത്രമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ലാവലിന്‍ കേസില്‍ നിയമം അതിന്‍െറ വഴിക്ക് പോകും. 92 വയസ്സുകാരന് 50കാരനെക്കാള്‍ പ്രവര്‍ത്തനപരിചയം കൂടുമെന്നും വി.എസിന്റെ പ്രായാധിക്യത്തെ സംബന്ധിച്ച് അദ്ദേഹം പറഞ്ഞു.

എല്‍.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ വിഴിഞ്ഞം കരാര്‍ റദ്ദാക്കില്ലന്നത് അടക്കമുള്ളത് പിണറായിയുടെ അഭിപ്രായമാണ്. എല്‍.ഡി.എഫ് തീരുമാനിച്ചതല്ല അത്. എക്സ്പ്രസ് ഹൈവേയുടെ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഉയര്‍ന്നുവന്നതാണ് അതിവേഗ റെയില്‍പാത. സി.പി.എം പഠന കോണ്‍ഗ്രസില്‍ ഉയര്‍ന്ന അഭിപ്രായം അതിന്റെതാണ്. അവ പ്രായോഗികമായി എങ്ങനെ നടപ്പാക്കുമെന്നതില്‍ ചര്‍ച്ച ആവശ്യമാണ്. ഓരോ കക്ഷിക്കും വ്യത്യസ്ത അഭിപ്രായം ഉണ്ടാവും. അതെല്ലാം ചേര്‍ന്നാണ് എല്‍.ഡി.എഫ് പ്രകടനപത്രിക തയാറാക്കുന്നത്.

തെരഞ്ഞെടുപ്പില്‍ നയിക്കുന്നതും മുഖ്യമന്ത്രിയാകുന്നതും രണ്ടാണ്. മുഖ്യമന്ത്രി ആരെന്ന് അറിഞ്ഞ് മാത്രമല്ല ജനം വോട്ട് ചെയ്യുന്നത്. പാര്‍ട്ടികളുടെ നയപരിപാടി അറിഞ്ഞാണ് വോട്ട് ചെയ്യുന്നത്. എല്‍.ഡി.എഫിനെ മുന്നണി നേതൃത്വം നയിക്കും. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ നയിച്ചത് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment