ശിവസേനയുടെ പ്രതിഷേധത്തിനിടെ ഗുലാം അലി കോഴിക്കോട്ട് പാടി

gulam ali at Kozhikodeകോഴിക്കോട്: ശിവസേന പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെ കോഴിക്കോട്ട് കനത്ത സുരക്ഷയില്‍ ഗുലാം അലിയുടെ ഗസല്‍ സന്ധ്യ. കനത്ത പൊലീസ് സുരക്ഷയുണ്ടായിട്ടും ശിവസേനക്കാര്‍ ‘ഗോബാക്’ വിളികളുമായി എത്തി.

ശിവസേന ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിപാടി നടന്ന സ്വപ്നനഗരിയിലേക്ക് മാര്‍ച്ച് നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രകടനത്തില്‍ പാക് പതാക കത്തിച്ച് പ്രതിഷേധിച്ചു. കലയോടും കലാകാരന്മാരോടുമുള്ള അസഹിഷ്ണുതയല്ല തങ്ങളുടെ പ്രതിഷേധത്തിന് കാരണമെന്നും സംസ്ഥാന സര്‍ക്കാറിന്‍െറ അഴിമതി മറയ്ക്കാനാണ് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള പരിപാടിയെന്നും ഉദ്ഘാടനം ചെയ്ത ജില്ലാ പ്രസിഡന്‍റ് കെ. തുളസീദാസ് പറഞ്ഞു.

വിവിധ പാര്‍ട്ടികള്‍ക്കൊപ്പം നരേന്ദ്ര മോദിക്കെതിരെയും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെതിരെയും മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു. കനത്ത പൊലീസ് കാവലും ജലപീരങ്കിയടക്കമുള്ള സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിരുന്നു. പ്രകടനം നടത്തിയ 20ഓളം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഗുലാം അലിയുടെ ഗസല്‍ സന്ധ്യ എം.ടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കൈതപ്രം ദാമോദരന്‍ നമ്പൂതിരി സ്വാഗതഗാനം ആലപിച്ചു. മന്ത്രിമാരായ എം.കെ. മുനീര്‍, എ.പി. അനില്‍കുമാര്‍, എം.എ. ബേബി എം.എല്‍.എ എന്നിവര്‍ ചേര്‍ന്ന് ഗുലാം അലിക്ക് ആറന്മുള കണ്ണാടി ഉപഹാരമായി നല്‍കി. ഗുലാം അലി ചിട്ടപ്പെടുത്തിയ പഴയ ഗ്രാമഫോണ്‍ റെക്കോഡ് മേയര്‍ വി.കെ.സി. മമ്മത്കോയ കോഴിക്കോടിന്‍െറ ഉപഹാരമായി നല്‍കി. എം.കെ. രാഘവന്‍ എം.പി പൊന്നാട അണിയിച്ചു.

ഗുലാം അലി ചിട്ടപ്പെടുത്തിയ ‘പിയാ ബിന്‍ ആയാ ചാന്ദ് നിരാദ്…’ എന്ന ഗസല്‍ ആലപിച്ച് പണ്ഡിറ്റ് വിശ്വനാഥാണ് ചാന്ദ്നീരാതിന് തുടക്കംകുറിച്ചത്. ‘ദില്‍ കി ജോ തുംനെ കഭീ…’ എന്ന ഗസലോടെയായിരുന്നു ഗുലാം അലിയുടെ തുടക്കം. ‘ഹം തേരേ ഷഹര്‍ മേ ആയേ ഹെ, മുസാഫിര്‍ കി തരഹ്…’ എന്ന ഗസലുകള്‍ അദ്ദേഹം പാടി. ‘മെ നസര്‍സേ ബീ തക്…’, ‘ദില്‍ മെ ഏക് ലഹര്സെ ഉഠീഹെ അഭീ…’ ‘കല്‍ ജോതു വീ കിത്നീ…’ തുടങ്ങിയ ഗസലുകളും ആലപിച്ചു. ‘ചുപ്കെ ചുപ്കെ രാത് ദിന്‍ ആര്‍സു ബഹാനാ യാദ് ഹെ’ എന്ന ഗാനം ഗുലാം അലിയും മകനും ചേര്‍ന്നാണ് ആലപിച്ചത്. സഹഗായകനായി പണ്ഡിറ്റ് വിശ്വനാഥും ഗുലാം അലിയുടെ മകന്‍ ആമിര്‍ അലിയുമടക്കം വേദിയിലുണ്ടായിരുന്നു.

 

Print Friendly, PDF & Email

Leave a Comment