പൊതുചടങ്ങില്‍ കെജ്രിവാളിനു നേരെ യുവതി കരിമഷി ഒഴിച്ചു

Protest during Kejriwal's thanksgiving rallyന്യൂഡല്‍ഹി: പൊതുചടങ്ങില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനുനേരെ യുവതി കരിമഷി ഒഴിച്ചു. ഒറ്റ-ഇരട്ട അക്ക വാഹനനിയന്ത്രണ പദ്ധതി വിജയകരമാക്കിയതിന് നന്ദിപ്രകാശിപ്പിച്ച് ഡല്‍ഹി സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സംഭവം. മഷി എറിഞ്ഞ ഭാവന അരോര എന്ന യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി.

പഞ്ചാബിലെ ആം ആദ്മി സേന പ്രവര്‍ത്തക എന്നവകാശപ്പെട്ട യുവതി കുറച്ച് കടലാസുകളും സീഡിയുമായി പ്രസംഗപീഠത്തിനു മുന്നില്‍നിന്ന് അഴിമതി ആരോപണം ഉന്നയിച്ചശേഷം മഷി എറിയുകയായിരുന്നു. വമ്പന്‍ സി.എന്‍.ജി കുംഭകോണം നടന്നിട്ടുണ്ടെന്നും ഇവരാണ് ഉത്തരവാദികളെന്നും കെജ്രിവാളിന്റെ പങ്കിനെക്കുറിച്ച് തന്റെ കൈയില്‍ തെളിവുണ്ടെന്നും വിളിച്ചുപറഞ്ഞ അവരെ വിട്ടയക്കാന്‍ മൈക്കിലൂടെ ആവശ്യപ്പെട്ട കെജ്രിവാള്‍ അവരുടെ പരാതി കേള്‍ക്കാനും നിര്‍ദേശിച്ചു. എന്നാല്‍, സുരക്ഷാകാരണങ്ങളാല്‍ വിട്ടയക്കാനാവില്ലന്നും ചോദ്യംചെയ്യേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി യുവതിയെ മോഡേണ്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വാഹനനിയന്ത്രണം വിജയകരമാക്കിയതിന് ജനങ്ങളോടും ഉദ്യോഗസ്ഥരോടും മെട്രോ-ഡി.ടി.സി അധികൃതരോടും മുഖ്യമന്ത്രി നന്ദി പറഞ്ഞു.

അതിനിടെ വേദിയില്‍ വന്ന സുരക്ഷാപാളിച്ചക്കെതിരെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ രൂക്ഷവിമര്‍ശം ഉന്നയിച്ചു. ഡല്‍ഹി പൊലീസ് ഇത്തരം അക്രമങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും ബി.ജെ.പിയുടെ നിര്‍ദേശപ്രകാരമാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാപാളിച്ച എങ്ങനെ സംഭവിച്ചുവെന്ന റിപ്പോര്‍ട്ട് നല്‍കാന്‍ ഡല്‍ഹി പൊലീസ് കമീഷണര്‍ ബി.എസ്. ബസ്സി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവം നിര്‍ഭാഗ്യകരമാണെന്ന് ബി.ജെ.പി വക്താവ് നളിന്‍ കോഹ്ലി പ്രതികരിച്ചു.

പൊതു തെരഞ്ഞെടുപ്പ് കാലത്ത് കെജ്രിവാളിനെതിരെ കൈയേറ്റങ്ങള്‍ നടന്നിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രിപദമേറിയശേഷം ഇത്തരം സംഭവം ഇതാദ്യമാണ്. ആം ആദ്മി പാര്‍ട്ടിയില്‍നിന്ന് പിളര്‍ന്നു പുറത്തുപോയ വിമതരുടെ സംഘമാണ് ആം ആദ്മി സേന.

Print Friendly, PDF & Email

Leave a Comment