വി.എസിന്റെ ഓഫീസിന് ടി.എന്‍ പ്രതാപനെ മാറി; കത്തിന്റെ പേരില്‍ വന്‍ വിവാദം

TN Prathapanതിരുവനന്തപുരം: പാണാവള്ളിയില്‍ സര്‍ക്കാര്‍ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ലഭിച്ച കത്തിനെച്ചൊല്ലി വിവാദം. സര്‍ക്കാര്‍ഭൂമി കൈയേറി നിര്‍മിച്ച പാണാവള്ളി റിസോര്‍ട്ട് പൊളിക്കണമെന്ന് ഹൈകോടതി വിധി ഉണ്ടായിട്ടും നടപടി എടുക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് ലഭിച്ചത്.

കോണ്‍ഗ്രസ് എം.എല്‍.എ ടി.എന്‍. പ്രതാപന്‍ തനിക്ക് കത്തയച്ചത് കേരളത്തില്‍ നിലവിലെ പൊതുസ്ഥിതിയുടെ പ്രതിഫലനമാണെന്ന് വി.എസ് ചൂണ്ടിക്കാട്ടി. പ്രതാപന്റെ നിലപാടിന് വി.എസ് പിന്തുണ അറിയിക്കുകയും ചെയ്തു. എന്നാല്‍, താന്‍ വി.എസിന് ഇങ്ങനെയൊരു കത്ത് അയച്ചിട്ടില്ലന്ന് വ്യക്തമാക്കി ടി.എന്‍ പ്രതാപന്‍ എം.എല്‍.എ ഉടന്‍ രംഗത്തത്തെി. റിസോര്‍ട്ടുമായി ബന്ധപ്പെട്ട് താന്‍ വി.എസിന് ഒരു കത്തും അയച്ചിട്ടില്ലന്ന് ടി.എന്‍. പ്രതാപന്‍ വിശദീകരിച്ചു. താനുള്‍പ്പെട്ട നിയമസഭാ കമ്മിറ്റി സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് വേണമെന്ന് അഭിപ്രായമുള്ള ആളാണ് താന്‍. അത് പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. തന്റെ ലെറ്റര്‍ പാഡിലോ ഒപ്പിട്ടോ വി.എസിന് കത്തയച്ചിട്ടില്ല. വാക്കാല്‍പോലും താന്‍ ഇക്കാര്യം സംസാരിച്ചിട്ടില്ല. ജനകീയ അന്വേഷണ സമിതിയുടെ മാസ് പെറ്റീഷനില്‍ താന്‍ ഒപ്പിട്ടിട്ടുണ്ടാകും. അതും വി.എസിന് കത്തയച്ചു എന്നതും തമ്മില്‍ വ്യത്യാസമുണ്ടെന്നും എം.എല്‍.എ പറഞ്ഞു.

ഇതേതുടര്‍ന്ന് പ്രതാപന്‍ അയച്ച കത്ത് വി.എസിന്റെ ഓഫീസ് പുറത്തുവിട്ടു. ജനകീയ അന്വേഷണ സമിതിയുടെ ലെറ്റര്‍ പാഡില്‍ ജനറല്‍ കണ്‍വീനറായ മറ്റൊരു ടി.എന്‍ പ്രതാപന്റെതായിരുന്നു കത്ത്. ഈ പ്രതാപനെ ടി.എന്‍ പ്രതാപന്‍ എന്ന് വി.എസിന്റെ ഓഫീസ് തെറ്റിധരിക്കുകയായിരുന്നു. ഇതോടെ വി.എസ് പ്രസ്താവന പിന്‍വലിച്ചു. കത്തയച്ചത് മറ്റൊരു പ്രതാപനാണെന്ന് വി.എസിന്റെ ഓഫീസ് പിന്നീട് വിശദീകരിച്ചു.

കത്തിലെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ ജനറല്‍ കണ്‍വീനറായ ടി.എന്‍ പ്രതാപന്‍ അക്കാര്യം സമ്മതിച്ചു. 2015 ഡിസംബര്‍ 31തീയതി വെച്ച് ടി.എന്‍. പ്രതാപന്റെ ഒപ്പോടുകൂടിയതായിരുന്നു കത്ത്. എം.എല്‍.എ എന്ന് കത്തില്‍ ഒരിടത്തും പറയുന്നുമില്ല. കോണ്‍ഗ്രസ് എം.എല്‍.എ ആണ് കത്തയച്ചതെന്ന് വി.എസ് ധരിച്ചാണ് പ്രസ്താവന പുറപ്പെടുവിച്ചത്. ഇതോടെയാണ് കത്ത് പിന്‍വലിച്ചത്.

സര്‍ക്കാര്‍ഭൂമി വന്‍തോതില്‍ മാഫിയകള്‍ക്ക് കവര്‍ന്നെടുക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ അവസരം ഒരുക്കിയിരിക്കുകയാണെന്ന് വി.എസ് വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതില്‍ ഒരു സംഭവം മാത്രമാണ് ആലപ്പുഴ പാണാവള്ളിയിലെ റിസോര്‍ട്ട് മാഫിയയുടെ കൈയേറ്റം. ഈ പ്രശ്നത്തില്‍ പ്രതിപക്ഷനേതാവ് ഇടപെട്ട് നീതി നടപ്പാക്കണമെന്നാണ് ടി.എന്‍. പ്രതാപന്‍ അഭ്യര്‍ഥിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment