മലയാളത്തിനും ലോകമെമ്പാടുമുള്ള മലയാളികള്‍ക്കും പ്രിയങ്കരനായ എഴുത്തുകാരന് വൈക്കം
മുഹമ്മദ് ബഷീറിനെ ഞാന്‍ ഒരിക്കല്‍ മാത്രമേ നേരില്‍ കണ്ടിട്ടുള്ളൂ. ദിവസവും, തീയതിയും,
മാസവുമൊന്നും കൃത്യമായി എനിക്ക് ഓര്‍മ്മയില്ല. ഞാന്‍ തലയോലപ്പറമ്പിലെ ഹൈസ്കൂളില്‍
പഠിക്കുന്ന കാലമായിരുന്നു അത്. അന്ന് അദ്ദേഹം ബേപ്പൂര്‍ സുല്ത്താനായിരുന്നില്ല,
സാധാരണക്കാരുടെ പച്ചയായ ജീവിതകഥകള്‍ തനതായ ശൈലിയില്‍ എഴുതിക്കൊണ്ടിരുന്ന
ഒരു തനി നാട്ടിന്പുറത്തുകാരന്! അദ്ദേഹത്തിന്റെ പല പുസ്തകങ്ങളും ഇതിനോടകം
വായിക്കാന്‍ എനിക്ക് അവസരം കിട്ടിയിട്ടുണ്ടെങ്കിലും, കഥാകൃത്തായ സ്വന്തം നാട്ടുകാരനെ
ഒന്നു കാണാന്‍ സാധിച്ചില്ലല്ലോ എന്നോര്‍ത്ത് വിഷമം തോന്നിയിരുന്നു. അങ്ങനെയിരിക്കെ
ഒരു ദിവസം ഞാനും സുഹൃത്തുക്കളും പുസ്തകക്കെട്ടുകളുമേന്തി പതിവുപോലെ രാവിലെ
സ്കൂളിലേക്ക് നടന്നു പോവുകയായിരുന്നു. വീട്ടില്‍ നിന്ന് സ്കൂളിലേക്ക് പത്തുമിനിറ്റ്
ദൂരമേയുണ്ടായിരുന്നുള്ളൂ. തലയോലപ്പറമ്പ് കവലയ്ക്കു മുമ്പായി, ഇടുതവശത്ത് വാര്‍ത്ത
ഒരു ഒറ്റനില വീട് അക്കാലത്തുണ്ടായിരുന്നു. (ഇപ്പോള്‍ ആ കെട്ടിടം ഫെഡറല്‍
ബാങ്കിന്റേതാണ്). വീടിന്റെ മതില്‍ക്കെട്ടിനുള്ളില്‍, റോഡിനടുത്തായി, മതിലിനേക്കാള്‍
ഉയരമുള്ള വലിയൊരു ചെമ്പരത്തി നിറയെ പൂക്കളുമായി നില്ക്കുന്നു. ആ ചെമ്പരത്തിയുടെ
കമ്പില്‍ പിടിച്ചുകൊണ്ട് , മതിലിന്റെ മുകളില്‍ കുത്തിയിരുന്നുകൊണ്ട്, മതിലിന്റെ പുറത്ത്
വീണു പറ്റിക്കിടക്കുന്ന ഉണങ്ങിയ ചെമ്പരത്തിപ്പൂക്കള്‍ പെറുക്കി താഴേയ്ക്ക് ഇടുകയാണ് ഒരാള്‍.
മുണ്ടു മാത്രം ഉടുത്ത, ഷര്‍ട്ട് ധരിക്കാത്ത, കട്ടി ഫ്രെയിമുള്ള കണ്ണട ധരിച്ച, തലയില്‍
ആവശ്യത്തിലധികം കഷണ്ടിയുള്ള സാക്ഷാല്‍ മുഹമ്മദ് ബഷീര്‍! ഞാന്‍ അത്ഭുതപ്പെട്ട്
അന്ധാളിച്ച് ഒരു നിമിഷം നിന്നുപോയി. എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാന്‍
കഴിഞ്ഞില്ല! എന്റെ അങ്കലാപ്പ് കണ്ടിട്ടാവാം അദ്ദേഹം ചോദിച്ചു:
“പുള്ളേ, നീ ഏതാ ?’ ചോദ്യം എന്നോടാണെന്നറിഞ്ഞിട്ടും ഉത്തരം വഴിമുട്ടിപ്പോയി! ഒരു
വിധത്തില്‍ ഞാന്‍ പറഞ്ഞൊപ്പിച്ചു –
“മരങ്ങോലിലെ……”
“വര്‍ക്കീടെ മോനാണോ?”
“അതെ” എന്നു മാത്രം ഞാന്‍ തലകുലുക്കി. ഞാന്‍ നില്‍ക്കുന്നത് വൈക്കം മുഹമ്മദ് ബഷീര്‍
എന്ന വലിയ മനുഷ്യന്റെ മുന്നിലാണ് എന്ന സത്യം എനിക്ക് അപ്പോഴും വിശ്വസിക്കാന്‍
സാധിച്ചില്ല.
“അപ്പന് ഇപ്പോള്‍ എവിടെയാ ജോലി?” അദ്ദേഹം വീണ്ടും ചോദിച്ചു.
“നാഗര്കോവിലാ…”
“അയാളെ ഞാന്‍ തെരക്കീന്ന് പറയണം”
“പറയാം….” ആ മഹാപ്രതിഭയെ പലവട്ടം രിരിഞ്ഞ് നോക്കിക്കൊണ്ട് ഞാന്‍ സ്കൂളി സ്കൂളിലേക്ക്
നടന്നു. ഏതോ ഒരു വലിയകാര്യം സാധിച്ചപോലെ എന്റെ മനസ്സ് സന്തോഷാധിക്യത്താല്‍
ത്രസിച്ചുകൊണ്ടിരുന്നു.
വര്‍ഷങ്ങള്‍ ഒട്ടേറെ പിന്നിട്ടു. പഠിത്തമെല്ലാം കഴിഞ്ഞ് അന്നം തേടി ഞാന്‍ അകലങ്ങളിലേക്ക്
വണ്ടി കയറി. എന്റെ നാട്ടുകാരന് വൈക്കം മുഹമ്മദ് ബഷീര്‍ “ഇമ്മി ബലിയ’ എഴുത്തുകാരനായി.
ലോകം മുഴുവനുമുള്ള മലയാളികള്‍ക്ക് അദ്ദേഹം “ബേപ്പൂര്‍ സുല്‍ത്താന്‍’ ആയി! പിന്നീട്
മലയാള സാഹിത്യത്തിനും ലോക സാഹിത്യത്തിനു തന്നെ മുതല്‍ക്കൂട്ടായ ഒട്ടേറെ സംഭാവനകള്‍
നല്‍കിക്കൊണ്ട് അദ്ദേഹം കഥാവശേഷനായി.
എന്നെ സംബന്ധിച്ചടത്തോളം സുല്‍ത്താന്റെ അനശ്വര കഥാപാത്രങ്ങളായ പാത്തുമ്മയുടേയും,
എട്ടുകാലി മമ്മൂഞ്ഞിന്റേയും, മണ്ടന്‍ മുത്താപ്പയുടേയും, സൈനബയുടേയുമെല്ലാം നാട്ടുകാരനാകാന്‍
എനിക്ക് ഭാഗ്യമുണ്ടായി എന്നതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. “മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും
കല്ലിനുമുണ്ടൊരു സൗരഭ്യം” എന്നു പറഞ്ഞതുപോലെ സുല്‍ത്താന്റെ സ്വതസിദ്ധമായ ഭാഷാ
ശൈലിയുടേയും, അനന്യമായ രചനാപാടവത്തിന്റേയും, അനുപമമായ സാരസ്യത്തിന്റെ കുളിര്‍മ്മ
ഏറ്റുവളര്‍ന്ന എനിക്ക് “ഇമ്മിണി വലിയ ” ഒരെഴുത്തുകാരന് ആകാന്‍ കഴിഞ്ഞില്ലെങ്കിലും, പതിനഞ്ച്
പുസ്തകങ്ങള്‍ മലയാളത്തിന് കാഴ്ചവെയ്ക്കാന്‍ എനിക്ക് പ്രചോദനമായ, ആ വലിയ
പ്രേരണാശക്തിയെ ഞാന്‍ നന്ദിപൂര്‍വ്വം, അഭിമാനപൂര്‍വ്വം സ്മരിക്കുന്നു. അദ്ദേഹത്തിന്റെ
നാട്ടുകാരനാകാന്‍ സാധിച്ചതുതന്നെ വലിയ ഭാഗ്യമായി കരുതുന്നു.!
മലയാളത്തിന്റെ ബേപ്പൂര്‍ സുല്‍ത്താനെ ജീവിതത്തില്‍ ഒരിക്കല്‍മാത്രം കണ്ട ആ അനര്‍ഘ
നിമിഷത്തിന്റെ ഓര്‍മ്മ മങ്ങാതെ, മായാതെ, എന്റെ മനോമുകുരത്തില്‍ ഞാന്‍ എന്നും
സൂക്ഷിക്കും. അനശ്വരനായ സുല്‍ത്താനെ, അങ്ങയുടെ ഓര്‍മ്മകള്‍ക്കു മുന്നില്‍ ഞാന്‍
ശിരസ്സ് നമിക്കുന്നു.
www.facebook.com/dr.marangoly
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply