Flash News

ഹെല്‍മിറ്റ് ധരിക്കാത്തവര്‍ക്ക് വിദ്യാര്‍ഥികളുടെ ഉപദേശപ്പിഴ

January 19, 2016 , സ്വന്തം ലേഖകന്‍

student police at kochi

കൊച്ചി: ചൊവ്വാഴ്ച രാവിലെ എറണാകുളം നഗരത്തിലേക്ക് ഹെല്‍മെറ്റില്ലാതെ ബൈക്കില്‍ വന്നവര്‍ക്ക് വിദ്യാര്‍ഥികളുടെ ഉപദേശപ്പിഴ. ഹെല്‍മെറ്റ് ധരിക്കാത്തവര്‍ക്ക് മാത്രമല്ല; കാറില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ എത്തിയവര്‍, അമിതവേഗത്തില്‍ എത്തിയ ബസുകളുടെ ഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍ക്കെല്ലാം ലഭിച്ചു വിദ്യാര്‍ഥികളുടെ ഉപദേശം. കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയിലെ (കുഫോസ്) എന്‍.എസ്.എസ് വളന്‍റിയര്‍മാരായ വിദ്യാര്‍ഥികളാണ് ഗതാഗത നിയമലംഘനത്തിന് എതിരെ ഉപദേശവുമായി രംഗത്തിറങ്ങിയത്.

ഹെല്‍മെറ്റില്ലാതെയും സീറ്റ്ബെല്‍റ്റ് ഇടാതെയും വന്നവരെ അവ ധരിപ്പിച്ചതിനുശേഷമാണ് കുട്ടികള്‍ കടത്തിവിട്ടത്. വിദ്യാര്‍ഥികളുടെ സ്നേഹപൂര്‍വമായ പ്രേരണക്ക് മുന്നില്‍ വാഹനമോടിക്കുന്നവര്‍ സന്തോഷത്തോടെ നിയമം അനുസരിക്കുന്നവരായി മാറി. റോഡ് സുരക്ഷ ബോധവത്കരണത്തിന്‍െറ ഭാഗമായാണ് കുട്ടികള്‍ തെരുവിലിറങ്ങിയത്. അടച്ചിട്ട മുറികളിലെ ബോധവത്കരണ ക്ളാസുകള്‍ക്ക് പകരം ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവരെ നേരില്‍ക്കണ്ട് തിരുത്തിയും ഗുണദോഷിച്ചും റോഡ് സുരക്ഷാവാരാചരണം നടത്തുകയായിരുന്നു വിദ്യാര്‍ഥികള്‍.

സിഗ്നല്‍ അവഗണിച്ച് തിരക്കുപിടിച്ച് പായുന്ന വാഹനങ്ങളെ തടഞ്ഞുനിര്‍ത്തി സമയത്തേക്കാള്‍ വില ജീവന് നല്‍കണമെന്ന് വിദ്യാര്‍ഥികള്‍ ഡ്രൈവര്‍മാരെ ഉപദേശിച്ചു. സിഗ്നല്‍ മറയുന്നതിനുമുമ്പ് പരിധി കടക്കാന്‍ അമിതവേഗത്തില്‍ വന്ന ബസുകളുടെ ഡ്രൈവര്‍മാരെയും വാഹനമോടിക്കുന്നതിനിടെ മൊബൈലില്‍ സംസാരിക്കുന്നവരെയും വിദ്യാര്‍ഥികള്‍ സ്നേഹത്തോടെ ‘താക്കീത്’ നല്‍കിവിട്ടു.

സൈഡ് മിറര്‍ ഒഴിവാക്കി ഇരുചക്രവാഹനങ്ങളില്‍ വിലസുന്ന ചെറുപ്പക്കാരെയും പെണ്‍കുട്ടികളടക്കമുള്ള വളന്‍റിയര്‍മാര്‍ ഉപദേശിച്ചുവിട്ടു. ഗതാഗതനിയമങ്ങള്‍ പൂര്‍ണമായി പാലിച്ച് വാഹനമോടിച്ചവര്‍ക്ക് മധുരം നല്‍കുകയും ചെയ്തു. ബോധവത്കരണ പരിപാടിക്ക് എന്‍.എസ്.എസ് യൂനിറ്റ് സെക്രട്ടറി ദാവൂദ് നിഹാല്‍ നേതൃത്വം നല്‍കി. പ്രോഗ്രാം ഓഫിസര്‍ ഡോ. കെ. രഞ്ജിത്ത് വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top