കൊല്ലം: ഭരണം നേടാന്‍ യു.ഡി.എഫ് ഘടകകക്ഷികള്‍ക്ക് പിന്നാലെ സി.പി.എം പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ പ്രേമലേഖനവുമായി നടക്കുകയാണെന്ന് ആര്.എസ്.പി ദേശീയ ജനറല്‍ സെക്രട്ടറി പ്രഫ.ടി.ജെ. ചന്ദ്രചൂഡന് പറഞ്ഞു. ടി.കെ. ദിവാകരന് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരുമിച്ച് വന്നില്ലങ്കില്‍ ഒറ്റക്ക് വരട്ടെയെന്നാണ് പറയുന്നത്. ബംഗാളില്‍ കോണ്‍ഗ്രസുമായി ധാരണയോടെ മത്സരിക്കാനുള്ള ചര്‍ച്ചകള്‍ നടത്തുന്ന സി.പി.എം വിദൂരമല്ലാത്ത ഭാവിയില്‍ കേരളത്തിലും ഒപ്പം നില്‍ക്കേണ്ടി വരും. കണ്ണൂരില്‍ സി.പി.എം നേടുന്ന വിജയങ്ങള്‍ ജനാധിപത്യപരമെന്ന് പറഞ്ഞാല്‍ ജനം വിശ്വസിക്കില്ല. ഇതുതന്നെയാണ് ഒരു കാലത്ത് ബംഗാളിലും സി.പി.എം പിന്തുടര്ന്നത്. സി.പി.എമ്മില്‍നിന്ന് മമത ഈ രീതി പഠിച്ചതിനാല്‍ സി.പി.എമ്മുകാര്‍ക്ക് ഇപ്പോള്‍ പാര്‍ട്ടി ഓഫിസില്‍ പോലും കയറാന്‍ കഴിയുന്നില്ല.
1979ല്‍ അധികാരം നേടാന്‍ കോണ്‍ഗ്രസിനെ ഒപ്പം കൂട്ടിയ സി.പി.എം ഇപ്പോള്‍ കോണ്‍ഗ്രസ് ബന്ധത്തിന്റെ പേരില്‍ ആര്.എസ്.പിയെ കുറ്റം പറയുകയാണ്. സി.പി.എം സമരങ്ങളെല്ലാം ജനങ്ങള്‍ കണ്ടത് പരിഹാസത്തോടെയാണ്. മുഖ്യമന്ത്രിയുടെ വീട് ഉപരോധം ഒരു വീട്ടമ്മയുടെ പ്രതിഷേധത്തിന് മുന്നില്‍ അവസാനിപ്പിക്കേണ്ടി വന്നു. ടി.കെ. ദിവാകരന് അനുസ്മരണം ആര്.എസ്.പിക്ക് ടി.കെ പാര്‍ക്കില്‍ നടത്താന്‍ കഴിയാതിരുന്നത് ബാബു ദിവാകരന് മന്ത്രി ആയിരുന്ന കാലത്ത് മാത്രമാണ്. ഇപ്പോള്‍ പാര്‍ട്ടിയില്‍ ചേരണമെന്നാണ് ബാബു ദിവാകരന്റെ ആഗ്രഹം. പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും അതില്‍ താല്പര്യമില്ല. ആര്.എസ്.പിയെ ഇത്രത്തോളം ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്ത മറ്റൊരാളില്ല. ടി.കെ. ദിവാകരന്റെ മകന് ശാപം പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ പിണറായിക്കൊപ്പം നില്‍ക്കുന്നതാണ് നല്ലത്. സ്വന്തം ജീവിതംകൊണ്ട് തൊഴിലാളി വര്‍ഗത്തിന്റെ ചരിത്രമെഴുതിയ നേതാവായിരുന്നു ടി.കെ. ദിവാകരനെന്നും അദ്ദേഹം പറഞ്ഞു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply