ചന്ദ്രബോസ് വധക്കേസ് വിധി മണിക്കൂറുകള്‍ക്കകം

nisamതൃശൂര്‍: ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് വധിക്കപ്പെട്ട കേസില്‍ ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി ബുധനാഴ്ച വിധി പറയും. പ്രതി ചേര്‍ക്കപ്പെട്ട വ്യവസായി മുഹമ്മദ് നിസാം കുറ്റക്കാരനാണോ എന്നാണ് വിധിക്കുക. വിധിയില്‍ ആക്ഷേപം ബോധിപ്പിക്കാന്‍ അവസരം നല്‍കുന്നതിനായി ശിക്ഷാ പ്രഖ്യാപനം അടുത്ത ദിവസത്തേക്ക് മാറ്റും.

2015 ജനുവരി 29ന് പുലര്‍ച്ചെയാണ് ചന്ദ്രബോസിനെ നിസാം ആഡംബര കാറുകൊണ്ട് ഇടിച്ചും ആക്രമിച്ചും പരിക്കേല്‍പിച്ചത്. അമല ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഫെബ്രുവരി 16ന് ചന്ദ്രബോസ് മരിച്ചു. പേരാമംഗലം സി.ഐ പി.സി. ബിജുകുമാറിന്റെ നേതൃത്വത്തില്‍ അന്വേഷിച്ച കേസില്‍ 79 ദിവസത്തെ വിചാരണ കഴിഞ്ഞ12ന് പൂര്‍ത്തിയായി. നിസാമിന്റെ ജാമ്യാപേക്ഷ തള്ളിയ സുപ്രീംകോടതി ജനുവരി 31നകം വിധി പറയാന്‍ നിര്‍ദേശിച്ചിരുന്നു.

വിചാരണ തടസ്സപ്പെടുത്താനും കേരളത്തിന് പുറത്തേക്ക് മാറ്റാനുമുള്ള നീക്കങ്ങള്‍ ഹൈകോടതിയും സുപ്രീംകോടതിയും തടഞ്ഞു. വാദം പൂര്‍ത്തിയായ ശേഷവും അപേക്ഷയത്തെിയെങ്കിലും സുപ്രീംകോടതി തള്ളി. താന്‍ വിഷാദരോഗത്തിന് ചികിത്സയിലാണെന്നും ചന്ദ്രബോസ് തന്നെയാണ് ആക്രമിച്ചതെന്നും തന്നെ പ്രതിയാക്കാന്‍ മാധ്യമങ്ങളും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയെന്നുമാണ് നിസാം വാദിച്ചത്.

ചന്ദ്രബോസിനെ നിസാം ആക്രമിച്ചതിന് സാക്ഷിമൊഴികളും സാഹചര്യ തെളിവുകളുമുണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദം. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. സി.പി. ഉദയഭാനു ആവശ്യപ്പെട്ടത്. എന്നാല്‍, ചന്ദ്രബോസിന്റെ മരണം ചികിത്സാപ്പിഴവ് മൂലമാണെന്നും ഡോക്ടര്‍മാരെയാണ് പ്രതികളാക്കേണ്ടതെന്നുമായിരുന്നു പ്രതിഭാഗം വാദം.

നിസാമിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ സിറ്റി പൊലീസ് കമീഷണറായിരുന്ന ജേക്കബ് ജോബിനെയും ഹോട്ടലില്‍ ബന്ധുക്കളുമായി നിസാമിന് കൂടിക്കാഴ്ചക്ക് അവസരമൊരുക്കിയതിന് കണ്ണൂര്‍ ആംഡ് പൊലീസ് ക്യാമ്പിലെ അഞ്ച് പൊലീസുകാരെയും സസ്പെന്‍ഡ് ചെയ്തിരുന്നു.

Print Friendly, PDF & Email

Related News

Leave a Comment