ദളിത് വിദ്യാര്‍ത്ഥി രോഹിതിന്റെ ആത്മഹത്യ; രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നു, പത്ത് അധ്യാപകര്‍ രാജി വെച്ചു

Rohit Vemula...suicide studentഹൈദരാബാദ്: ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ദളിത് വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യയില്‍ രാജ്യത്ത് പ്രതിഷേധം ശക്തിപ്രാപിക്കുന്നു. ക്യാംപസില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഭരണപരമായ പദവികള്‍ വഹിക്കുന്ന പട്ടികജാതി- പട്ടിക വര്‍ഗത്തില്‍പ്പെട്ട പത്ത് അധ്യാപകരാണ് ഇന്ന് രാജിവെച്ചത്.

അതേസമയം രോഹിതിന്റെ ആത്മഹത്യയില്‍ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മാനവവിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി നിയോഗിച്ച കമ്മിറ്റി ഇന്നലെ രാത്രിയോടെ റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ തുടരുന്ന അനിശ്ചിതകാല നിരാഹാര സമരത്തില്‍ നൂറോളം വിദ്യാര്‍ത്ഥികളാണ് ക്യാമ്പസില്‍ നിരാഹാര സമരത്തിലേര്‍പ്പെട്ടിരിക്കുന്നത്.

ആരോപണ വിധേയനായ മന്ത്രിമാരായ ബന്ധാരു ദത്താത്രേയയെ പുറത്താക്കുക, സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ അപ്പറാവുവിനെ സസ്‌പെന്‍ഡ് ചെയ്യുകയും, ഇരുവരെയും അറസ്‌ററ് ചെയ്യുക എന്നിവയാണ് വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന ആവശ്യം. നിരോധനാജ്ഞയ്ക്കിടയിലും പ്രക്ഷോഭം പൂര്‍വ്വാധികം ശക്തിയാര്‍ജ്ജിച്ചാണ് മുമ്പോട്ടുപോകുന്നത്.

മാനവവിഭവ ശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി ഇന്നലെ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നടത്തിയ പരാരമര്‍ശങ്ങളെ അധ്യാപകരും വിദ്യാര്‍ത്ഥികള്‍ അപലപിച്ചു. രോഹിതിന്റെ ആത്മഹത്യയെ തുടര്‍ന്നുണ്ടായിട്ടുള്ളത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് പ്രചരിച്ചിട്ടുള്ളതെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. സംയുക്ത സമരസമിതിയാണ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത്.

സിപിഎം തെലങ്കാന സംസ്ഥാന സെക്രട്ടറി തമ്മിനേനി വീരഭദ്രവും വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നിരാഹാരമിരിക്കുന്നുണ്ട്. ബിഎസ്പി നേതാവ് മായാവതി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് രാംദാസ് അതാവ്‌ലേ, എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന്‍, തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയന്‍ എന്നിവര്‍ കഴിഞ്ഞ ദിവസം ക്യാമ്പസ്സിലെത്തി വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണപ്രഖ്യാപിച്ചിരുന്നു.

നേരത്തെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും വിദ്യാര്‍ത്ഥികളെയും രോഹിതിന്റെ കുടുംബത്തേയും സന്ദര്‍ശിക്കാനെത്തിയിരുന്നു. ഇന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ബിഹാര്‍ മുഖ്യമന്ത്രി നീതീഷ് കുമാറും ക്യാമ്പസിലെത്തും. തുടര്‍ന്ന് രോഹിതിന്റെ കുടുംബാംഗങ്ങളെയും ഇവര്‍ സന്ദര്‍ശിക്കും.

Print Friendly, PDF & Email

Leave a Comment