“മാളിക മുകളില്‍ ഏറിയ മന്നന്റെ തോളില്‍ മാറാപ്പ് കേറ്റുന്നതും ഭവാന്‍”- 5000 കോടി ആസ്തിയുള്ള നിസാമിന്റെ കൈയ്യില്‍ അഞ്ച് രൂപ പോലുമില്ല

Nissam from court

തൃശൂര്‍ : ദിവസം ഒരു ലക്ഷം രൂപവരെ പൊടിച്ച് ആഡംബര ജീവിതം നയിച്ച നിസാമിന്റെ കൈയ്യില്‍ അഞ്ചു രൂപ എടുക്കാനില്ല. “സര്‍, പ്രതിമാസം ജീവിത ചെലവിനു ജയിലിലേക്കു കിട്ടുന്ന 800 രൂപ അലവന്‍സ് ഇപ്പോള്‍ വാങ്ങാന്‍ സാധിക്കുന്നില്ല; മിക്കപ്പോഴും കോടതിയിലായതിനാലും ജയിലുകള്‍ മാറ്റുന്നതിനാലുമാണിത്.” 5000 കോടി രൂപ ആസ്തിയുള്ള ബിസിനസുകാരന്‍ മുഹമ്മദ് നിസാം വിസ്താര ദിവസങ്ങളിലൊന്നില്‍ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിലുള്ളതാണ് മേല്‍പറഞ്ഞ വാക്കുകള്‍.

800 രൂപയിലേക്കു ചുരുങ്ങിയ നിഷാമിന്റെ ആഡംബര ജീവിതത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ..

എറണാകുളത്തെ ആഡംബര ബാറിലെ ഡിസ്‌കോ ഫ്‌ളോറിലും ബെംഗളൂരുവിലെ ഡാന്‍സ് ബാറിലും ദിവസം ഒരു ലക്ഷം രൂപ വരെ പൊടിച്ചിട്ടുണ്ട് നിസാം. സെക്യൂരിറ്റിക്കാരോടെല്ലാം വൈരാഗ്യബുദ്ധിയുള്ള ആളായിരുന്നില്ലെന്നു സുഹൃത്തുക്കള്‍ പറയുന്നു. ആഡംബര ഹോട്ടലുകളില്‍ തന്റെ കാര്‍ പാര്‍ക്കു ചെയ്തു വരുന്ന സെക്യൂരിറ്റിക്കാരന് 5000 രൂപ വരെ ടിപ്പ് കൊടുത്തു ഞെട്ടിച്ചിട്ടുണ്ട്. ഡാന്‍സ് ബാറിലെ ജോക്കികള്‍ക്ക് 25,000 രൂപ വരെ ടിപ്പ് കൊടുക്കും. അവര്‍ നിസാമിനെ പുകഴ്ത്തി അനൗണ്‍സ്‌മെന്റ് നടത്തും. ഫിറ്റാകുമ്പോള്‍ സുഹൃത്തുക്കളെ തല്ലും. ഓരോ തല്ലിനും ഇത്രവച്ചു പ്രതിഫലവും കൊടുക്കും. ഇതൊക്കെ സുഹൃത്തുക്കള്‍തന്നെ പലപ്പോഴായി വെളിപ്പെടുത്തിയ വീരകഥകള്‍.

മുഹമ്മദ് നിസാമിന്റെ നാല് ആഡംബര കാറുകളാണ് അന്വേഷണത്തിനിടെ ബെംഗളൂരുവില്‍ കണ്ടെത്തിയത്. ഒരു കോടിയിലേറെ രൂപ വിലവരുന്ന പോഷെ, ലംബോര്‍ഗിനി, ഫെറാറി, റോള്‍സ് റോയ്‌സ് കാറുകളാണ് ഇയാളുടെ സുഹൃത്തിന്റെ ഫ്‌ലാറ്റിന്റെ പാര്‍ക്കിങ് ഏരിയയില്‍നിന്നും സര്‍വീസ് സെന്ററില്‍നിന്നുമായി കണ്ടെത്തിയത്. അപകടത്തില്‍ തകരാര്‍ സംഭവിച്ചതിനെത്തുടര്‍ന്നു ലംബോര്‍ഗിനി സര്‍വീസ് സെന്ററിലായിരുന്നു. തൃശൂര്‍ റജിസ്‌ട്രേഷനിലുള്ള കാറുകളുടെ താക്കോല്‍ നാട്ടിലാണെന്നായിരുന്നു നിസാമിന്റെ മൊഴി. ഇവ വിമാനമാര്‍ഗം ബെംഗളൂരുവിലെത്തിക്കുകയും ചെയ്തു.

കാറുകളില്‍ മാത്രമായിരുന്നില്ല നിസാമിനു കമ്പം. ചന്ദ്രബോസിനെ ചവിട്ടാന്‍ ഉപയോഗിച്ചത് അഞ്ചു ലക്ഷം രൂപ വിലവരുന്ന ഷൂ ആയിരുന്നു. ഇതാണു കോടതിയില്‍ ഹാജരാക്കിയത്. പാമ്പിന്‍തോലുകൊണ്ട് ഉണ്ടാക്കിയ ലിമിറ്റഡ് എഡിഷന്‍ ഷൂവാണിത്. 70 കോടിയിലധികം രൂപയുടെ ആഡംബര കാറുകള്‍ നിസാം ഉപയോഗിച്ചിരുന്നതായാണു പൊലീസ് കണ്ടെത്തിയത്. നിസാം കന്നഡ നടിയുമായി പ്രണയത്തിലായിരുന്നെന്നും പൊലീസിനു വിവരം ലഭിച്ചിരുന്നു. ബെംഗളൂരുവിലെ ലവ്‌ലി റോഡില്‍ നിസാം കോസ്‌മെറ്റിക് സര്‍ജറി ക്ലിനിക് സ്പാ, മള്‍ട്ടി ജിംനേഷ്യം എന്നിവകൂടി ആരംഭിക്കാന്‍ വന്‍ കെട്ടിടം വാടകയ്‌ക്കെടുത്തിരുന്നു.

ചന്ദ്രബോസിനെ ഇടിപ്പിച്ച കാര്‍ മുഹമ്മദ് നിസാമിന്റെ പേരിലുള്ളതല്ലെന്നായിരുന്നു അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയത്. വന്‍ വിലയുള്ള പിബി 03 എഫ് 999 എന്ന ഹമ്മര്‍ പിന്നെ എങ്ങനെ നിസാമിന്റെ കയ്യിലെത്തി? കേസന്വേഷണത്തിന്റെ ഭാഗമായി കാറിന്റെ രേഖകള്‍ പരിശോധിച്ചപ്പോള്‍ ഉടമയുടെ സ്ഥാനത്ത് ബെംഗളൂരു സ്വദേശിയുടെ പേര്. കാര്‍ മൂന്നു കൈമറിഞ്ഞാണു ബെംഗളൂരു സ്വദേശിയുടെ പക്കലെത്തിയതെന്നും വ്യക്തമായി.

കാര്‍ വാങ്ങി പണം തന്നതൊഴിച്ചാല്‍ രേഖകള്‍ ഇയാളുടെ പേരിലേക്കു മാറ്റിയിട്ടില്ലെന്നാണു ബെംഗളൂരു സ്വദേശി പൊലീസിനു നല്‍കിയ മൊഴി. പണത്തിന് അത്രയേ വില കല്‍പിച്ചിരുന്നുള്ളു നിസാം. ഇത്രയും ആഡംബരമായി ജീവിതം നയിച്ച മറ്റൊരാളെ കുറിച്ച് മുന്‍പ് കേട്ടിട്ടുണ്ടാവില്ല. അതേ നിഷാമിന് വെറും 800 രൂപയ്ക്കുവേണ്ടി കോടതിയില്‍ യാചിക്കേണ്ടി വന്നത് കാലത്തിന്റെ കളികളവാം.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment