Flash News

കൈരളി ആര്‍ട്‌സ് ക്ലബ് ഓഫ് സൗത്ത് ഫ്‌ളോറിഡ പുതുവത്സരം ആഘോഷിച്ചു

January 21, 2016 , വാര്‍ത്ത: ജോയിച്ചന്‍ പുതുക്കുളം

kairaliartsclub_pic1

ഡേവി, ഫ്‌ളോറിഡ: കൈരളി ആര്‍ട്‌സ് ക്ലബ് ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ ന്യൂഇയര്‍ ആഘോഷങ്ങള്‍ 2016 ജനുവരി 9-ന് ഡേവിയിലുള്ള മാര്‍ത്തോമാ പള്ളി ഓഡിറ്റോറിയത്തില്‍ വച്ചു വൈകിട്ട് 6 മണിക്ക് വിവിധ കലാപരിപാടികളോടുകൂടി ആഘോഷിച്ചു. പ്രസിഡന്റ് രാജന്‍ പടവത്തിലിന്റെ അധ്യക്ഷതയില്‍ കൂടിയ ജനറല്‍ബോഡി മീറ്റിംഗില്‍ വച്ചു 2016 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.

പ്രസിഡന്റ് -ഏബ്രഹാം കളത്തില്‍, വൈസ് പ്രസിഡന്റ്- ജോര്‍ജ് സാമുവേല്‍, സെക്രട്ടറി- വര്‍ഗീസ് സാമുവേല്‍, ജോയിന്റ് സെക്രട്ടറി- ചെറിയാന്‍ മാത്യു, ട്രഷറര്‍- ജോസഫ് ചാക്കോ, ജോയിന്റ് ട്രഷറര്‍- ഹൗളി പോട്ടൂര്‍ എന്നിവരും കമ്മിറ്റി അംഗങ്ങളായി ജോര്‍ജി വര്‍ഗീസ്, സിജു ഏബ്രഹാം, രഞ്ജിക്ക് പറവനാത്ത്, ഡോ. മാമ്മന്‍ ജേക്കബ്, മേരി ജോര്‍ജ്, ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാനായി രാജന്‍ പടവത്തില്‍, ഫൊക്കാന വിമന്‍സ് ഫോറം ഫ്‌ളോറിഡ ചാപ്റ്റര്‍ പ്രസിഡന്റായി ലിസി ഇടിക്കുള എന്നിവരേയും തെരഞ്ഞെടുത്തു.

ലിയാ ആന്‍ ജോണിന്റെ അമേരിക്കന്‍ ദേശീയഗാനത്തോടുകുടി ന്യൂഇയര്‍ ആഘോഷപരിപാടികളുടെ തിരശീല ഉയര്‍ന്നു. ജോര്‍ജ് സാമുവേല്‍ വേദിയിലും സദസിലും ഇരിക്കുന്നവര്‍ക്ക് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് രാജന്‍ പടവത്തിലിന്റെ അധ്യക്ഷ പ്രസംഗത്തില്‍ കൈരളി ആര്‍ട്‌സ് ക്ലബിന്റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. സംഘടന നടത്തിക്കൊണ്ടിരിക്കുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളെപ്പറ്റിയും പുതിയ ലക്ഷ്യങ്ങളെക്കുറിച്ചും ആമുഖമായി സംസാരിച്ചു. കൈരളിയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ അകമഴിഞ്ഞ് സഹായിച്ച എല്ലാവരേയും അഭിനന്ദിക്കുകയും, തുടര്‍ന്നും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും അറിയിച്ചു.

പ്രകാശത്തിന്റെ പ്രതീകമായ നിലവിളക്ക് തെളിയിച്ചുകൊണ്ട് മുഖ്യാതിഥി ഡേവി സിറ്റി മേയര്‍ ജൂഡി പോള്‍ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. മേയറോടൊപ്പം കൗണ്‍സില്‍ മെമ്പര്‍മാരായ കാരലിന്‍ ഹറ്റാന്‍, മര്‍ലിന്‍ ലൂയീസ്, ഫാ. സുനി പടിഞ്ഞാറേക്കര, ഫൊക്കാന ട്രഷറര്‍ ജോയി ഇട്ടന്‍, അസീസി നടയില്‍ എന്നിവരും നിലവിളക്ക് തെളിയിച്ചു.

കേരളത്തനിമയില്‍ മലയാളി മങ്കമാരായി ചുരിദാറും കുര്‍ത്തയും അണിഞ്ഞായിരുന്നു മേയര്‍ ജൂഡി പോളും കൗണ്‍സില്‍ മെമ്പറും ചടങ്ങിനെത്തിയത് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. മേയര്‍ തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ കൈരളിയുടെ പ്രവര്‍ത്തനങ്ങളെ അങ്ങേയറ്റം അഭിനന്ദിക്കുകയും, മലയാളി കമ്യൂണിറ്റിക്ക് എല്ലാവിധ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു. അതോടൊപ്പം തന്റെ കേരള സന്ദര്‍ശത്തെപ്പറ്റിയും വിശദീകരിച്ചു. എന്നെന്നും മറക്കാനാവാത്ത നല്ല അനുഭവങ്ങളായിരുന്നു ആ കേരള യാത്രയെന്ന് എടുത്തുപറഞ്ഞു. കൗണ്‍സില്‍ മെമ്പര്‍മാരായ മര്‍ലിന്‍ ലൂയീസും, കരലിന്‍ ഹറ്റാനും കൈരളിക്ക് ആശംസകള്‍ നേര്‍ന്നതോടൊപ്പം എല്ലാവിധ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തു. മുഖ്യ പ്രഭാഷകനായ സെന്റ് ജൂഡ് ക്‌നാനായ കാത്തലിക് പള്ളി വികാരി ഫാ. സുനി പടിഞ്ഞാറേക്കര പുതുവത്സരത്തില്‍ മനുഷ്യന്‍ എങ്ങനെ ആയിരിക്കണമെന്നും പ്രവര്‍ത്തിക്കണമെന്നും, മറ്റുള്ളവര്‍ക്ക് മാതൃകയും സഹായിയുമാരിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ് തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.

ഫൊക്കാന ട്രഷറര്‍ ജോയി ഇട്ടന്‍ ആശംസകള്‍ അര്‍പ്പിച്ചതിനൊപ്പം 2016 ജൂലൈ 1 മുതല്‍ 4 വരെ കാനഡയില്‍ നടക്കുന്ന ഫൊക്കനയുടെ ദേശീയ കണ്‍വന്‍ഷനെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് എല്ലാവരേയും കണ്‍വന്‍ഷനിലേക്ക് സ്വാഗതം ചെയ്തു. ഫ്‌ളോറിഡ സ്റ്റേറ്റ് റെപ്രസന്റേറ്റീവായി മത്സരിക്കാന്‍ അവസരം ലഭച്ച ആദ്യ മലയാളിയായ ഡോ. സാജന്‍ കുര്യന്‍ തന്റെ ആശംസാ പ്രസംഗത്തിനുശേഷം അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പിന്റെ വിവിധതലങ്ങളെക്കുറിച്ച് സദസിന് വിശദീകരിച്ചു. എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്. തുടര്‍ന്ന് അസീസി നടയിലും കൈരളിക്ക് ആശംസകള്‍ അര്‍പ്പിച്ചു. രാജന്‍ പടവത്തില്‍, ഫൊക്കാന ട്രഷറര്‍ ജോയി ഇട്ടന് ആദ്യ ചെക്ക് നല്‍കിക്കൊണ്ട് കണ്‍വന്‍ഷന്‍ കിക്ക്ഓഫ് ഉദ്ഘാടനം ചെയ്തു. ഡോ. മാമ്മന്‍ ജേക്കബ്, ജോര്‍ജി വര്‍ഗീസ്, ഏബ്രഹാം കളത്തില്‍, ജോര്‍ജ് സാമുവേല്‍, രഞ്ജിത്ത് ജോര്‍ജ്, രാജു ഇടിക്കുള, ജോസഫ് ചാക്കോ, സന്‍ജേ നടപ്പറമ്പില്‍ എന്നിവര്‍ ചെക്കുകള്‍ കൈമാറി.

കൊച്ചുകുട്ടികളുടെ അരങ്ങുതകര്‍ത്ത നൃത്തങ്ങളും, ഗാനങ്ങളും, ഫ്‌ളൂട്ടും പദ്യപാരായണവും പരിപാടികള്‍ക്ക് മാറ്റുകൂട്ടി. പ്രശസ്ത ഗായികമാരായ ഷാരണ്‍ ഏബ്രഹാം, ശാമാ കളത്തില്‍ എന്നിവരുടെ ശ്രുതിമധുരമായ ഗാനങ്ങള്‍ സദസിനെ ആനന്ദസാഗരത്തില്‍ ആറാടിച്ചു.

ഫൊക്കാന വിമന്‍സ് ഫോറം ഫ്‌ളോറിഡ ചാപ്റ്റര്‍ പ്രസിഡന്റ് ലിബി ഇടിക്കുള അതിഥികള്‍ക്കും സദസിനും നന്ദി പറഞ്ഞു. ശാമാ ഏബ്രഹാമിന്റെ ദേശീയ ഗാനാലാപനത്തോടെ പരിപാടികള്‍ക്ക് തിരശീല വീണു. വിഭവസമൃദ്ധമായ ഡിന്നറോടുകൂടി 9.30-ന് പരിപാടികള്‍ സമാപിച്ചു. മാസ്റ്റര്‍ ഓഫ് സെറിമണിയായി പ്രവര്‍ത്തിച്ചത് ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റ്റി വൈസ് ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസായിരുന്നു.

ഡോ. സാജന്‍ കുര്യന്റെ തെരഞ്ഞെടുപ്പിന് എല്ലാവരുടെ ഭാഗത്തുനിന്നും എല്ലാവിധ സഹായ സഹകരണങ്ങളും ഉണ്ടാകുമെന്ന് യോഗം ഉറപ്പുനല്‍കി.

പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത് ജോസഫ് ചാക്കോ, ഡോ. മാമ്മന്‍ ജേക്കബ്, ജോര്‍ജി വര്‍ഗീസ്, ജോര്‍ജ് സാമുവേല്‍, രാജു ഇടിക്കുള, രഞ്ജിത്ത് ജോര്‍ജ്, ഏബ്രഹാം കളത്തില്‍, സജി സക്കറിയ, റജി സക്കറിയ എന്നിവരായിരുന്നു.

വാര്‍ത്ത: ജോയിച്ചന്‍ പുതുക്കുളം

kairaliartsclub_pic8 kairaliartsclub_pic2 kairaliartsclub_pic3 kairaliartsclub_pic4 kairaliartsclub_pic5 kairaliartsclub_pic6 kairaliartsclub_pic7


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top