കൊച്ചി മെട്രോ പരീക്ഷണ ഓട്ടം ശനിയാഴ്ച മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

Kochi Metroകൊച്ചി: കൊച്ചി മെട്രോ പദ്ധതിയിലെ ആദ്യ ട്രെയിനിന്റെ പരീക്ഷണ ഓട്ടം ശനിയാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഫ്ലാഗ് ഓഫ് ചെയ്യും. സര്‍വിസ് ഈവര്‍ഷംതന്നെ ആരംഭിക്കാനായേക്കുമെന്ന് കൊച്ചി മെട്രോ റെയില്‍ പദ്ധതി എം.ഡി ഏലിയാസ് ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ശനിയാഴ്ച രാവിലെ 10ന് മുട്ടം യാര്‍ഡിലാണ് പരീക്ഷണ ഓട്ടം ഫ്ലാഗ് ഓഫ് ചെയ്യുക.

പരീക്ഷണ ഓട്ടത്തിന് മുന്നോടിയായുള്ള വിവിധതല പരിശോധനകള്‍ ഒരാഴ്ചയായി മുട്ടംയാര്‍ഡില്‍ നടക്കുകയാണ്. ബ്രേക്ക്, സിഗ്നല്‍ പരിശോധനയാണ് ഇതിനകം പൂര്‍ത്തിയായത്. യാര്‍ഡിനുള്ളില്‍ തയാറാക്കിയ ഒരുകിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ട്രാക്കിലാണ് ഈ പരിശോധനകള്‍ നടക്കുന്നത്. ഇതുവരെയുള്ള പരിശോധനകളെല്ലാം പൂര്‍ണ തൃപ്തികരമായിരുന്നുവെന്നും ഏലിയാസ് ജോര്‍ജ് പറഞ്ഞു.

സര്‍വിസ് തുടങ്ങുന്നതിനുള്ള തീയതി പ്രഖ്യാപിക്കുന്നതിന് രണ്ട് കാര്യങ്ങളാണ് തടസ്സമായി നില്‍ക്കുന്നത്. വിവിധ മെട്രോ സ്റ്റേഷനുകളുടെ നിര്‍മാണം പൂര്‍ത്തിയാകാനുണ്ട്. മിക്ക സ്റ്റേഷനുകളുടെയും അടിസ്ഥാന ഘടനാ നിര്‍മാണം പൂര്‍ത്തിയായെങ്കിലും അനുബന്ധ ജോലികള്‍ ബാക്കിയാണ്. ഇതിന് സമയമെടുക്കും. കൂടാതെ, സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മെട്രോ റെയിലിന് സേഫ്റ്റി കമീഷന്റെ അനുമതിയും ലഭിക്കണം. കര്‍ശനമായ പരിശോധനകള്‍ക്ക് ശേഷമാണ് അവര്‍ സുരക്ഷാ അനുമതി നല്‍കുക.

മറ്റ് പല സംസ്ഥാനങ്ങളിലെയും മെട്രോ സര്‍വിസുകള്‍ക്ക് ഇത്തരത്തില്‍ അനുമതി ലഭിക്കാന്‍ ഏറെ കാലതാമസമെടുത്തിരുന്നു. എന്നാല്‍, കൊച്ചി മെട്രോയുടെ കാര്യത്തില്‍ ഇത്തരം കാലതാമസം ഉണ്ടാകില്ലന്നാണ് പ്രതീക്ഷിക്കുന്നത്. സ്റ്റേഷനുകളുടെ നിര്‍മാണ പുരോഗതിയും മെട്രോ റെയില്‍ കമീഷന്‍ അനുമതിയും ലഭിച്ച ശേഷമേ ഒന്നാം ഘട്ടമായി എവിടെ വരെ സര്‍വിസ് നടത്താനാകുമെന്ന കാര്യവും പ്രഖ്യാപിക്കാനാവൂ.

കാക്കനാട്ടേക്ക് മെട്രോ റെയില്‍ നീട്ടുന്നതിന് കെ.എം.ആര്‍.എല്‍ ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ട്. ഈ ഭാഗത്തെ റോഡുകളുടെ വികസനം, സമാന്തര റോഡുകളുടെ അറ്റകുറ്റപ്പണി എന്നിവക്കായി കഴിഞ്ഞ ദിവസം മന്ത്രിസഭ 180 കോടി അനുവദിച്ചിട്ടുണ്ട്. താമസിയാതെ സമാന്തര റോഡുകളുടെ അറ്റകുറ്റപ്പണിയും മറ്റും ആരംഭിക്കും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment