Flash News

നിസാമിന് 39 വര്‍ഷം ജയിലില്‍ കിടക്കേണ്ടിവരും; ലഭിച്ചത് കൊലക്കേസില്‍ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ശിക്ഷയും പിഴയും

January 22, 2016 , സ്വന്തം ലേഖകന്‍

nisamതൃശൂര്‍: ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് വധക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടത്തെിയ മുഹമ്മദ് നിസാമിന് ജീവപര്യന്തം അടക്കം 39 വര്‍ഷം ജയിലില്‍ കിടക്കേണ്ടിവരും. ഒരു കൊലക്കേസ് പ്രതിക്ക് കേരളത്തില്‍ ലഭിച്ച ഏറ്റവുമുയര്‍ന്ന ശിക്ഷയും പിഴയുമാണ് നിസാമിന് ലഭിച്ചത്.

എന്നാല്‍, നിസാമിന് മേല്‍ക്കോടതിയില്‍ അപ്പീലിന് പോകാം. അപ്പീലില്‍ ശിക്ഷ ജീവപര്യന്തത്തില്‍നിന്ന് കുറക്കാനിടയില്ലന്നാണ് നിയമവൃത്തങ്ങള്‍ പറയുന്നത്. കൊലക്കേസ് സംശയാതീതമായി തെളിഞ്ഞതുകൊണ്ട് ജീവപര്യന്തത്തില്‍നിന്ന് നിസാമിന് ഒഴിവാകാന്‍ കഴിയില്ല. അതേസമയം, അധികമായി ലഭിച്ച 24 വര്‍ഷം തടവ് ചിലപ്പോള്‍ ഇളവു ചെയ്തേക്കാം. അങ്ങനെയാണെങ്കിലും ജീവപര്യന്തത്തില്‍ ബാക്കിയുള്ള ഇളവുകള്‍ കൂടി ലഭിക്കുമ്പോള്‍ ഏതാനും വര്‍ഷങ്ങളേ നിസാമിന് ജയിലില്‍ കഴിയേണ്ടിവരികയുള്ളൂ എന്നാണ് സൂചന.

ജീവപര്യന്തം തടവുകാര്‍ക്ക് പരോള്‍, നല്ലനടപ്പിന് ശിക്ഷാഇളവ് തുടങ്ങിയ ആനുകൂല്യങ്ങളുണ്ട്. ഇതെല്ലാം നിസാമിന് ലഭിച്ചാല്‍, ഏഴുവര്‍ഷത്തില്‍ കൂടുതല്‍ ജയിലില്‍ കിടക്കേണ്ടിവരില്ല. മാത്രമല്ല, കോടികളുടെ ആസ്തിയുള്ളതിനാല്‍ നിസാമിന് ജയിലില്‍ രാജകീയ വാസമായിരിക്കും ഉണ്ടാകുകയെന്ന് ചന്ദ്രബോസിന്റെ ബന്ധുക്കള്‍ ആശങ്കപ്പെടുന്നുമുണ്ട്. നിസാമിന് വധശിക്ഷ വേണമെന്നായിരുന്നു ചന്ദ്രബോസിന്റെ അമ്മ അംബുജാക്ഷിയുടെയും ഭാര്യ ജമന്തിയുടെയും ആഗ്രഹം. വധശിക്ഷ ഇല്ലന്നറിഞ്ഞപ്പോള്‍ വിധിയില്‍ തൃപ്തിയില്ലന്നായിരുന്നു പ്രതികരണം. പ്രതീക്ഷിച്ച വിധിയല്ല ഇതെന്നും ഇതില്‍ കൂടുതല്‍ ആഗ്രഹിച്ചിരുന്നെന്നും ജമന്തി പറഞ്ഞു. മകന്‍ അമല്‍ദേവും ഇവരോടൊപ്പമുണ്ടായിരുന്നു.

നിരായുധനായ ചന്ദ്രബോസിനെ ആക്രമിച്ച രീതി നിസാമിന്റെ ക്രൂരതയും സാധാരണക്കാരനോടുള്ള ധാര്‍ഷ്ട്യവുമാണെന്നും 14 കേസുകളിലും കാപ്പ പ്രകാരുമുള്ള കേസിലും പ്രതിയായ നിസാം സമൂഹത്തിന് ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടിയ പ്രോസിക്യൂഷന്‍, നിസാമിന്‍െറ ക്രൂരത മൂലം ഒരു കുടുംബം അനാഥമായതിനാല്‍ പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതികള്‍ക്ക് ലഭിച്ച അതേ ശിക്ഷ നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍, അപൂര്‍വങ്ങളില്‍ അപൂര്‍വ കേസായി പരിഗണിക്കാനാവില്ലന്നും പെട്ടെന്നുള്ള പ്രകോപനത്തില്‍ സംഭവിച്ചതാണെന്നും വാദിച്ച പ്രതിഭാഗം, സമാന കേസില്‍ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയ സുപ്രീംകോടതി വിധികളും ചൂണ്ടിക്കാട്ടി.

സംഭവം നടന്ന് ഒരുവര്‍ഷം തികയാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് വിധി വന്നത്. വിധി പറയുന്നത് പ്രമാണിച്ച് കോടതി പരിസരത്ത് കനത്ത സുരക്ഷാ സന്നാഹം ഒരുക്കിയിരുന്നു. ചന്ദ്രബോസിന്റെ അമ്മ അംബുജാക്ഷിയും ഭാര്യ ജമന്തിയും മകന്‍ അമല്‍ദേവും നിസാമിന്റെ ബന്ധുക്കളും കോടതിയിലത്തെിയിരുന്നു.

71.40 ലക്ഷം രൂപ പിഴയാണ് നിസാം നല്‍കേണ്ടത്. പിഴയില്‍ നിന്ന് 50 ലക്ഷം രൂപ ചന്ദ്രബോസിന്റെ ഭാര്യ ജമന്തിക്ക് നല്‍കണം. ചന്ദ്രബോസിന്റെ ഭാര്യക്ക് നല്‍കേണ്ട തുക നിസാമിന്റെ ആസ്തിയില്‍ നിന്ന് ഈടാക്കണമെന്നും അല്ലങ്കില്‍ സര്‍ക്കാര്‍ നല്‍കണമെന്നുമാണ് നിര്‍ദേശം. കള്ളസാക്ഷി പറഞ്ഞതിന് നിസാമിന്റെ ഭാര്യ അമലിനെതിരെ കേസെടുക്കാനും ഉത്തരവിട്ടു.

കൊലപാതകക്കുറ്റത്തിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302ാം വകുപ്പ് പ്രകാരമാണ് ജീവപര്യന്തവും 70 ലക്ഷം രൂപ പിഴയും വിധിച്ചത്. കൈകൊണ്ട് അടിച്ചതിന് 323 പ്രകാരം ഒരുവര്‍ഷം തടവും ആയുധമുപയോഗിച്ച് ഗുരുതര പരിക്കേല്‍പിച്ചതിന് 324 പ്രകാരം മൂന്ന് വര്‍ഷം തടവും 10,000 രൂപ പിഴയും വിധിച്ചു. പരിക്കേല്‍പിച്ചതിന് 326 പ്രകാരം 10 വര്‍ഷവും ഒരുലക്ഷം പിഴയും, ശോഭാ സിറ്റിയിലെ മുതലുകള്‍ നശിപ്പിച്ചതിന് 427 പ്രകാരം രണ്ട് വര്‍ഷവും 20,000 രൂപ പിഴയും, അതിക്രമിച്ച് കയറി ആക്രമിച്ചതിന് 449 പ്രകാരം അഞ്ചുവര്‍ഷം തടവും 10,000 രൂപ പിഴയും, പ്രാണഭയമുണ്ടാക്കിയതിന് 506 (1) പ്രകാരം മൂന്ന് വര്‍ഷം തടവ് എന്നിങ്ങനെയാണ് ശിക്ഷ.

വിവിധ വകുപ്പുകള്‍ പ്രകാരമുള്ള 24 വര്‍ഷ തടവും തുടര്‍ന്ന് ജീവപര്യന്തവും വെവ്വേറെ അനുഭവിക്കണം. ഇതനുസരിച്ച് 39 വര്‍ഷം നിസാം ജയിലില്‍ കഴിയേണ്ടിവരുമെന്നും ഇത് പരമാവധി ശിക്ഷയാണെന്നും സ്പെഷല്‍ പ്രോസിക്യൂട്ടര്‍ സി.പി. ഉദയഭാനു പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top