കണ്ണൂര്‍: ലാവ്ലിന് കേസില്‍ പിണറായി വിജയന് നേരിടുന്ന പ്രതിസന്ധിക്കുതൊട്ടുപുറകേ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ സി.ബി.ഐ പ്രതിചേര്‍ത്തത് സി.പി.എമ്മിന് ഇരട്ടപ്രഹരമായി. എ.കെ.ജി ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലുള്ള ജയരാജനെ ഉടന്‍ അറസ്റ്റ് ചെയ്യില്ല. അറസ്റ്റിനുമുമ്പ് നിയമനടപടി സ്വീകരിക്കാനാണ് പാര്‍ട്ടി നീക്കം.
2012ല്‍ എം.എസ്.എഫ് നേതാവ് പട്ടുവം അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസിലും പി. ജയരാജനെ പ്രതിചേര്‍ത്തിരുന്നു. ഈ കേസില്‍ 2012 ആഗസ്റ്റ് ഒന്നിന് ജയരാജനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ വ്യാപക പ്രതിഷേധമുണ്ടായി. അറസ്റ്റിനെതിരെ സി.പി.എം പ്രഖ്യാപിച്ച ഹര്‍ത്താലിനിടെ കാസര്‍കോട് ഉദുമ ഏരിയയിലെ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് മനോജ് കൊല്ലപ്പെടുകയും ചെയ്തു. ആഗസ്റ്റ് 27നാണ് ജയരാജന് ജാമ്യം നേടി പുറത്തിറങ്ങിയത്.
ആര്.എസ്.എസ് ജില്ലാ ശാരീരിക് ശിക്ഷക് പ്രമുഖായിരുന്ന കതിരൂര്‍ ഇളന്തോട്ടത്തില്‍ മനോജ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒന്നര വര്‍ഷത്തിനുശേഷം വധഗൂഢാലോചന ചുമത്തി, യു.എ.പി.എ പ്രകാരം ജാമ്യം നിഷേധിക്കും വിധമാണ് ജയരാജനെ സി.ബി.ഐ പ്രതിചേര്‍ത്തത്. മനോജ് കൊല്ലപ്പെട്ടശേഷം ജയരാജന്റെ മകന് ഷൈന്‍ രാജ് സോഷ്യല്‍ മീഡിയയില്‍ ആഹ്ലാദ പോസ്റ്റര്‍ ഇട്ടിരുന്നു. മനോജ് വധക്കേസിലെ മുഖ്യപ്രതി വിക്രമന് രക്ഷപ്പെട്ട വാഹനം പി. ജയരാജന് പ്രസിഡന്റായ സഹകരണസംഘത്തിന്റെതാണെന്ന് അന്വേഷണത്തില്‍ നേരത്തേ വ്യക്തമായിരുന്നു. മനോജിന്റെ ചരമവാര്‍ഷിക ദിനത്തില്‍ കൊല നടന്ന സ്ഥലത്ത് തെരുവുനായ്ക്കളെ കൊന്നു കെട്ടിത്തൂക്കിയതും വിവാദമായി.
സംസ്ഥാനത്ത് യു.എ.പി.എ കേസില്‍ പ്രതിയാകുന്ന ആദ്യ സി.പി.എം നേതാവാണ് ജയരാജന്. യു.എ.പി.എ ചുമത്തുന്ന കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടാല്‍ കുറ്റപത്രം നല്‍കുന്നതിന് മുമ്പ് 180 ദിവസം ജാമ്യമില്ലാതെ തടവിലിടാം.
ജയരാജന് കേസുമായി നേരിട്ട് ബന്ധമുണ്ടെന്നും അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് ഒന്നാം പ്രതി വിക്രമനും സംഘവും മനോജിനെ കൊലപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. മറ്റു പ്രതികള്‍ക്ക് മനോജിനോട് രാഷ്ട്രീയ വൈരാഗ്യമുണ്ടായിരുന്നില്ലന്നും ജയരാജനുവേണ്ടി അവര്‍ കൃത്യത്തില്‍ പങ്കാളികളാവുകയായിരുന്നുവെന്നും സി.ബി.ഐ നിരീക്ഷിച്ചു. ഈ സാഹചര്യത്തില്‍, ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ കഴിയുന്ന ജയരാജന് തലശ്ശേരി സെഷന്‍സ് കോടതിയില്‍ വെള്ളിയാഴ്ച വീണ്ടും മുന്‍കൂര്‍ ജാമ്യഹരജി നല്‍കും.
2014 സെപ്റ്റംബര്‍ ഒന്നിനാണ് മനോജ് കൊല്ലപ്പെട്ടത്. 1999 ആഗസ്റ്റ് 25ന് തിരുവോണ നാളില്‍ പി. ജയരാജനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് മനോജ്. അന്ന് ജയരാജന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ പ്രതികാരമായാണ് മനോജിനെ കൊലപ്പെടുത്തിയതെന്നും സി.ബി.ഐ ഡിവൈ.എസ്.പി ഹരി ഓം പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു.
ചോദ്യം ചെയ്യലിന് തലശ്ശേരിയിലെ ക്യാമ്പ് ഓഫിസില്‍ ഹാജരാകാന്‍ സി.ബി.ഐ രണ്ടുതവണ ആവശ്യപ്പെട്ടെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ജയരാജന് ഒഴിഞ്ഞുമാറുകയായിരുന്നു. ജാമ്യഹരജി കോടതി വീണ്ടും തള്ളിയതിനാലും യു.എ.പി.എ പ്രകാരം ഗൗരവമുള്ള വകുപ്പുകള്‍ ചുമത്തിയതിനാലും സി.പി.എം നേതാവിനെ ചോദ്യം ചെയ്യാന്‍ സി.ബി.ഐ കസ്റ്റഡിയിലെടുക്കുമെന്നാണ് സൂചന.
പ്രതിചേര്‍ക്കപ്പെട്ട സാഹചര്യത്തില്‍ ജയരാജന്റെ ആരോഗ്യ നിലയെക്കുറിച്ച് ആശുപത്രി അധികൃതരില്‍ നിന്ന് സി.ബി.ഐ റിപ്പോര്‍ട്ട് തേടിയേക്കും. വേണമെങ്കില്‍ മെഡിക്കല്‍ ബോര്‍ഡിന്റെ പരിശോധനക്ക് വിധേയമാക്കാനും നീക്കമുണ്ട്. കുറ്റപത്രത്തില്‍ 19 പ്രതികളാണുള്ളത്. 24 പേര് അറസ്റ്റിലായി. ആശുപത്രിയിലുള്ള ജയരാജന് ഡോക്ടര്‍മാര്‍ മൂന്നാഴ്ചത്തെ വിശ്രമം നിര്‍ദേശിച്ചിരിക്കയാണ്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply