ഇന്ത്യന്‍ വംശജനായ മുതിര്‍ന്ന ഇമാമിനെ ഹോണററി ഡോക്ടറേറ്റ് നല്‍കി ഇംഗ്ലണ്ടിലെ ലെയ്സെസ്റ്റര്‍ യൂണിവേഴ്‌സിറ്റി ആദരിച്ചു

sahidലെയ്‌സെസ്റ്റര്‍: ഇന്ത്യന്‍ വംശജനായ മുതിര്‍ന്ന ഇമാമിന് ഇംഗ്ലണ്ടിലെ ലെയ്‌സെസ്റ്റര്‍ യൂണിവേഴ്‌സിറ്റിയുടെ ഹോണററി ഡോക്ട്രേറ്റ്. ലെയ്‌സെസ്റ്റര്‍ സെന്‍ട്രല്‍ മസ്ജിദ് ഇമാമായ മുഹമ്മദ് ശാഹിദ് റാസക്കാണ് യൂണിവേഴ്‌സിറ്റിയുടെ ആദരം. ബിഹാറില്‍ ജനിച്ച് മുറാദാബാദിലും ആഗ്രയിലും മീററ്റിലുമായി പഠനം പൂര്‍ത്തിയാക്കിയ റാസ 1970-കളിലാണ് ഇംഗ്ലണ്ടിലെ ലെയ്‌സെസ്റ്ററിലേക്ക് കുടിയേറിയത്. ലെയ്‌സസ്റ്റര്‍ നഗരം എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരധ്യായമാണ്. ലെയ്‌സെസ്റ്റര്‍ സെന്‍ട്രല്‍ മസ്ജിദിന്റെ ഇമാമെന്ന നിലക്ക് കുട്ടികളുടെ ആത്മീയവും സദാചാരപരവുമായ വളര്‍ച്ചയിലാണ് പ്രധാനമായും ശ്രദ്ധിച്ചത്, അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് റാസ പറഞ്ഞു.

അക്കാദമികമായി ഉന്നതങ്ങളിലെത്താനും സമൂഹത്തിന് വിലപ്പെട്ട സംഭാവനകളര്‍പ്പിക്കാനുമാണ് ഞാന്‍ എന്നും എന്റെ വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിച്ചത്. എന്റെ പല വിദ്യാര്‍ഥികളും ഈ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് തന്നെ ബിരുദം നേടിയവരും നഗരത്തില്‍ അധ്യാപകരായും ഡോക്ടര്‍മാരായും ബിസിനസുകാരുമായൊക്കെ സേവനമനുഷ്ഠിക്കുന്നവരുമാണ്. അതുകൊണ്ട് തന്നെ എനിക്ക് ലഭിച്ച ഈ അംഗീകാരം ലെയ്‌സെസ്റ്ററിലെ യുവ മുസ്‌ലിം സഹോദരങ്ങള്‍ക്ക് വലിയ പ്രചോദനമായി തീരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, ഇമാം വ്യക്തമാക്കി. യൂണിവേഴ്‌സിറ്റി ചാന്‍സിലറായ ലോര്‍ഡ് ഗ്രോക്കോട്ടാണ് വിദ്യാര്‍ഥികളുടെ ബിരുദദാന സമ്മേളനത്തില്‍ ഇമാമിന് ഡോക്ടറേറ്റ് സമ്മാനിച്ചത്.

നാല്‍പതു വര്‍ഷമായി ലെയ്‌സെസ്റ്ററില്‍ താമസിക്കുന്ന ശാഹിദ് റാസ യു.കെയിലെ ആദ്യ വ്യവസ്ഥാപിത ഇമാം ട്രെയിനിംഗ് കോഴ്‌സുകളുടെ ഉപജ്ഞാതാവാണ്. യു.കെ മുസ്‌ലിം ശരീഅ കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറിയും രജിസ്ട്രാറുമായ അദ്ദേഹം യു.കെയിലും അമേരിക്കയിലുമുള്ള നിരവധി മതസൗഹാര്‍ദ്ദ വേദികളിലും അംഗമാണ്. മുഹമ്മദ് ശാഹിദ് റാസ നഗരത്തിലെ സ്വാധീനമുള്ള വ്യക്തികളിലൊരാളും നാല്‍പതു വര്‍ഷത്തോളം അധ്യാപന പരിചയമുള്ള പണ്ഡിതനുമാണ്.

“മതാന്തര ചര്‍ച്ചകളിലും സംവാദങ്ങളിലും അദ്ദേഹവുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിജ്ഞാനവും ദീര്‍ഘവീക്ഷണവും സമൂഹത്തിന് വലിയ മുതല്‍ക്കൂട്ടാണ്. ലെയ്‌സെസ്റ്റര്‍ യൂണിവേഴ്‌സിറ്റി അദ്ദേഹത്തിന് ഡോക്ടറേറ്റ് നല്‍കി ആദരിച്ചു എന്നറിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്,” ലെയ്‌സെസ്റ്ററിലെ ആംഗ്ലിക്കന്‍ ചര്‍ച്ച് മേധാവിയായ റവ.ഫാ ഡോ.സ്റ്റീഫന്‍ ഫോസ്റ്റര്‍ പറഞ്ഞു.

University of Leicester honour for city faith leader

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment