നിസാം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അതീവസുരക്ഷാ ബ്ളോക്കില്‍; കോടീശ്വരന് ജയിലില്‍ ദിവസക്കൂലി 21 രൂപ

nisam

കണ്ണൂര്‍: ചന്ദ്രബോസ് കൊലക്കേസില്‍ ജീവപര്യന്തവും 24 വര്‍ഷം കഠിനതടവും ശിക്ഷ ലഭിച്ച മുഹമ്മദ് നിസാം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അതീവ സുരക്ഷാസംവിധാനമുള്ള പത്താം ബ്ളോക്കിലെ തടവുകാരന്‍. ഇവിടെ 24 മണിക്കൂര്‍ സി.സി.ടി.വി നിരീക്ഷണവുമുണ്ട്. കടുത്ത നിരാശയിലാണ് നിസാം. ജയില്‍ ഡോക്ടറും മാനസികാരോഗ്യ വിദഗ്ധരും പരിശോധിക്കുകയും സംസാരിക്കുകയും ചെയ്തു. ജയിലിലെത്തിയ ശേഷം അധികം ആരോടും സംസാരിക്കുന്നില്ല.

കോടികളുടെ സ്വത്തുള്ള നിസാമിന് ഇനി ജയിലില്‍ പണി ചെയ്യണം. ഇതിന് 21 രൂപയാണ് ദിവസക്കൂലി. 10 മാസം ജോലിയെടുത്താല്‍ ക്ളാസ് വണ്‍ തൊഴിലാളിയാകും. അപ്പോള്‍ 30 രൂപ ലഭിക്കും. ചപ്പാത്തി നിര്‍മാണത്തില്‍ ജോലി ചെയ്യുകയാണെങ്കില്‍ 117 രൂപ ലഭിക്കും. വര്‍ഷങ്ങളുടെ തൊഴില്‍ പരിചയമുണ്ടായാല്‍ പരമാവധി ലഭിക്കുക 53 രൂപയാണ്. ഒരു മാസം 800 രൂപയില്‍ കൂടുതല്‍ ജയിലിനുള്ളില്‍ ചെലവഴിക്കാന്‍ കഴിയില്ല. പ്രതിമാസം 150 രൂപക്ക് ഫോണ്‍ ചെയ്യാം. 21 മാസം തടവ് അനുഭവിച്ചാല്‍ പരോളിന് അര്‍ഹതയുണ്ടാകും. എന്നാല്‍, പരോള്‍ ലഭിക്കണമെങ്കില്‍ പൊലീസിന്‍െറയും പ്രബേഷണറി ഓഫിസറുടെയും റിപ്പോര്‍ട്ട് അനുകൂലമാകണം.

നിസാമിന് 5000 കോടിയുടെ ആസ്തിയുണ്ട്. കേരളത്തിനകത്തും പുറത്തും വ്യവസായമുണ്ട്. 12,000ത്തില്‍ അധികം ജീവനക്കാരാണ് ഇയാളുടെ കീഴിലുള്ളത്. കോടികള്‍ വിലമതിക്കുന്ന ഇരുപതോളം ആഡംബര വാഹനങ്ങളും പത്തിലധികം വില കൂടിയ ഇരുചക്ര വാഹനങ്ങളുമുണ്ട്. പ്രതിദിനം ലക്ഷങ്ങളാണ് നിസാം ചെലവാക്കിയിരുന്നത്.

നിസാമിന്‍െറ അപ്പീലില്‍ ഹാജരാകുന്നത് സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകന്‍

തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട നിസാമിനു വേണ്ടി അപ്പീല്‍ നല്‍കുന്നതുസംബന്ധിച്ച് നിസാമിന്‍െറ ബന്ധുക്കള്‍ സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യത്തെ സമീപിച്ച് നിയമോപദേശം തേടി. ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ വിചാരണക്കത്തെിയത് ഹൈകോടതിയിലെ ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. ബി. രാമന്‍പിള്ളയായിരുന്നു. അന്തിമവാദത്തിന് ഗോപാല്‍ സുബ്രഹ്മണ്യത്തെ കൊണ്ടുവരാന്‍ ശ്രമമുണ്ടായിരുന്നു. പ്രോസിക്യൂഷനും അപ്പീല്‍ നല്‍കാനൊരുങ്ങുകയാണ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment