ജയരാജനെതിരായ കേസ് ആര്‍.എസ്.എസ് – കോണ്‍ഗ്രസ് ഗൂഢാലോചനയെന്ന് സി.പി.എം

cpmതിരുവനന്തപുരം: കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ കള്ളക്കേസില്‍ കുടുക്കിയത് ആര്‍.എസ്.എസ്-കോണ്‍ഗ്രസ് ഗൂഢാലോചനയുടെ തുടര്‍ച്ചയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്റെ കണ്ണൂര്‍ സന്ദര്‍ശനത്തിനിടെയാണ് അറസ്റ്റിനുള്ള തിരക്കഥ തയാറായത്.

കേസ് സി.ബി.ഐക്ക് വിടാനും യു.എ.പി.എ ചുമത്താനും തീരുമാനിച്ചത് യു.ഡി.എഫ് സര്‍ക്കാറാണ്. പ്രവീണ്‍ തൊഗാഡിയ ഉള്‍പ്പെടെയുള്ള സംഘ്പരിവാര്‍ നേതാക്കള്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ച യു.ഡി.എഫ് സര്‍ക്കാര്‍ സി.പി.എം നേതാക്കളെ കള്ളക്കേസില്‍ കുടുക്കുന്നതിന് ഒത്താശ ചെയ്യുകയാണ്. സി.ബി.ഐ നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി രംഗത്തിറങ്ങിയത് ഇതിനാലാണ്.

പാര്‍ട്ടികേന്ദ്രങ്ങളെ ആക്രമിച്ച് ദുര്‍ബലപ്പെടുത്താന്‍ കോണ്‍ഗ്രസും ആര്‍.എസ്.എസും യോജിച്ച് നടത്തുന്ന ഇടപെടലാണ് സംസ്ഥാനത്തെമ്പാടും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഏറ്റവും ശ്രദ്ധകേന്ദ്രീകരിക്കുന്ന തിരുവനന്തപുരം ജില്ലയിലെ നേമത്ത് സി.പി.എം പ്രവര്‍ത്തകര്‍ക്കുനേരെ തുടര്‍ച്ചയായ ആക്രമണമാണ് ആര്‍.എസ്.എസ് നടത്തുന്നത്. എന്നാല്‍ ഇതിന് ഉത്തരവാദികളായ ആര്‍.എസ്.എസുകാരെ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. എല്‍.ഡി.എഫിന്റെ നിയമസഭാ തെരഞ്ഞെടുപ്പ്പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്താമെന്ന വ്യാമോഹമാണ് ഇത്തരം നീക്കത്തിനു പിന്നിലെന്നും പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment