നേതാജിയുടെ പുറത്തുവിട്ട ഫയലുകളില്‍ വിമാനാപകടത്തിന് തെളിവില്ല

speech_boseന്യൂഡല്‍ഹി: നേതാജി സുഭാഷ്ചന്ദ്ര ബോസുമായി ബന്ധപ്പെട്ട 100 ഫയലുകള്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു. സുഭാഷ്ചന്ദ്ര ബോസിന്റെ 119ാം പിറന്നാള്‍ദിനത്തില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ നാഷനല്‍ ആര്‍ക്കൈവ്സ് ഓഫ് ഇന്ത്യയില്‍ നടന്ന ചടങ്ങില്‍ ഡിജിറ്റല്‍ രൂപത്തിലാക്കിയ ഫയലുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രദര്‍ശിപ്പിച്ചു. തുടര്‍ന്നുള്ള മാസങ്ങളില്‍ ബോസുമായി ബന്ധപ്പെട്ട 25 രേഖകള്‍ വീതം പുറത്തുവിടാനാണ് നാഷനല്‍ ആര്‍ക്കൈവ്സ് ലക്ഷ്യമിടുന്നത്.

70 വര്‍ഷം മുമ്പ് കാണാതായ സുഭാഷ്ചന്ദ്ര ബോസിനെക്കുറിച്ചുള്ള ദുരൂഹത മാറാത്ത സാഹചര്യത്തിലാണ് രേഖകള്‍ പുറത്തുവിടുന്നത്. അദ്ദേഹത്തിന്റെ തിരോധാനം അന്വേഷിച്ച രണ്ട് കമീഷനുകള്‍ 1945 ആഗസ്റ്റ് 18ന് തായ്പേയിയിലുണ്ടായ വിമാനാപകടത്തില്‍ ബോസ് മരിച്ചെന്ന നിഗമനത്തിലത്തെിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ മൂന്നാമത് നിയോഗിച്ച ജസ്റ്റിസ് എ.കെ. മുഖര്‍ജി കമീഷന്‍ ഈ നിഗമനം തള്ളി. അതിനുശേഷവും ബോസ് ജീവിച്ചിരുന്നെന്ന നിഗമനത്തിലാണ് മുഖര്‍ജി കമീഷന്‍ എത്തിയത്.

പ്രധാനമന്ത്രിയുടെ നടപടിയെ നിറഞ്ഞ ഹൃദയത്തോടെ സ്വാഗതംചെയ്യുകയാണെന്ന് ബോസിന്റെ സഹോദരപൗത്രന്‍ ചന്ദ്രകുമാര്‍ ബോസ് പറഞ്ഞു. കോണ്‍ഗ്രസ് ഭരണകാലത്ത് ബോസുമായി ബദ്ധപ്പെട്ട രേഖകള്‍ നശിപ്പിച്ചതിന് തെളിവുണ്ടെന്നും ഈ സാഹചര്യത്തില്‍ റഷ്യ, ജര്‍മനി, യു.കെ, യു.എസ്.എ എന്നീ രാജ്യങ്ങളുടെ പക്കലുള്ള അദ്ദേഹത്തെ സംബന്ധിച്ച രേഖകള്‍കൂടി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശനിയാഴ്ച പുറത്തുവിട്ട രേഖകളില്‍ വിമാനാപകടം തീര്‍ച്ചയാക്കുന്ന തെളിവുകളില്ലന്നും സാഹചര്യത്തെളിവുകള്‍ മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ലാല്‍ ബഹാദൂര്‍ ശാസ്ത്രി സുരേഷ് ബോസിനെഴുതിയ കത്തിലും വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment