വിജിലന്‍സിന് സംഭവിച്ച പിഴവിനെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയുന്നില്ലന്ന് കെ. ബാബു

K-Babu-resignകൊച്ചി: ബാര്‍ കോഴ കേസില്‍ അടക്കം വിജിലന്‍സിന് അടിക്കടി പിഴവ് സംഭവിക്കുന്നതിനെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയുന്നില്ലന്ന് കെ. ബാബു. തനിക്കെതിരെ കോടതി ഒന്നും പറഞ്ഞിട്ടില്ല. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കോടതി പറഞ്ഞതായി ദൃശ്യമാധ്യമങ്ങളില്‍ വാര്‍ത്ത കണ്ടാണ് താന്‍ രാജിവെച്ചത്. വിധി എന്താണെന്നുപോലും വായിച്ചുനോക്കും മുമ്പ് രാജിവെച്ചയാളാണ് താന്‍. മന്ത്രിയെന്നനിലയില്‍ രാജിക്കത്ത് നല്‍കേണ്ടത് മുഖ്യമന്ത്രിക്കാണ്. അല്ലാതെ കെ.പി.സി.സി പ്രസിഡന്റിനല്ല. പാര്‍ട്ടി സ്ഥാനമാനങ്ങള്‍ രാജിവെക്കുമ്പോള്‍ മാത്രം പ്രസിഡന്റിനെ കണ്ടാല്‍ മതി. താന്‍ മുഖ്യമന്ത്രിയെ കാണുമ്പോള്‍ വി.എം. സുധീരന്‍ ഗെസ്റ്റ് ഹൗസില്‍ ഉണ്ടായിരുന്നെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും തൃപ്പുണിത്തുറയിലെ വസതിയില്‍ മാധ്യമപ്രവര്‍ത്തകരോട് കെ. ബാബു പറഞ്ഞു.

ലാവലിന്‍ കേസില്‍ ആരോപണവിധേയനായ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നവകേരള മാര്‍ച്ച് നിര്‍ത്തിവെച്ച് രാഷ്ട്രീയമര്യാദ കാട്ടണം. തനിക്കെതിരെ പറയാന്‍ പിണറായിക്ക് അര്‍ഹതയില്ല. രാഷ്ട്രീയ ധാര്‍മികത ഉയര്‍ത്തിക്കാട്ടാനാണ് താന്‍ രാജിവെച്ചത്. ആ മാതൃക പിണറായിയും കാണിക്കണം.

ബിജു രമേശിന്റെ പ്രശ്നം സര്‍ക്കാറിന്റെ മദ്യനിരോധം മൂലം ബാറുകള്‍ പൂട്ടേണ്ടിവന്നതാണ്. അതിന്‍െറപേരിലെ ദേഷ്യം തീര്‍ക്കാനാണ് കെട്ടിച്ചമച്ച ആരോപണങ്ങളുമായി നടക്കുന്നത്. വി. ശിവന്‍കുട്ടി എം.എല്‍.എയാണ് ബിജു രമേശിന്റെ സംരക്ഷകന്‍. ശിവന്‍കുട്ടി തിരുവനന്തപുരം മേയറായിരിക്കുമ്പോള്‍ മുതല്‍ എന്തിനും ഇയാള്‍ക്ക് സംരക്ഷകനായി ഉണ്ട്.

തിരുവനന്തപുരം നഗരത്തില്‍ ബിജുവിന് നിരവധി അനധികൃത കെട്ടിടങ്ങളാണുള്ളത്. ഒരു കോടിയോളം രൂപ നികുതിയിനത്തില്‍ ബിജു രമേശ് അടക്കാനുണ്ട്. ബിജുവിന്റെ കൈയേറ്റങ്ങള്‍ക്കെതിരെ നടപടി യെടുക്കാന്‍ ഇടതുമുന്നണി തയാറാകുമോയെന്ന് ബാബു ചോദിച്ചു.

Print Friendly, PDF & Email

Leave a Comment