Flash News

രാജിയില്ല; ഹൈക്കമാന്‍ഡിന്‍െറ പിന്തുണയോടെ ഉമ്മന്‍ചാണ്ടിക്ക് പുനര്‍ജന്മം; ചെന്നിത്തലയും സുധീരനും പിന്‍വാങ്ങുന്നു

January 28, 2016 , സ്വന്തം ലേഖകന്‍

Oommen-chandy1_44തൃശൂര്‍: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും സര്‍ക്കാറിനും ഹൈക്കമാന്‍ഡിന്‍െറ പിന്തുണ. ഇതോടെ രാജി വക്കുക എന്ന സാഹസത്തില്‍നിന്ന് ഉമ്മന്‍ചാണ്ടിയും ആര്യാടനും കഷ്ടിച്ച് രക്ഷപ്പെട്ടു. മാത്രമല്ല, കേസെടുക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടെങ്കിലും രാജി വെക്കേണ്ടെന്നാണ് ഉമ്മന്‍ചാണ്ടിക്ക് ലഭിച്ച നിയമോപദേശവും. മാത്രമല്ല, കെ. ബാബുവിനെതിരായ വിജിലന്‍സ് കോടതി വിധി ഹൈകോടതി സ്റ്റേ ചെയ്തതും ഉമ്മന്‍ചാണ്ടിക്ക് പിടിവള്ളിയായി.

ഹൈകോടതിയില്‍ പോയാല്‍ വിജിലന്‍സ് കോടതി ഉത്തരവിന് സ്റ്റേ ലഭിക്കുമെന്നാണ് ഉമ്മന്‍ചാണ്ടിക്ക് ലഭിച്ച നിയമോപദേശം. കാരണം, ബാബുവിനെതിരായ പരാതിയിലുണ്ടായതിനേക്കാള്‍ തിടുക്കത്തിലാണ് ഉമ്മന്‍ചാണ്ടിക്കും ആര്യാടനുമെതിരെ വിജിലന്‍സ് കോടതി ഉത്തരവിട്ടത്. മുഖ്യമന്ത്രിയെപ്പോലെ ഭരണഘടനാ പദവി വഹിക്കുന്ന ഒരാള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിടും മുമ്പ് പാലിക്കേണ്ട നടപടിക്രമങ്ങള്‍ കോടതി പാലിച്ചില്ലെന്നാണ് നിയമവൃത്തങ്ങള്‍ പറയുന്നത്. ബാബുവിനെതിരായ ഉത്തരവ് തന്നെ ധൃതി പിടിച്ചാണെന്ന് ഹൈകോടതി കണ്ടത്തെിയ സാഹചര്യത്തില്‍ തങ്ങള്‍ക്കെതിരായ നടപടി ഹൈകോടതിയില്‍ നിലനില്‍ക്കില്ലെന്നാണ് ഉമ്മന്‍ചാണ്ടിയും ആര്യാടനും ലഭിച്ച ഉപദേശം.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും ഉമ്മന്‍ചാണ്ടിക്കും സര്‍ക്കാറിനും പിന്തുണ അറിയിച്ചതോടെ രാജി വക്കേണ്ടെന്ന് മുഖ്യമന്ത്രി തീരുമാനിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവക്കുന്നത് യു.ഡി.എഫിന്‍െറ വിജയസാധ്യതയെ അതീവ പ്രതികൂലമായി ബാധിക്കുമെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. ഹൈക്കമാന്‍ഡ് നിലപാട് വ്യക്തമാക്കിയതിനെതുടര്‍ന്ന് ഉമ്മന്‍ചാണ്ടി വിരുദ്ധനീക്കത്തിന് ചുക്കാന്‍ പിടിച്ചിരുന്ന ഐ ഗ്രൂപ്പും വി.എം സുധീരനും പിന്‍വാങ്ങുകയും ഉമ്മന്‍ചാണ്ടിക്ക് പിന്തുണ അറിയിച്ച് പരസ്യപ്രസ്താവന നടത്തുകയും ചെയ്തു.
മുഖ്യമന്ത്രിയുടെയും ആര്യാടന്‍െറയും രാജിക്ക് പ്രതിപക്ഷം നടത്തുന്ന പ്രക്ഷോഭം അവഗണിക്കാനാണ് സര്‍ക്കാറിന്‍െറ തീരുമാനം.

സോളാര്‍ കമീഷന് മുന്നില്‍ സരിത നായര്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കേസെടുക്കുന്നതിന് മുമ്പ് ദ്രുതപരിശോധന വേണമെന്ന വിജിലന്‍സിന്‍െറ ആവശ്യം തള്ളിയാണ് തൃശൂര്‍ വിജിലന്‍സ് കോടതി അസാധാരണ ഉത്തരവ് പുറപ്പെടുവിച്ചത്. സംസ്ഥാനത്തിന്‍െറ ചരിത്രത്തില്‍തന്നെ ആദ്യമാണ് മുഖ്യമന്ത്രിക്കെതിരെ ഇത്തരമൊരു നടപടി.

ഉമ്മന്‍ചാണ്ടിയെ ഒന്നും ആര്യാടനെ രണ്ടും എതിര്‍കക്ഷികളാക്കി നല്‍കിയ ഹരജിയില്‍ മുന്‍ മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ, ആര്യാടന്‍ മുഹമ്മദിന്‍െറ സെക്രട്ടറി പി.എ. കേശവന്‍, ഗണേഷ്‌കുമാറിന്റെ സെക്രട്ടറിയായിരുന്ന പ്രദീപ്, മുഖ്യമന്ത്രിയുടെ പഴ്സനല്‍ സ്റ്റാഫ് അംഗങ്ങളായിരുന്ന ജിക്കുമോന്‍, ടെനി ജോപ്പന്‍, സരിത നായര്‍ എന്നിവരാണ് മൂന്ന് മുതല്‍ എട്ട് വരെ കക്ഷികള്‍. ഇവര്‍ക്കെതിരെയും അന്വേഷണത്തിന് ഉത്തരവിട്ടു. സോളാര്‍ ഇടപാടില്‍ വിവിധ അന്വേഷണങ്ങളും ജുഡീഷ്യല്‍ കമീഷന്‍ തെളിവെടുപ്പും നടക്കുകയാണെന്നും ഹരജി പരിഗണിക്കേണ്ടതില്ലെന്നും വിജിലന്‍സ് നിയമോപദേഷ്ടാവ് വി.കെ. ഷൈലജന്‍ വാദിച്ചെങ്കിലും അംഗീകരിച്ചില്ല. കേസിന്‍െറ മെറിറ്റിലേക്ക് പോകുന്നില്ലെന്നും അസാധാരണ സാഹചര്യത്തില്‍ അസാധാരണ ഉത്തരവുണ്ടാകുമെന്നും കോടതി വ്യക്തമാക്കി.

മുഖ്യമന്ത്രിക്ക് 1.9 കോടിയും മന്ത്രി ആര്യാടന് 40 ലക്ഷവും നല്‍കിയെന്നായിരുന്നു സരിതയുടെ മൊഴി. ഇക്കാര്യം മാധ്യമങ്ങളോടും ആവര്‍ത്തിച്ചു. കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ രവി സരിതയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്‍െറ വിവരങ്ങളും പുറത്തു വന്നതിന്‍െറ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുക്കാമെന്നിരിക്കെ പൊലീസോ വിജിലന്‍സോ അത് ചെയ്തില്ലെന്നും കോടതി ഇടപെടണമെന്നുമാണ് ഹരജിക്കാരന്‍ ആവശ്യപ്പെട്ടത്. ഹരജി പരിഗണിച്ച ഉടന്‍ കേസിന്‍െറ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി.

മുഖ്യമന്ത്രിക്കും ആര്യാടനുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച വി.എസ്. സുനില്‍കുമാര്‍ എം.എല്‍.എ പരാതി നല്‍കിയിരുന്നു. ഇതിന്‍െറ നടപടിയിലേക്ക് കടക്കും മുമ്പേയാണ് ജോസഫിന്‍െറ ഹരജിയില്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.

മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജിയുടെ മാനസിക നില തെറ്റിയെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. അന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജിയെ ജനകീയ കോടതിയില്‍ വിചാരണയ്ക്ക് ഹാജരാക്കണമെന്നും ആദ്ദേഹം പറഞ്ഞു. ആരുടെയൊക്കെയോ പ്രേരണയാണ് വിജിലന്‍സ് കോടതി ജഡ്ജി ഇങ്ങനെയൊരു ഉത്തരവിറക്കിയതെന്നും അദ്ദേഹം പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top