Flash News

ശബരിമലയും ലിംഗ സമത്വവും: സുരേന്ദ്രന്‍ നായര്‍

January 29, 2016 , ജോയിച്ചന്‍ പുതുക്കുളം

sabari3 sizedഭക്തജനസാന്നിധ്യം കൊണ്ടും നടവരവു കൊണ്ടും തെക്കേ ഇന്ത്യയില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്നൊരു മഹാക്ഷേത്രമായ ശബരിമലയില്‍ ലിംഗവിവേചനം നടക്കുന്നുവെന്നും, പൗരന്‍റെ മൗലികാവകാശം ഹനിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ഇന്ത്യയിലെ പരമോന്നത നീതിപീഠത്തിനു മുന്‍പില്‍ ഒരു പൊതു താത്പര്യഹര്‍ജി സമര്‍പ്പിക്കപ്പെടുകയും കൂടുതല്‍ വസ്തുതാശേഖരണാര്‍ത്ഥം ആയതു പരിഗണനയ്ക്കായി മാറ്റി വച്ചിരിയ്ക്കുകയുമാണല്ലോ.

ലോകത്തിന്‍റെ പല കോണുകളിലും സ്ത്രീകളും കുഞ്ഞുങ്ങളും നീതി നിഷേധിക്കപ്പെട്ട് അതിജീവന പ്രതിസന്ധിയും ലൈംഗിക അടിമത്ത്വവും അനുഭവിക്കുന്ന നിസ്സഹായാവസ്ഥ മനുഷ്യമനസ്സാക്ഷിയെ വിറങ്ങലിപ്പിക്കുന്നു. കേരളത്തിന്‍റെ പൊതുവിടങ്ങളില്‍ നിന്നും സ്ത്രീകള്‍ മറയ്ക്കപ്പെടുകയോ മാറ്റിനിര്‍ത്തപ്പെടുകയോ ചെയ്യുന്നു. ഇത്തരം സാമൂഹ്യയാഥാര്‍ത്ഥ്യങ്ങള്‍ നിലനില്‍ക്കെ, നൂറ്റാണ്ടുകളായി ഒരു പ്രത്യേക മതത്തിലെ സമസ്തവിഭാഗവും അംഗീകരിച്ച് അനുവര്‍ത്തിച്ചു വരുന്ന ശബരിമലയിലെ ആചാരസംഹിതയെ സ്ത്രീവിരുദ്ധവുമായും ഇന്ത്യന്‍ സ്ത്രീത്വത്തിനു നേരേയുള്ള നീതിനിഷേധവുമായി പര്‍വതീകരിച്ച്, നൗഷാദ് അഹമ്മദ് ഖാന്‍ എന്ന യുവ അഭിഭാഷകസംഘടനാനേതാവിന്‍റെ തിരക്കഥയനുസരിച്ച്, പൊതുജനാഭിപ്രായമെന്ന വ്യാജേന രവിപ്രകാശ് ഗുപ്ത എന്ന അഭിഭാഷകന്‍ മുഖേന സമര്‍പ്പിച്ച ഹര്‍ജിയുടെ ഉദ്ദേശവും ശുദ്ധിയും പരിശോധിക്കേണ്ടിയിരിക്കുന്നു.

ഇന്ത്യാമഹാരാജ്യത്തിന്‍റെ ഇതരഭാഗങ്ങളെ അപേക്ഷിച്ച് ആദ്യമായി വൈദേശിക മതവിശ്വാസങ്ങളെ ആദരിച്ച് ആനയിച്ച വിഭാഗം മലയാളികളായിരുന്നു. റോമിലെ കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തി ക്രിസ്തുമതത്തിനു തുല്യം ചാര്‍ത്തുന്നതിനു മുന്‍പ് സഭാനിര്‍മ്മാണത്തിന്‍റെ ശൈശവദശയില്‍ കേരളത്തിലെത്തിയെന്നു വിശ്വസിക്കുന്ന സെന്‍റ് തോമസിനും ക്നാനായി തൊമ്മനും ഭൂമിയും പണവും നല്‍കി ആദ്യ പള്ളി പണിയാന്‍ അനുവാദം നല്‍കിയതു മലനാട്ടിലെ രാജാക്കന്മാരായിരുന്നു. വ്യാപാരത്തിനൊപ്പം വിശ്വാസവും കേരളത്തിലെത്തിച്ച മുസ്ലീം കച്ചവടക്കാരെ പരവതാനി വിരിച്ചു സ്വീകരിച്ചതു കോഴിക്കോട്ട് സാമൂതിരിയായിരുന്നു. ആ ബന്ധം പില്‍ക്കാലത്തു കേരളത്തിലെ ആദ്യത്തെ മുസ്ലീം പള്ളിയായ കൊടുങ്ങല്ലൂരിലെ ചേരമാന്‍ പള്ളി പണിയുവാന്‍ അവരെ സഹായിച്ചു. അന്യനാട്ടില്‍ നിന്നും ഹിന്ദുസ്ഥാനിലെത്തിയ മറ്റു മതവിശ്വാസങ്ങളെ ഹൈന്ദവീകതയുടെ അദ്വൈതദര്‍ശനവുമായി സംയോജിപ്പിക്കുന്ന ലോകത്തിലെ തന്നെ ഒരേയൊരു ദേവാലയമാണു ശബരിമല. അര്‍ത്തുങ്കല്‍ പള്ളിയേയും വാവരുസ്വാമിയേയും കടന്നുപോകുന്ന ശബരിമലയാത്ര മതാതീതമായ വിശ്വമാനവികതയുടെ മകുടോദാഹരണമാണ്.

സ്വാതന്ത്ര്യപ്രാപ്തിയോടെ ന്യൂനപക്ഷപദവി നേടിയെടുത്ത സെമറ്റിക് മതങ്ങള്‍ ആത്മീയത മറയാക്കി രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക മേഖലകളില്‍ കൂടുതല്‍ പിടി മുറുക്കുവാന്‍ തുടങ്ങി. ഇതര മതക്കാര്‍ മത്സരബുദ്ധിയോടെ തങ്ങളുടെ ചേരികളിലേക്ക് ആളെക്കൂട്ടുവാന്‍ ആശാസ്യമല്ലാത്ത മാര്‍ഗങ്ങള്‍ അവലംബിച്ചു വരുന്നതു കേരളത്തിലെ മതേതരത്വം നേരിടുന്ന വലിയ ഭീഷണിയാണ്. പല തരം ജാതികളും ഉപജാതികളും ഹിന്ദുവിശ്വാസികളെ പരസ്പരം വിഘടിച്ചു നിര്‍ത്തുമ്പോള്‍ മാത്രമേ മതപരിവര്‍ത്തനം അവരില്‍ സാധ്യമാകൂ.

എല്ലാ ഹിന്ദുക്കളേയും കൂട്ടിയോജിപ്പിക്കുന്ന ശബരിമലയുടെ വര്‍ദ്ധിച്ചുവരുന്ന പ്രതിച്ഛായ അത്തരക്കാര്‍ക്ക് ഒരു കടമ്പ തന്നെയാണ്. ആ പ്രതിച്ഛായ തകര്‍ക്കാന്‍ കഴിഞ്ഞ അര നൂറ്റാണ്ടിലേറെയായി വിവിധ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചു വരികയാണ്. അന്യമതങ്ങളിലെ ചെറിയൊരു തീവ്രന്യൂനപക്ഷം അതില്‍ പങ്കാളികളാകുമ്പോള്‍ ബൗദ്ധികനിശ്ചലാവസ്ഥയും പാര്‍ലമെന്‍ററി വ്യാമോഹവും നേരിടുന്ന മാര്‍ക്സിസ്റ്റു വരട്ടു വാദികളും, വംശനാശം നേരിടുന്ന യുക്തിവാദികളും നിരീശ്വരന്മാരും സംഘത്തോടെ അതില്‍ കക്ഷിചേരുന്നു.

ഘോരമായ വനത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന ശബരിമലയെ വനം കൊള്ളക്കാരും കൈയേറ്റക്കാരും ചേര്‍ന്നു പല പ്രാവശ്യം അഗ്നിക്കിരയാക്കിയിട്ടുണ്ട്. 1950ലെ അഗ്നിബാധയില്‍ അമ്പലം പൂര്‍ണമായി കത്തിനശിച്ചു. തിരുക്കൊച്ചിയിലെ നാസ്തികനായ അന്നത്തെ മുഖ്യമന്ത്രി പറഞ്ഞത് ഒരമ്പലം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിക്കുമെന്നാണ്. തുടര്‍ന്നു ലഭിച്ച അന്വേഷണറിപ്പോര്‍ട്ടു പൂഴ്ത്തിവച്ച് കുറ്റക്കാരെ സര്‍ക്കാര്‍ രക്ഷിച്ചു. പക്ഷെ അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന്‍റെ മരണശേഷം പ്രസിദ്ധീകൃതമായ ജീവചരിത്രത്തില്‍ ശബരിമല തീവച്ചയാളിന്‍റെ പേര് വ്യക്തമാക്കുന്നുണ്ട്. ജനാധിപത്യസര്‍ക്കാരും ആക്രമണകാരിയും നടത്തിയ അനീതിക്കെതിരേ യാതൊരു പ്രത്യാക്രമണവും ഉണ്ടാകാതിരുന്നതു ഹിന്ദുവിന്‍റെ സഹജമായ സഹനഭാവം കൊണ്ടു മാത്രമായിരുന്നു.

ഇന്ത്യയുടെ പൊതുബോധത്തിന്‍റേയോ സംസ്കൃതിയുടേയോ ഭാഗമാകാനോ മറ്റൊരു ബദല്‍ നിര്‍മ്മിക്കാനോ കഴിയാത്ത മാര്‍ക്സിസ്റ്റുകാര്‍ യുക്തിവാദികളെ മുന്‍ നിര്‍ത്തി തൊണ്ണൂറുകളില്‍ മകരജ്യോതിയും മകരവിളക്കും ഒന്നാണെന്നു വരുത്തി വിശ്വാസത്തെ തകര്‍ക്കാന്‍ നോക്കി. വന്‍ മാധ്യമപ്പടയുടെ പിന്തുണയോടെ ഉയര്‍ന്നുവന്ന വിവാദം കാറ്റുപോയ ബലൂണ്‍ പോലെ നിര്‍വീര്യമായി.

ഇനി ഹര്‍ജിക്കാര്‍ മനസ്സിലാക്കാത്ത ശബരിമലയുടെ പരിപ്രേക്ഷ്യം നമുക്ക് മനസിലാക്കാം.

വ്യത്യസ്തമായ ദേവതാസങ്കല്പങ്ങളും ആചാരാനുഷ്ഠാനങ്ങളും അവയെ സംയോജിപ്പിയ്ക്കുന്ന ഏകമായ ആത്മീയദര്‍ശനവും അതാണു ഹൈന്ദവധര്‍മ്മത്തെ മറ്റു മതങ്ങളില്‍ നിന്നും വ്യതിരിക്തമാക്കുന്നത്. ഉദാത്തമായ ശാസ്താസങ്കല്പത്തില്‍ നിന്നും ഉദയം കൊണ്ട് ചരിത്രപുരുഷനായി വിശ്വസിക്കുന്ന അയ്യപ്പന്‍ ലൗകികജീവിതം വെടിഞ്ഞ് നൈഷ്ഠിക ബ്രഹ്മചര്യം സ്വീകരിച്ച് ചിന്മുദ്രാംഗിതനായി യോഗനിദ്രയില്‍ വിലയം കൊള്ളുന്ന അത്യപൂര്‍വസാന്നിധ്യമാണു ശബരിമല. യോഗശാസ്ത്രപ്രകാരം അരപ്പട്ട കെട്ടി യോഗപട്ടാസനത്തില്‍ കുടികൊള്ളുന്ന അയ്യപ്പന്‍, പഞ്ചേന്ദ്രിയവാസനകള്‍ കീഴടക്കി, എതിര്‍ലിംഗാകര്‍ഷണത്തില്‍ നിന്നും മുക്തിനേടിയ താപസസങ്കല്പത്തിലാകയാല്‍ യൗവനയുക്തകളായ, രജസ്വലകളായ സ്ത്രീകളുടെ സാന്നിധ്യം നൂറ്റാണ്ടുകളായി വിശ്വാസികള്‍ അകറ്റി നിര്‍ത്തിയിരിക്കുന്നു. മറ്റെല്ലാ ശാസ്താക്ഷേത്രങ്ങളിലും എല്ലാ പ്രായങ്ങളിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനമുണ്ടായിരിക്കെ, താപസരൂപനായ ശബരിഗിരിവാസനെ സന്ദര്‍ശിക്കുന്നവര്‍ കൃത്യമായ കാലയളവില്‍ ലൗകിക സുഖഭോഗങ്ങള്‍ വെടിഞ്ഞ് സാത്വികമായ ജീവിതരീതി അവലംബിക്കണമെന്ന് അയ്യപ്പചരിതങ്ങള്‍ അനുശാസിക്കുന്നതിനാലാണു സ്ത്രീകള്‍ക്കു പ്രായനിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മാത്രവുമല്ല, ഹിന്ദുധര്‍മ്മാനുസാരിയായ ഒരു സ്ത്രീവിശ്വാസിയും താന്‍ ലൗകികയാണെങ്കിലും രജസ്വലയാണെങ്കിലും ശബരിമല പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ടു മുന്നോട്ടു വന്നതായി അറിവില്ല. ഹിന്ദുനാമധാരികളായ ഏതാനും അരാജകവാദികളും ചില യുക്തിവാദികളും അപൂര്‍വം അന്യമതസ്ഥരും ചുംബനസമരത്തിലെ ഉച്ഛിഷ്ടങ്ങളും ഉന്നയിക്കുന്ന ആവശ്യങ്ങളും, വിദേശകുത്തകകളുടെ സമ്പത്തും നിക്ഷിപ്തതാത്പര്യങ്ങളും നിയന്ത്രിക്കുന്ന മാധ്യമചര്‍ച്ചകളും ആസന്നമാകുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ ഹിന്ദുധ്രുവീകരണം തടയുന്നതിനുള്ള ഒരു രാഷ്ട്രീയതന്ത്രം മാത്രമായി കാണുവാനുള്ള വിവേകം ഹിന്ദുസമൂഹം ഇപ്പോഴും ബാക്കി വെക്കുന്നു.

സുരേന്ദ്രന്‍ നായര്‍
പ്രസിഡന്‍റ്, കെ.എച്ച്.എന്‍.എ


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top