സരിതയുടെ ആരോപണം കള്ളം; പിന്നില്‍ ബാഹ്യശക്തികള്‍- ടീം സോളാര്‍ മുന്‍ ജനറല്‍ മാനേജര്‍

saritha nairതിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനും കോടികള്‍ കോഴ നല്‍കിയെന്ന സരിതയുടെ ആരോപണം കള്ളമാണെന്ന് ടീം സോളാര്‍ മുന്‍ ജനറല്‍ മാനേജര്‍ പി. രാജശേഖരന്‍.

സരിതക്കു പിന്നില്‍ ബാഹ്യശക്തികള്‍ പ്രവര്‍ത്തിക്കുന്നു. അരുവിക്കര തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിജു രമേശിന്റെ ഹോട്ടല്‍ രാജധാനിയില്‍ സരിത പോയിരുന്നു. അവിടെ ചില രാഷ്ട്രീയ ഗൂഢാലോചനകള്‍ നടന്നു. ഇതേക്കുറിച്ച് അന്വേഷിക്കണം. മറ്റുള്ളവരുടെ പണം കൊണ്ട് സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതാണ് സരിതയുടെ രീതി. അവരുടെ മുന്‍ അക്കൗണ്ട്സ് മാനേജരെ ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും.

സരിതയുടെ ധൂര്‍ത്തും ആഡംബരവുമാണ് ടീം സോളാര്‍ തകരാന്‍ കാരണം. കമ്പനിയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പുകള്‍ നടക്കുന്നെന്ന് ബോധ്യമായ സാഹചര്യത്തിലാണ് താന്‍ രാജിവെച്ചത്. പലരോടും സരിത കോടികള്‍ വാങ്ങിയിട്ടുണ്ട്. എന്നാല്‍, ഈ പണം മുഖ്യമന്ത്രിക്ക് നല്‍കിയിട്ടില്ല.

സരിത അറസ്റ്റിലാകുമ്പോള്‍ ഒന്നര ലക്ഷമായിരുന്നു ബാങ്ക് ബാലന്‍സ്. കേസ് നടത്തിപ്പിനും മറ്റും കോടികളാണ് സരിത ചെലവിട്ടത്. ഇക്കാര്യങ്ങള്‍ സോളാര്‍ കമീഷന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മൊഴി സത്യമാണെന്ന് തെളിയിക്കാന്‍ നുണപരിശോധനക്ക് വിധേയനാകാം. മുഖ്യമന്ത്രിക്കെതിരെ വാര്‍ത്താസമ്മേളനം നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജു രാധാകൃഷ്ണന്‍ കത്തു തന്നു. മുഖ്യമന്ത്രിക്കും സര്‍ക്കാറിനുമെതിരെ ചിലര്‍ നടത്തുന്ന നീക്കങ്ങളാണ് പുതിയ ആരോപണങ്ങള്‍ക്ക് കാരണം. സത്യം പറയുന്ന തന്റെ ജീവന് ഭീഷണിയുണ്ടെന്നും രാജശേഖരന്‍ പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment