ഉമ്മന്‍ചാണ്ടി ചതിയന്‍; സരിതയെയും ചതിച്ചു -ആന്റോ

mdnതൃശൂര്‍: തന്നെ ചതിച്ച ഉമ്മന്‍ചാണ്ടി ഇപ്പോള്‍ സരിത എസ്. നായരെയും ചതിച്ചെന്ന് സോളാര്‍ പദ്ധതി അവതരിപ്പിച്ച സി.എല്‍. ആന്റോ. സര്‍ക്കാറിന്റെ മുതല്‍മുടക്ക് ആവശ്യമില്ലാത്ത 1,60,000 കോടിയുടെ പദ്ധതിയാണ് താന്‍ സമര്‍പ്പിച്ചത്. പരിഗണിക്കുമെന്ന് എഴുതി ഒപ്പിട്ട് നല്‍കിയതാണ്. എന്നിട്ട് പദ്ധതി സരിതക്ക് കൈമാറി. സരിതയെ ചതിച്ച് പദ്ധതി സ്വന്തം കുടുംബത്തിലേക്കും ശിങ്കിടികളിലേക്കും എത്തിക്കാന്‍ ശ്രമിച്ചെന്നും ആന്റോ പറഞ്ഞു. കരുണാകരന്‍െറ കാലത്ത് ‘പാവം പയ്യന്‍’ എന്ന പേരില്‍ വിവാദനായകനായ ആളാണ് ആന്റോ.

2012 ജൂണ്‍ 26ന് മുഖ്യമന്ത്രിയെ നേരില്‍ കണ്ടാണ് സോളാറിനും മാലിന്യ സംസ്കരണത്തിനും പദ്ധതി സമര്‍പ്പിച്ചത്. പിന്നീട് വിവരമൊന്നും ഇല്ലാതായപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് ആ പദ്ധതിയിലെ ഒരു ഭാഗമെടുത്താണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന സോളാര്‍ പദ്ധതിക്ക് മുഖ്യമന്ത്രി വഴിയൊരുക്കിയതായി മനസ്സിലാക്കിയത്. താന്‍ ചെയര്‍മാനായ സഹകരണ സംഘത്തിന് പദ്ധതി നടത്തിപ്പിന് അംഗീകാരം നല്‍കാമെന്ന് പറഞ്ഞിരുന്നു. പിന്നീട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.സി. ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ. ബാബു, ആര്യാടന്‍ മുഹമ്മദ് എന്നിവരും ആന്റോ ആന്‍റണി എം.പിയും ചേര്‍ന്ന് പദ്ധതി പരിശോധിച്ചു. ഒരു ലക്ഷം കോടിയുടെ മാലിന്യ സംസ്കരണ പദ്ധതിയുടെ നടത്തിപ്പ് ലീഗ് മന്ത്രിമാര്‍ക്ക് നല്‍കി. ശേഷിക്കുന്ന 60,000 കോടിയുടെ സോളാര്‍ പദ്ധതിയാണ് മുഖ്യമന്ത്രിയും നാല് കോണ്‍ഗ്രസ് മന്ത്രിമാരും ആന്റോ ആന്‍റണി എം.പിയും ചേര്‍ന്ന് ബിസിനസായി കൊണ്ടുപോകാന്‍ തീരുമാനിച്ചത്. ഇതിനായി രണ്ട് ഗ്രൂപ്പുകളെയും സജ്ജമാക്കി. ടീം സോളാര്‍ കമ്പനിയുടെ രൂപവത്കരണം തന്റെ പദ്ധതിയില്‍ നിന്നാണെന്ന് വ്യക്തമായി.

പദ്ധതി റിപ്പോര്‍ട്ട് നേരിട്ടത്തെിക്കാന്‍ പറഞ്ഞതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്. മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്കും പകര്‍പ്പ് കൈമാറി. കൊച്ചിയില്‍ നടന്ന എമര്‍ജിങ് കേരളയില്‍ താനും പദ്ധതി സമര്‍പ്പിച്ചെങ്കിലും മറുപടിയുണ്ടായില്ല. മുഖ്യമന്ത്രിക്കും കെ. ബാബുവിനും വര്‍ഷങ്ങളായി അവിഹിത ഇടപാടുകളുണ്ട്. പലതിനും തെളിവുണ്ട്. തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന നാല്‍പതിലധികം രേഖകള്‍ സോളാര്‍ കമീഷന് താന്‍ സമര്‍പ്പിച്ചിട്ടുണ്ട്. മുമ്പ് പല പദ്ധതികളെക്കുറിച്ച് പറയുമ്പോഴും ഉമ്മന്‍ചാണ്ടിയെ വിശ്വസിക്കരുതെന്ന് കെ. കരുണാകരന്‍ പറയുമായിരുന്നു. വലിയ കസേരയിലെ അല്‍പനാണ് ഉമ്മന്‍ചാണ്ടിയെന്നും ആന്റോ പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment