പിരിച്ചുവിട്ട ജീവനക്കാരിക്ക് വാള്‍മാര്‍ട്ട് 31 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണം !

walmartന്യൂഹാംപ്ഷയര്‍: അകാരണമായി ജോലിയില്‍ നിന്നും പിരിച്ചുവിട്ട വാള്‍മാര്‍ട്ട് ഫാര്‍മസിസ്റ്റിന് 31 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ന്യൂഹാംപഷയര്‍ ഫെഡറല്‍ ജൂറി ജനുവരി 28ന് വിധി പ്രസ്താവിച്ചു. 13 വര്‍ഷമായി ഫാര്‍മസി ജീവനക്കാരിയായ മെക്പാഡന്‍ (47)നെയാണ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്.

ഫാര്‍മസിയുടെ താക്കോല്‍ നഷ്ടപ്പെടുത്തിയതാണ് പിരിച്ചു വിടാന്‍ കാരണമെന്ന് അധികൃതര്‍ പറയുമ്പോള്‍, ആവശ്യമായ പരിശീലനം ലഭിക്കാത്ത ജീവനക്കാര്‍ തെറ്റായ മരുന്നുകള്‍ നല്‍കുന്നതിനെ എതിര്‍ത്തതിലുള്ള പക പോക്കലാണ് ജോലിയില്‍ നിന്നും പിരിച്ചു വിടാന്‍ കാരണമെന്ന് ജീവനക്കാരിയും പറയുന്നു.

താന്‍ ഒരു സ്ത്രീ ആണെന്നുള്ളതും പിരിച്ചുവിടാന്‍ കാരണമായി ഇവര്‍ ചൂണ്ടിക്കാട്ടി. ഫാര്‍മസിയുടെ താക്കോല്‍ നഷ്ടപ്പെടുത്തിയ ന്യൂഹാംപ്ഷയറിലെ മറ്റൊരു ഫാര്‍മസിസ്റ്റ് പുരുഷനായതുകൊണ്ട് നടപടികള്‍ സ്വീകരിച്ചില്ലെന്നും ഇവര്‍ പറയുന്നു. ലിംഗ വിവേചനം നടന്നു എന്നതാണ് ജൂറിയുടെ വിധിയെ സ്വാധീനിച്ചത്.

ഈ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെടുമെന്ന് വാള്‍മാര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി. ജൂറിയുടെ വിധി ന്യായീകരിക്കാവുന്നതാണെന്നാണ് മെക്ക്പാഡന്റെ അറ്റോര്‍ണി ലൊറീന്‍ ഇര്‍വിന്‍ അഭിപ്രായപ്പെട്ടത്.

വാര്‍ത്ത: പി.പി.ചെറിയാന്‍

Print Friendly, PDF & Email

Leave a Comment