ആന്ധ്രയില്‍ സംവരണ സമരക്കാര്‍ ട്രെയിന് തീവച്ചു

unnamedഹൈദരാബാദ്: കാപു സമുദായത്തിന് പിന്നാക്ക പദവി ആവശ്യപ്പെട്ട് നടന്ന സമരം ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ അക്രമാസക്തമായി. സമരക്കാര്‍ പൊലീസ് സ്റ്റേഷനും എട്ട് ട്രെയിന്‍ ബോഗികള്‍ക്കും തീവെച്ചു. വിശാഖപട്ടണത്തുനിന്ന് 100 കിലോമീറ്റര്‍ മാറി ടുണി എന്ന സ്ഥലത്ത് നടന്ന കാപു സമുദായത്തിന്റെ സമ്മേളനമാണ് അക്രമത്തിലേക്ക് തിരിഞ്ഞത്.

അക്രമ സംഭവങ്ങളെ തുടര്‍ന്ന് വിജയവാഡക്കും വിശാഖപട്ടണത്തിനുമിടയിലെ ട്രെയിന്‍ ഗതാഗതവും ചെന്നൈ-കൊല്‍ക്കത്ത ദേശീയപാതയിലെ വാഹനഗതാഗതവും തടസ്സപ്പെട്ടു. സമരക്കാര്‍ തീവെച്ച രത്നാചല്‍ എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടില്ല.

സമ്മേളന സ്ഥലത്തിനടുത്തുള്ള റെയില്‍വേ ട്രാക്കിലേക്ക് പ്രവേശിച്ച പ്രക്ഷോഭകര്‍ ട്രെയിന്‍ തടഞ്ഞുനിര്‍ത്തി യാത്രക്കാരോട് പുറത്തിറങ്ങാനാവശ്യപ്പെട്ട ശേഷം തീവെക്കുകയായിരുന്നു. പിന്നീട് തൊട്ടടുത്ത ടുണി റെയില്‍വേ സ്റ്റേഷന്‍ ആക്രമിച്ച പ്രക്ഷോഭകര്‍ ഫര്‍ണിചര്‍ നശിപ്പിച്ചു. ടുണി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് ചെയ്ത സംഘം കല്ലെറിയുകയും തീവെക്കുകയുമായിരുന്നു.

മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വിഷയം ചര്‍ച്ചചെയ്യാന്‍ വിജയവാഡയില്‍ അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചു. കാപു സമുദായത്തിന് പിന്നാക്ക സമുദായ പദവി ചന്ദ്രബാബു നായിഡുവിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment