കോട്ടയം: റബര്‍ വിലത്തകര്‍ച്ചയില്‍ നട്ടംതിരിയുന്ന ജില്ലയിലെ കര്‍ഷകരെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച കോട്ടയം ജില്ലയില്‍ എല്‍.ഡി.എഫ് സമ്പൂര്‍ണ ഹര്‍ത്താല്‍ ആചരിക്കും. കടകമ്പോളങ്ങള്‍ അടച്ചിട്ടും വാഹനങ്ങള്‍ നിരത്തില്‍ ഇറക്കാതെയും ഹര്‍ത്താലിനോട് സഹകരിക്കണമെന്ന് എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റി അഭ്യര്‍ഥിച്ചു.
ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലും രാവിലെ ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ പ്രകടനങ്ങള്‍ നടക്കും. റബര്‍ കര്‍ഷകരെ സഹായിക്കാനെന്ന പേരില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പ്രഖ്യാപിച്ച പദ്ധതികള്‍ ഫലം കണ്ടില്ല. ടയര്‍ വ്യവസായികള്‍ക്ക് അനുകൂല സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ഏറ്റവുമൊടുവില്‍ കേന്ദ്രമന്ത്രിയുമായി ചര്‍ച്ചനടത്തി റബര്‍ ഇറക്കുമതി ഒരുവര്‍ഷത്തേക്ക് നിരോധിച്ചെന്ന് പ്രഖ്യാപിച്ച ജോസ് കെ.മാണി എം.പിയും കര്‍ഷകരെ വഞ്ചിച്ചു. റബര്‍ ഇറക്കുമതി നിരോധിക്കുമെന്ന് ജോസ് കെ. മാണിക്ക് ഉറപ്പുനല്കിയിട്ടില്ലന്ന് കേന്ദ്രവാണിജ്യമന്ത്രി നിര്‍മല സീതാരാമന് തന്നെ വ്യക്തമാക്കിയതോടെയാണ് ജോസ് കെ. മാണിയുടെ കള്ളി പൊളിഞ്ഞതെന്നും നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply