ന്യൂഡല്‍ഹി: പ്രിയങ്ക വാദ്ര കയറിയ വിമാനം ബോംബ് പരിശോധനയെ തുടര്‍ന്ന് മൂന്നുമണിക്കൂര്‍ വൈകി. ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.
ബുധനാഴ്ച രാവിലെ 6.50ന് ജെറ്റ് എയര്‍വേസ് വിമാനത്തില്‍ മകളോടൊപ്പം ചെന്നൈയിലേക്ക് പോകാനാണ് പ്രിയങ്ക ടിക്കറ്റ് ബുക് ചെയ്തത്. പ്രിയങ്കയുള്ളതിനാല് വിമാനത്താവളത്തിലെ പരിശോധന കര്‍ശനമാക്കിയിരുന്നു. തുടര്‍ച്ചയായ പരിശോധനയില്‍ അസ്വസ്ഥനായ ഡല്‍ഹി സ്വദേശിയായ വ്യാപാരി ‘നിങ്ങള്‍ എന്താണ് പരിശോധിക്കുന്നത്; എന്‍െറ കൈയില്‍ എന്താ ബോംബുണ്ടോ’ എന്ന് ചോദിച്ചതാണ് പ്രശ്നമായത്. ഉടന്‍ പ്രിയങ്കയെയും മകളെയുമടക്കം വിമാനത്തിലെ മുഴുവന്‍ യാത്രക്കാരെയും അധികൃതര്‍ വിമാനത്തില്‍നിന്ന് മാറ്റുകയും ഇല്ലാത്ത ബോംബ് കണ്ടത്തൊന്‍ ‘ഊര്‍ജിത’ പരിശോധന നടത്തുകയുമായിരുന്നു.
പരിശോധന നീണ്ടതിനെ തുടര്‍ന്ന് പ്രിയങ്കയും മകളും 9.15ന് മറ്റൊരു വിമാനത്തില്‍ ചെന്നൈക്ക് പറന്നു. 10നാണ് വിമാനം പുറപ്പെട്ടത്. പരിഭ്രാന്തി പരത്തിയെന്നു പറഞ്ഞ് യാത്രക്കാരനെ പൊലീസിന് കൈമാറി. മേലില്‍ ഇത്തരം പദപ്രയോഗങ്ങള്‍ നടത്തില്ലന്ന് ഉറപ്പുനല്‍കിയ ശേഷമാണ് ഇയാളെ വിട്ടയച്ചത്.