Flash News

താന്‍സനിയന്‍ വിദ്യാര്‍ഥിനിക്ക് മര്‍ദനം: അഞ്ചുപേര്‍ അറസ്റ്റില്‍; വിദ്യാര്‍ഥിനിയെ വിവസ്ത്രയാക്കി തെരുവിലൂടെ നടത്തിയിട്ടില്ലന്ന് കര്‍ണാടക സര്‍ക്കാര്‍

February 5, 2016 , സ്വന്തം ലേഖകന്‍

bengaluru_0ബംഗളൂരു: താന്‍സനിയന്‍ വിദ്യാര്‍ഥിനിയെ ആക്രമിച്ച സംഭവത്തില്‍ ബംഗളൂരു പൊലീസ് അഞ്ചുപേരെ അറസ്റ്റ് ചെയ്തു. ബംഗളൂരുവിലെ ഗണപതിപുരയില്‍ നിന്ന് ലോകേഷ് ബംഗാരു, വെങ്കടേഷ്, സലിം പാഷ, ഭാനുപ്രകാശ്, റഹ്മത്തുള്ള എന്നിവരാണ് പിടിയിലായത്. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് അറസ്റ്റ്. വിദ്യാര്‍ഥിനിക്കു നേരെയുണ്ടായ അതിക്രമത്തില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. വിദ്യാര്‍ഥിയുടെ പരാതിയില്‍ നടപടിയെടുക്കാന്‍ കാലതാമസം വരുത്തിയ പൊലീസുകാര്‍ക്കെതിരെ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കര്‍ണാടക സര്‍ക്കാറിനോട് വിശദീകരണം തേടി. വിദ്യാര്‍ഥിനിക്കു നേരെയുണ്ടായത് വംശീയ അധിക്ഷേപമല്ലന്ന് തെളിയിക്കുന്ന വിവരങ്ങള്‍ കര്‍ണാടക ആഭ്യന്തര മന്ത്രി പുറത്തുവിടണമെന്ന് വനിതാവകാശ പ്രവര്‍ത്തകയും അഭിഭാഷകയുമായ അഭാ സിങ് ആവശ്യപ്പെട്ടു.

വിദ്യാര്‍ഥിനിയെ വിവസ്ത്രയാക്കി തെരുവിലൂടെ നടത്തിയിട്ടില്ലന്നും ഒറ്റപ്പെട്ട സംഭവമാണെന്നും കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര. വിദ്യാര്‍ഥിനിക്കു നേരെയുണ്ടായത് വംശീയ അധിക്ഷേപമല്ലങ്കിലും സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സുഡാനി വിദ്യാര്‍ഥിയുടെ കാറിടിച്ച് യുവതി കൊല്ലപ്പെട്ടതില്‍ രോഷാകുലരായ ജനക്കൂട്ടം താന്‍സനിയന്‍ വിദ്യാര്‍ഥിയെയും സുഹൃത്തുക്കളെയും മര്‍ദിക്കുകയായിരുന്നു. ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കും. ബംഗളൂരുവില്‍ 12,000ഓളം വിദേശ വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. സംസ്ഥാന ആഭ്യന്തര മന്ത്രാലയം വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കും. ആഫ്രിക്കന്‍ വിദ്യാര്‍ഥികള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം നഗരത്തിലെ ആഫ്രിക്കന്‍ അസോസിയേഷനുമായി വിദ്യാര്‍ഥി ബന്ധപ്പെടുകയും അവര്‍ താന്‍സനിയന്‍ എംബസിയില്‍ പരാതി നല്‍കുകയും ചെയ്തതോടെയാണ് സംഭവം പുറത്തുവരുന്നത്. ഞായറാഴ്ച സുഡാന്‍ സ്വദേശി ഓടിച്ച കാറിടിച്ച് നാട്ടുകാരിയായ യുവതി മരിച്ചതോടെയാണ് സംഘര്‍ഷത്തിന് തുടക്കം. കാര്‍ ഓടിച്ചിരുന്ന സുഡാന്‍ വിദ്യാര്‍ഥിയെ കൈയേറ്റം ചെയ്തു. ഈ സമയത്താണ് താന്‍സനിയന്‍ യുവതിയും സുഹൃത്തുക്കളും കാറില്‍ ഇതുവഴി വന്നത്. സുഡാന്‍ സ്വദേശിയുടെ കൂടെയുള്ളവരാണെന്ന് കരുതി തടഞ്ഞുനിര്‍ത്തി ഇവരെയും മര്‍ദിക്കുകയായിരുന്നു. യുവതിയെ മര്‍ദിക്കുകയും വിവസ്ത്രയാക്കി റോഡിലൂടെ നടത്തിക്കുകയും ചെയ്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top