മരുന്നു കമ്പനികളില്‍ നിന്ന് സമ്മാനം പറ്റുന്ന ഡോക്ടര്‍മാര്‍ കുടുങ്ങും

doctorന്യൂഡല്‍ഹി: മരുന്നുകമ്പനികളില്‍ നിന്ന് സമ്മാനവും കമീഷനും പറ്റി രോഗികള്‍ക്ക് ആവശ്യമില്ലാത്ത മരുന്നുകള്‍ അടിച്ചേല്‍പ്പിക്കുന്ന ഡോക്ടര്‍മാര്‍ ഇനി കുടുങ്ങും. വാങ്ങിയ സമ്മാനത്തിന്റെ വില കണക്കാക്കി കര്‍ശന നടപടി സ്വീകരിക്കാന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ആലോചിക്കുന്നു.

5000 മുതല്‍ 10000 രൂപ വരെ മൂല്യമുള്ള പാരിതോഷികമോ മറ്റെന്തെങ്കിലും സൗജന്യമോ സ്വീകരിക്കുന്ന ഡോക്ടര്‍മാരുടെ പേര് മൂന്നു മാസത്തേക്ക് ദേശീയ-സംസ്ഥാന രജിസ്റ്റരുകളില്‍ നിന്ന് നീക്കം ചെയ്യാനാണ് ആലോചന. രജിസ്റ്ററില്‍ നിന്ന് നീക്കം ചെയ്യപ്പെട്ട കാലയളവില്‍ പ്രാക്ടീസ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ക്ക് അനുമതിയില്ല. ഒരു ലക്ഷമോ അതിലേറെയോ വാങ്ങുന്നവര്‍ക്ക് ഒരു വര്‍ഷമെങ്കിലും ജോലി നിര്‍ത്തിവെക്കേണ്ടി വരും.

സൗജന്യങ്ങള്‍ സ്വീകരിക്കരുതെന്ന് 2009ല്‍ കൗണ്‍സില്‍ പുറത്തിറക്കിയ ചട്ടങ്ങളിലും വ്യവസ്ഥ ചെയ്യുന്നുണ്ട്. മഹാരാഷ്ട്രയില്‍ ആഭരണങ്ങളും ഫ്ലാറ്റുകളും വിദേശയാത്രകളും തരപ്പെടുത്തിയ 326 ഡോക്ടര്‍മാരെ മഹാരാഷ്ട്രയിലെ എത്തിക്സ് കമ്മിറ്റി വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു.

ചില പ്രത്യേക കമ്പനികളുടെ അതേ ഗുണവും പതിന്‍മടങ്ങ് വിലയുമുള്ള മരുന്നുകള്‍ തന്നെ ഉപയോഗിക്കണമെന്ന് ഡോക്ടര്‍മാര്‍ രോഗികളെ നിര്‍ബന്ധിക്കാറുണ്ട്. ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എന്ന പേരില്‍ മരുന്നുകമ്പനികള്‍ നീക്കിവെക്കുന്ന പണം പുതിയ മരുന്നുകള്‍ പരീക്ഷിച്ച് ആരോഗ്യമേഖലക്ക് നേട്ടമുണ്ടാക്കാനല്ല, ഡോക്ടര്‍മാര്‍ക്ക് സൗജന്യങ്ങള്‍ നല്‍കാനാണ് ചെലവിടുന്നത്. ഏറ്റവും വിലയുള്ള സമ്മാനങ്ങള്‍ നല്‍കുന്ന കമ്പനികളുടെ മരുന്നാണ് ഇപ്പോള്‍ ഡോക്ടമാര്‍ എഴുതുന്നത്. മാത്രമല്ല, ഓരോ ഡോക്ടറുമായും ബന്ധപ്പെട്ട് ഓരോ മരുന്നുശാലകളും ഇപ്പോള്‍ രൂപപ്പെട്ടിട്ടുണ്ട്. ഒരു ഡോക്ടര്‍ എഴുതുന്ന മരുന്ന് അദ്ദേഹത്തിന്‍െറ തൊട്ടടുത്ത മെഡിക്കല്‍ ഷോപ്പില്‍ മാത്രമേ ലഭിക്കൂ എന്നതാണ് അവസ്ഥ. ഡോക്ടറുടെ കണ്‍സല്‍ട്ടിംഗ് ഫീസ് വരെ തീരുമാനിക്കുന്ന തരത്തിലേക്ക് കമ്പനികള്‍ ഇപ്പോള്‍ മാറിക്കഴിഞ്ഞു. ഇതെല്ലാം സാധാരണ രോഗികളുടെ ആരോഗ്യത്തെയും സമ്പത്തിനെയും ദോഷകരമായി ബാധിക്കുന്നുണ്ട്. മെഡിക്കല്‍ എത്തിക്സിന് വിരുദ്ധമായ ഇത്തരം കാര്യങ്ങള്‍ നിയന്ത്രിക്കുകയാണ് മെഡിക്കല്‍ കൗണ്‍സില്‍ കൊണ്ടുവരുന്ന നിയന്ത്രണത്തിന്‍െറ ലക്ഷ്യം.

കൃത്യമായ ശാസ്ത്രീയ പഠന നിരീക്ഷണങ്ങളിലൂടെ ഗുണകരമെന്ന് വെളിപ്പെടുകയും മെഡിക്കല്‍ ജര്‍ണലുകളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യാത്ത ഉല്‍പന്നങ്ങള്‍ നല്ലതെന്ന് ശിപാര്‍ശ ചെയ്ത് രോഗികള്‍ക്കു നല്‍കുന്ന ഡോക്ടര്‍മാരും ഇനി കുടുങ്ങും. ആദ്യതവണ താക്കീതും ആവര്‍ത്തിച്ചാല്‍ ഇവരുടെ പേരുവെട്ടലുമാണ് കൗണ്‍സില്‍ നിര്‍ദേശിക്കുന്നത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment