ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമസേനാ താവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ പാക് ഭീകരസംഘടനയായ ജയ്ശെ മുഹമ്മദിന്റെ തലവന്‍ മൗലാന മസ്ഊദ് അസ്ഹറിന് ബന്ധമുണ്ടെന്നതിന് തെളിവില്ലന്ന് പാകിസ്താന് സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണസംഘം.
ആക്രമണത്തില്‍ മസ്ഊദിന് പങ്കുണ്ടെന്നത് സ്ഥിരീകരിക്കാന്‍ തെളിവില്ലന്ന് പാക് സര്‍ക്കാര്‍ ഇന്ത്യന്‍ സര്‍ക്കാറിനെ അറിയിച്ചതായി ‘ദി എക്സ്പ്രസ് ട്രൈബ്യൂണ്‍’ പത്രം റിപ്പോര്‍ട്ടു ചെയ്തു. മസ്ഊദ് അസ്ഹറിനെതിരെ കേസെടുക്കാന്‍ ആവശ്യമായ തെളിവുകളില്ലന്ന് പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞയാഴ്ച നടന്ന യോഗത്തിലാണ് പാകിസ്താനിലെ സിവില്‍, സൈനിക നേതൃത്വങ്ങളെ അറിയിച്ചത്. അതേസമയം, സംഘടനയുടെ താഴേ തട്ടിലുള്ള ചിലര്‍ക്ക് സംഭവവുമായി ബന്ധമുണ്ടാകാനുള്ള സാധ്യത അന്വേഷണസംഘം തള്ളിയിട്ടില്ല.
ജനുവരി രണ്ടിനാണ് പത്താന്‍കോട്ട് വ്യോമസേനാ താവളത്തിനുനേരെ ഭീകരാക്രമണമുണ്ടായത്. മൂന്നു ദിവസം നീണ്ട ഏറ്റുമുട്ടലില്‍ ആറു ഭീകരരും ഏഴു സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. ആക്രമണം നടത്തിയവര്‍ക്ക് പാകിസ്താന് ബന്ധമുണ്ടെന്നതിനുള്ള തെളിവുകള്‍ ഇന്ത്യ കൈമാറിയതിനെ തുടര്‍ന്നാണ് പാക് പ്രധാനമന്ത്രി നവാസ് ശരീഫ് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചത്. ഇതേതുടര്‍ന്ന് പാക് പഞ്ചാബിലെ ജയ്ശെ മുഹമ്മദ് ആസ്ഥാനം റെയ്ഡ് ചെയ്ത സംഘം നിരവധി പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഇന്ത്യയുടെ കൈവശമുള്ള തെളിവുകള്‍ പരിശോധിക്കുന്നതിന് പാക് സംഘം ഇന്ത്യ സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. പത്താന്‍കോട്ട് ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ പാകിസ്താന് ശക്തമായ നടപടികള്‍ എടുത്തശേഷമേ ഇരുരാജ്യങ്ങളും തമ്മിലുള്ള സെക്രട്ടറിതല ചര്‍ച്ച പുനരാരംഭിക്കൂ എന്ന് ഇന്ത്യ പാകിസ്താനെ അറിയിച്ചിരുന്നു.