പാര്‍ട്ടിയില്‍ കലാപം പൊട്ടിപ്പുറപ്പെടുംമുമ്പേ അമ്പാടിമുക്കിലെ ഫ്ലക്സ് സി.പി.എം തള്ളിപ്പറഞ്ഞു

P jayarajan as home minister posterകണ്ണൂര്‍: പി. ജയരാജനെ ആഭ്യന്തര മന്ത്രിയായി ചിത്രീകരിച്ച് അമ്പാടിമുക്കില്‍ സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡിനെ സി.പി.എം തള്ളിപ്പറഞ്ഞു. ഫ്ലക്സുമായി ബന്ധപ്പെട്ട് കണ്ണൂരിലെ സി.പി.എമ്മില്‍ ജയരാജന് അനുകൂലമായും പ്രതികൂലമായും കലാപം പൊട്ടിപ്പുറപ്പെടാനിരിക്കേയാണ് പാര്‍ട്ടി ഇക്കാര്യം തള്ളിപ്പറഞ്ഞത്.

പോസ്റ്റര്‍ സി.പി.എമ്മിന്റെതല്ലന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ആരെങ്കിലും എവിടെയെങ്കിലും പോസ്റ്റര്‍ വെച്ചാല്‍ ഉത്തരവാദിത്തം സി.പി.എമ്മിനല്ലന്നും അദ്ദേഹം പറഞ്ഞു. ശക്തനായ മുഖ്യമന്ത്രിക്ക് ശക്തനായ ആഭ്യന്തരമന്ത്രി എന്ന സംബോധനയോടെയാണ് കണ്ണൂരില്‍ അമ്പാടിമുക്ക് സഖാക്കള്‍ എന്ന പേരില്‍ ബോര്‍ഡ് സ്ഥാപിച്ചത്.

പിണറായി വിജയനെയും പി. ജയരാജനെയും കൃഷ്ണാര്‍ജുനന്മാരായി ചിത്രീകരിച്ച് ഒരുമാസം മുമ്പ് ഫ്ലക്സ് സ്ഥാപിച്ച അമ്പാടിമുക്കിലെ പ്രവര്‍ത്തകര്‍, കഴിഞ്ഞ ദിവസമാണ് ‘ശക്തനായ രാജാവിന് ശക്തനായ സൈന്യാധിപന്‍’ എന്ന തലക്കെട്ടില്‍ പുതിയ ബോര്‍ഡ് വെച്ചത്. തുറന്ന വാഹനത്തില്‍ ‘ആഭ്യന്തര മന്ത്രി’ പി. ജയരാജന്‍ സല്യൂട്ട് സ്വീകരിക്കുന്നതാണ് വിവാദ ദൃശ്യം.

അച്ചടി, ദൃശ്യ മാധ്യമങ്ങളിലും നവമാധ്യമങ്ങളിലുമുള്‍പ്പെടെ ഏറെ വിമര്‍ശത്തിനിടയാക്കിയ ഈ ചിത്രീകരണം പാര്‍ട്ടി ശത്രുക്കള്‍ പ്രചാരണായുധമാക്കിയതായി പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. പാര്‍ട്ടിക്കെതിരായ അടിച്ചമര്‍ത്തലുകള്‍ക്കും ഭരണകൂട ഭീകരതക്കും നീതിനിഷേധത്തിനുമെതിരെ ജനകീയ പ്രതിഷേധമുയര്‍ത്തേണ്ട കാലത്ത് ശത്രുക്കള്‍ക്ക് പാര്‍ട്ടിക്കെതിരെ പ്രചാരണം നടത്താന്‍ അവസരമൊരുക്കരുത്. ഇക്കാര്യത്തില്‍ പാര്‍ട്ടി അണികളും ബന്ധുക്കളും ജാഗ്രത പാലിക്കേണ്ടതുണ്ട്. അമ്പാടിമുക്കിലെ പ്രവര്‍ത്തര്‍ നടത്തിയ പ്രചാരണം പാര്‍ട്ടി ശത്രുക്കള്‍ക്കാണ് ഉപകരിച്ചത് -പ്രസ്താവന പറഞ്ഞു. അതേസമയം, നവമാധ്യമങ്ങളിലൂടെ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളാണ് നടത്തേണ്ടതെന്ന് സെക്രട്ടേറിയറ്റ് ഓര്‍മിപ്പിച്ചു.

Print Friendly, PDF & Email

Leave a Comment