സിക വൈറസ്: അമേരിക്കന്‍ താരങ്ങള്‍ ഒളിമ്പിക്സില്‍നിന്ന് വിട്ടുനില്‍ക്കും

aedes-mosquitoവാഷിങ്ടണ്‍: സിക വൈറസ് ഭീതി ബ്രസീലുള്‍പ്പെടെ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെ മുള്‍മുനയിലാക്കിയതോടെ ആഗസ്റ്റില്‍ നടക്കുന്ന റിയോ ഒളിമ്പിക്സില്‍ അമേരിക്കയുടെ പങ്കാളിത്തം പൂര്‍ണമാകില്ലന്ന് സൂചന. രോഗം പടരുമെന്ന് ആശങ്കയുള്ള താരങ്ങള്‍ക്കും ഒഫീഷ്യലുകള്‍ക്കും വിട്ടുനില്‍ക്കാന്‍ അമേരിക്കന്‍ ഒളിമ്പിക് കമ്മിറ്റി അനുവാദം നല്‍കിയതോടെ പ്രമുഖരില്‍ ചിലരെങ്കിലും വിട്ടുനിന്നേക്കും. ജനുവരി അവസാനം ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ബന്ധപ്പെട്ട എല്ലാവര്‍ക്കും സ്വയം തീരുമാനത്തിന് അവസരം നല്‍കിയതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് പറയുന്നു.

2012ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ മെഡലുകളില്‍ സെഞ്ച്വറി നേട്ടവുമായി ഒന്നാമതത്തെിയത് അമേരിക്കയായിരുന്നു. ചൈന ഉയര്‍ത്തിയ കനത്ത വെല്ലുവിളി മറികടന്ന് 46 സ്വര്‍ണവും 29 വെള്ളിയും 29 വെങ്കലവും സ്വന്തമാക്കിയായിരുന്നു അമേരിക്കന്‍ പടയോട്ടം.

ഇത്തവണ പക്ഷേ, ഒളിമ്പിക് വേദിയായ ബ്രസീല്‍ സിക വൈറസ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യമാവുകയും രോഗബാധ നിയന്ത്രണവിധേയമാക്കുന്നതില്‍ പരാജയമാവുകയും ചെയ്തതോടെയാണ് താരങ്ങളുടെ സുരക്ഷക്ക് ഒന്നാം പരിഗണന നല്‍കാന്‍ അമേരിക്ക തീരുമാനിക്കുന്നത്. നേരത്തേ ഒളിമ്പിക് കമ്മിറ്റി അംഗരാജ്യങ്ങള്‍ക്ക് അയച്ച കത്തിലും ഉത്കണ്ഠ പങ്കുവെച്ചിരുന്നു. അമേരിക്ക വിട്ടുനില്‍ക്കുന്നപക്ഷം ഒളിമ്പിക്സിന്റെ ഗ്ലാമറിന് മങ്ങലേല്‍ക്കുമെന്നുറപ്പാണ്.

സിക വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഫെബ്രുവരി ഒന്നിന് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. അമേരിക്കന്‍ ഭൂഖണ്ഡത്തിലെ 33 രാജ്യങ്ങളില്‍ ഇതുവരെയായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ബ്രസീലില്‍ മാത്രം 4000ത്തോളം കുട്ടികള്‍ രോഗബാധയെ തുടര്‍ന്ന് കുഞ്ഞുതലകളുമായി പിറന്നിട്ടുണ്ട്. രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എല്‍സാല്‍വഡോറില്‍ 2018 വരെ പ്രസവം നീട്ടിവെക്കാന്‍ ദമ്പതിമാര്‍ക്കും നിര്‍ദേശമുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment