ബാര്‍ ഉടമകളുടെ മൊഴി ചോര്‍ത്തിയത് ഭരണകക്ഷിയിലെ പ്രമുഖനെന്ന് ക്രൈംബ്രാഞ്ച്

mdnതിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മുന്‍മന്ത്രി കെ.എം. മാണിക്കെതിരായ ബാറുടമകളുടെ മൊഴി ചോര്‍ത്തിയത് ഭരണകക്ഷിയിലെ പ്രമുഖനാണെന്ന് ക്രൈംബ്രാഞ്ച്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായത്തോടെ വിവരങ്ങള്‍ ചോര്‍ത്തിയതും മാധ്യമങ്ങള്‍ക്ക് നല്‍കിയതും ഇദ്ദേഹത്തിന്റെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കാണ്.

മാണിക്കെതിരെ വിജിലന്‍സ് സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റ് ഒന്ന് അന്വേഷണം ആരംഭിച്ച ഘട്ടത്തിലാണ് മൊഴി ചോര്‍ത്തല്‍ തുടങ്ങിയത്. ഓരോ ദിവസവും വിജിലന്‍സില്‍ ഹാജരായ ബാറുടമകളുടെ മൊഴിയും മറ്റ് വിശദാംശങ്ങളും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗ ഉന്നതന്‍ ശേഖരിക്കുന്നുണ്ടായിരുന്നു. ഒൗദ്യോഗിക നടപടിക്രമങ്ങളുടെ ഭാഗമായാണ് ഇത് ചെയ്തത്. എന്നാല്‍, ഭരണകക്ഷിയിലെ മറ്റൊരു ഉന്നതന്‍ വിവരങ്ങള്‍ യഥാസമയം ഇന്റലിജന്‍സില്‍നിന്ന് ശേഖരിച്ച് തല്‍പരകക്ഷിയെ ധരിപ്പിച്ചു.

ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശും ഡ്രൈവര്‍ അമ്പിളിയും മാത്രമാണ് മാണിക്കെതിരായി മൊഴി നല്‍കിയത്. മറ്റുള്ളവരുടെ മൊഴി മാണിക്കനുകൂലമാണെന്നിരിക്കെ, അതിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവരേണ്ടത് ഭരണമുന്നണിയിലെ ചിലരുടെ ആവശ്യമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൊഴികള്‍ പുറത്തുവിടാന്‍ തീരുമാനിച്ചത്. അതേസമയം, അന്വേഷണസംഘത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനും തീരുമാനിച്ചു. ഇതിന്റെ ഭാഗമായാണ് വിജിലന്‍സില്‍നിന്ന് മൊഴി ചോരുന്നെന്ന ആക്ഷേപം ഉന്നയിക്കപ്പെട്ടത്. ഏതായാലും മുന്നണിയിലെ നേതാക്കള്‍ തമ്മില്‍ അവിശ്വാസത്തിന് ഇടം നല്‍കുന്ന വിവരങ്ങളാണ് ക്രൈംബ്രാഞ്ചിന്റെ കൈവശമുള്ളത്.

Print Friendly, PDF & Email

Leave a Comment