Flash News

കുഞ്ഞാലിക്കുട്ടിയുടെ കേരള യാത്ര സമാപിച്ചു

February 12, 2016 , സ്വന്തം ലേഖകന്‍

Musilm league yathra samapanam

തിരുവനന്തപുരം: മുസ്ലിംലീഗിന്റെ കേരളയാത്ര തിരുവനന്തപുരത്ത് സമാപിച്ചു. മതേതരത്വത്തിനും പിന്നാക്കവിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കുംവേണ്ടി ശബ്ദിച്ച് മുസ്ലീം ലീഗ് കേരളത്തിന്റെ അതിര്‍ത്തിക്കപ്പുറത്തേക്ക് വളരാന്‍ തുടങ്ങിയെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തില്‍ മതേതരത്വത്തിന്റെ വേരറ്റുപോകാന്‍ ലീഗ് സമ്മതിക്കില്ല. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.പി.എ സര്‍ക്കാറിനെ അധികാരത്തിലത്തെിച്ച് വര്‍ഗീയ ഫാഷിസ്റ്റ് ശക്തികളുടെ വേരറുക്കാനുള്ള എല്ലാ തരം പ്രവര്‍ത്തനങ്ങള്‍ക്കും ഐക്യ മുന്നണിക്കൊപ്പം ലീഗ് ഉണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളയാത്ര ജനാധിപത്യചേരിക്ക് കൂടുതല്‍ ആവേശമായതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. വിലക്കയറ്റത്തിന്റെ പേരില്‍ യു.പി.എ സര്‍ക്കാറിനെ താഴെയിറക്കി അധികാരത്തിലത്തെിയ മോദി സര്‍ക്കാര്‍ ഇപ്പോള്‍ ജനങ്ങളെ വെള്ളംകുടിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അക്രമരാഷ്ട്രീയത്തിനും ഫാഷിസ്റ്റ് ചിന്തകള്‍ക്കുമെതിരായ ശക്തമായ മറുപടിയാണ് ജനരക്ഷായാത്രയും കേരളയാത്രയുമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു. സി.പി.എം നേതാക്കളുടെ കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ള കോടതി പരാമര്‍ശങ്ങള്‍ കണ്ണുതുറക്കാന്‍ സഹായകമാകട്ടേ എന്ന പ്രാര്‍ഥനയാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. എതിരാളികളെ വെട്ടിവീഴ്ത്താന്‍ സി.പി.എം നേതാക്കള്‍ എടുത്ത വാള്‍ തിരികെ ഉറയിലേക്ക് തന്നെ ഇടണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മതന്യൂനപക്ഷങ്ങളുമായി സഹകരിക്കുന്നതും അവര്‍ക്കുവേണ്ടി വാദിക്കുന്നതും ഒരിക്കലും വര്‍ഗീയ പ്രീണനമല്ല. മറിച്ച്, ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങളിലൊന്നാണതെന്നും അദ്ദേഹം പറഞ്ഞു. രോഹിത് വെമുലയുടെ മരണത്തില്‍ അനാഥമായ കുടുംബത്തോടൊപ്പം മുസ്ലിം ലീഗുണ്ടാകുമെന്ന് മന്ത്രി എം.കെ. മുനീര്‍ പറഞ്ഞു.

സമാപന സമ്മേളനം പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഖാദര്‍ മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. മതേതരത്വം, ജനാധിപത്യം, സാമൂഹികനീതി എന്നിങ്ങനെ രാജ്യത്തിന് നഷ്ടമാകുന്ന മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ കേരളത്തില്‍ മാത്രമല്ല രാജ്യതലസ്ഥാനത്തും പ്രതിരോധങ്ങള്‍ വളര്‍ന്നുവരണമെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് നടത്തിയ കേരള യാത്രയുടെ സന്ദേശം കേരളത്തില്‍ മാത്രം ഒതുക്കി നിര്‍ത്താതെ രാജ്യതലസ്ഥാനത്തേക്കും വ്യാപിപ്പിക്കണം. ന്യൂനപക്ഷ സമുദായങ്ങളുടെ വളര്‍ച്ചക്കും പുരോഗതിക്കും പ്രവര്‍ത്തിക്കുമ്പോള്‍തന്നെ മുസ്ലിം ലീഗിന് മറ്റ് പ്രസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്ത രാഷ്ട്രീയ അസ്തിത്വമുണ്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങളെ ശക്തമായി എതിര്‍ക്കുന്ന പാരമ്പര്യമാണത്. ദേശീയതക്ക് പ്രാധാന്യം നല്‍കിയും മതേതര ഐക്യം ഊട്ടിയുറപ്പിച്ചും സാംസ്കാരിക അസ്തിത്വം നിലനിര്‍ത്തേണ്ടതിന്‍െറ ആവശ്യകതയാണ് മുസ്ലിം ലീഗ് പൊതുസമൂഹത്തോട് വിളിച്ചുപറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. വിഭാഗീയതയും വര്‍ഗീയതയും രാഷ്ട്രീയ പിടിവള്ളിയാക്കിയവരുടെ എതിര്‍ചേരിയിലാണ് ലീഗ് എന്നും നിലകൊണ്ടിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ലീഗ് ചത്തകുതിരയാണെന്ന സങ്കല്‍പം കേരള യാത്രയോടെ തിരുത്തിക്കുറിച്ചു. രാജ്യത്തിന്റെ ഐക്യവും സമാധാനവും തകര്‍ക്കാന്‍ ശ്രമിച്ചാല്‍ അത് നോക്കിയിരിക്കാന്‍ ലീഗിനാവില്ല. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി അന്തസ്സോടെ പൊരുതുന്ന പാര്‍ട്ടിയാണ്. നാടിന്റെ ഐക്യത്തിന് ഉറച്ച നിലപാട് എടുത്ത പാര്‍ട്ടിയാണ് ലീഗ്. വിപ്ലവവും സംഘട്ടനങ്ങളും സൃഷ്ടിച്ച് രാജ്യത്തെ സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ നോക്കി നില്‍ക്കാനാവില്ല. പൗരാവകാശം എന്തുവില നല്‍കിയും കാത്തുസൂക്ഷിക്കും. സംഘ്പരിവാറിന്റെ അസഹിഷ്ണുത മതന്യൂനപക്ഷങ്ങള്‍ക്കുനേരെ മാത്രമല്ല, ദലിത് പിന്നാക്ക വിഭാഗങ്ങള്‍ക്കുനേരെയും ഉണ്ടായിക്കൊണ്ടിരിക്കുന്നു. സംസ്ഥാന സര്‍ക്കാറിന്റെ വികസനങ്ങളെ നിയമസഭയില്‍ ഗവര്‍ണര്‍ നയപ്രസംഗത്തില്‍ പ്രശംസിച്ചത് വലിയ അംഗീകാരമാണ്. അത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണി മുഖ്യപ്രഭാഷണം നടത്തി. ബഹുസ്വരതയാണ് രാജ്യത്തിന്റെ സമ്പത്ത്. അതിനെതിരെ പ്രവര്‍ത്തിക്കുന്നവരെ ശക്തമായി നേരിടാന്‍ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. എന്ത് ഭക്ഷിക്കണം, ഏത് വസ്ത്രം ധരിക്കണം എന്നൊക്കെ കല്‍പിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. വര്‍ഗീയ ഫാഷിസ്റ്റ് ശക്തികളുടെ ഈ മുന്നേറ്റം ചെറുക്കാന്‍ കഴിയണം. ബി.ജെ.പിയെ സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയപ്രവര്‍ത്തനം ഭരണം കൈയാളാനോ പ്രതിപക്ഷത്തിരിക്കാനോ വേണ്ടി മാത്രമാകരുത്. ജനസേവനംകൂടി അതിലുണ്ടെങ്കിലേ പൊതുസമൂഹത്തിന്റെ അംഗീകാരം ലഭിക്കൂ. മുസ്ലിം ലീഗിന്റെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. കുഞ്ഞാലിക്കുട്ടിയുടെ കേരള യാത്രയിലൂടെ ലീഗിന് പൊതുസമൂഹത്തില്‍ കൂടുതല്‍ മതിപ്പ് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top