ഓഹരി വിപണികളില്‍ ഇടിവ്; സെന്‍സെക്സിന് 807.07 പോയന്റ് നഷ്ടം

stock market fallമുംബൈ: ഓഹരി വിപണികളില്‍ കനത്ത ഇടിവ്. ബി.എസ്.ഇ സെന്‍സെക്സ് 807.07 പോയന്റ് നഷ്ടത്തില്‍ 22951.83ലും എന്‍.എസ്.ഇ നിഫ്റ്റി 239.35 പോയന്റ് നഷ്ടത്തില്‍ 6976ലുമാണ് വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്സിന്റെ ചരിത്രത്തില്‍ എട്ടാമത്തെ വലിയ ഇടിവാണിത്. ഇതോടെ സെന്‍സെക്സ് 21 മാസത്തെ താഴ്ന്ന നിലയിലത്തെി. ആഗോള സാമ്പത്തിക സ്ഥിതി സൃഷ്ടിച്ച ആശങ്കയില്‍ ആഗോള ഓഹരി വിപണികള്‍ ഇടിഞ്ഞതും ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി വര്‍ധിച്ചതും കമ്പനികളുടെ പാദഫലങ്ങള്‍ മോശമായതുമാണ് വിപണിയില്‍ പരിഭ്രാന്തി സൃഷ്ടിച്ചത്.

ആഗോള സ്ഥിതി വിശേഷങ്ങളാണ് ഇടിവിനിടയാക്കുന്നതെന്നും വിദേശ വിപണികളെ അപേക്ഷിച്ച് ഇന്ത്യയില്‍ ഇടിവു കുറവാണെന്നുമാണ് സര്‍ക്കാറിന്റെ അവകാശവാദം. ഇടിവു തടയാനായി രാജ്യത്തിന്റെ സാമ്പത്തിക നില സുസ്ഥിരമാണെന്ന് ധനമന്ത്രാലയവും വ്യക്തമാക്കി. 2015 മാര്‍ച്ച് നാലിന് എക്കാലത്തെയും ഉയര്‍ന്ന നിലയായ 30,000ല്‍ എത്തിയ സെന്‍സെക്സ് അതിനുശേഷം 23 ശതമാനമാണ് ഇടിഞ്ഞത്. എക്കാലത്തെയും ഉയര്‍ന്ന നിലയില്‍നിന്ന് 20 ശതമാനം ഇടിഞ്ഞാല്‍ വിപണി ‘ബിയര്‍ വിപണി’ (തുടര്‍ച്ചയായ നഷ്ടം) ആയാണ് കണക്കാക്കുന്നത്.

ഓഹരികളുടെ മൊത്തം മൂല്യമെടുത്താല്‍, വ്യാഴാഴ്ച മാത്രം മൂന്നു ലക്ഷം കോടിയോളം രൂപയാണ് നിക്ഷേപകര്‍ക്ക് നഷ്ടമായത്. ഈ ആഴ്ച മൊത്തത്തില്‍ ഏഴുലക്ഷം കോടിയാണ് വിപണിയില്‍ നഷ്ടം. സെന്‍സെക്സിലെ 30ല്‍ 28 ഓഹരികളും നഷ്ടത്തിലാണ് അവസാനിച്ചത്. അദാനി പോര്‍ട്സ്, ഭെല്‍, ടാറ്റ മോട്ടോഴ്സ്, ഒ.എന്‍.ജി.സി, എം ആന്‍ഡ് എം തുടങ്ങിയവയായിരുന്നു നഷ്ടത്തില്‍ മുന്നില്‍. ഓഹരി വിപണി ഇടിഞ്ഞു തുടങ്ങിയതോടെ സ്വര്‍ണവില വീണ്ടും ഉയര്‍ന്ന് 18 മാസത്തെ ഉയര്‍ന്ന നിലയിലത്തെി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment